മുംബൈയെ പിടിച്ചുകെട്ടി കൊൽക്കത്ത; 24 റൺസ് ജയം; സ്റ്റാർക്കിന് നാലു വിക്കറ്റ്
text_fieldsമുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 24 റൺസ് ജയം. കൊൽക്കത്ത മുന്നോട്ടുവെച്ച 170 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ, 18.5 ഓവറിൽ 145 റൺസിന് ഓൾ ഔട്ടായി.
സ്കോർ: കൊൽക്കത്ത -19.5 ഓവറിൽ 169ന് ഓൾ ഔട്ട്. മുംബൈ -18.5 ഓവറിൽ 145ന് ഓൾ ഔട്ട്. ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന്‍റെ തകർപ്പൻ ബൗളിങ്ങാണ് മുംബൈയെ പിടിച്ചുകെട്ടിയത്. താരം 3.5 ഓവറിൽ 33 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രേ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 2012നുശേഷം ആദ്യമായാണ് വാംഖഡെയിൽ കൊൽക്കത്ത മുംബൈയെ പരാജയപ്പെടുത്തുന്നത്.
അർധ സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. 35 പന്തിൽ 56 റൺസെടുത്താണ് താരം പുറത്തായത്. ടിം ഡേവിഡ് 20 പന്തിൽ 24 റൺസെടുത്തു. കൃത്യമായ ഇടവേളകളിൽ ടീമിന് വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. സീസണിൽ മുംബൈയുടെ എട്ടാം തോൽവിയാണിത്. ടീമിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിച്ചു. മൂന്നു ജയവുമായി ആറു പോയന്‍റുള്ള ടീം ഒമ്പതാം സ്ഥാനത്താണ്. ഇഷാൻ കിഷൻ (ഏഴു പന്തിൽ 13), രോഹിത് ശർമ (12 പന്തിൽ 11), നമൻ ധിർ (11 പന്തിൽ 11), തിലക് വർമ (ആറു പന്തിൽ നാല്), നെഹാൽ വധേര (11 പന്തിൽ ആറ്), ഹാർദിക് പാണ്ഡ്യ (മൂന്നു പന്തിൽ ഒന്ന്), ജെറാൾഡ് കോട്സി (ഏഴു പന്തിൽ എട്ട്), പിയൂഷ് ചൗള (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. ഒരു റണ്ണുമായി ജസ്പ്രീത് ബുംറ പുറത്താകാതെ നിന്നു.
കൂട്ടത്തകർച്ച മുന്നിൽകണ്ട കൊൽക്കത്തയെ വെങ്കിടേഷ് അയ്യരുടെ അർധ സെഞ്ച്വറി പ്രകടനമാണ് പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 52 പന്തിൽ 70 റൺസെടുത്താണ് വെങ്കിടേഷ് പുറത്തായത്. മൂന്നു സിക്സും ആറു ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്. മനീഷ് പാണ്ഡെ 31 പന്തിൽ 42 റൺസെടുത്തു. മുംബൈക്കുവേണ്ടി നുവാൻ തുഷാരയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതം നേടി. ഒരുഘട്ടത്തിൽ 6.1 ഓവറിൽ അഞ്ചു വിക്കറ്റിന് 57 റൺസെന്ന നിലയിലായിരുന്നു കൊൽക്കത്ത. ഫിൽ സാൾട്ട് (മൂന്നു പന്തിൽ അഞ്ച്), സുനിൽ നരെയ്ൻ (എട്ടു പന്തിൽ എട്ട്), അംഗ്ക്രിഷ് രഘുവൻഷി (ആറു പന്തിൽ 13), നായകൻ ശ്രേയസ് അയ്യർ (നാലു പന്തിൽ ആറ്), റിങ്കു സിങ് (എട്ടു പന്തിൽ ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ആറാം വിക്കറ്റിൽ വെങ്കടേഷും മനീഷും ചേർന്ന് നേടിയ 83 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ഇരുവരെയും കൂടാതെ രഘുവൻഷി മാത്രമാണ് ടീമിൽ രണ്ടക്കം കടന്നത്. ആന്ദ്രെ റസ്സൽ (രണ്ടു പന്തിൽ ഏഴ്), രമൺദീപ് സിങ് (നാലു പന്തിൽ രണ്ട്), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. വൈഭവ് അറോറ പുറത്താകാതെ നിന്നു.
ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. പ്ലെയിങ് ഇലവനിൽ സൂപ്പർതാരം രോഹിത് ഷർമ ഇടംനേടിയില്ല. ഇംപാക്ട് പ്ലെയറായാണ് താരം ബാറ്റിങ്ങിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.