ജയിച്ച് സൂപ്പർ ജയന്റ്സ്; ആർ.സി.ബിക്ക് വീണ്ടും തോൽവി
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് ലഖ്നോ സൂപ്പർ ജയന്റ്സിനോട് 28 റൺസിന്റെ തോൽവി. അർധസെഞ്ച്വറിയുമായി ഓപണർ ക്വിന്റൺ ഡികോക്കും അവസാന ഓവറുകളിൽ വെടിക്കെട്ട് വീരൻ നിക്കോളാസ് പുരാനും കത്തിക്കയറിയപ്പോൾ ലഖ്നോ 20 ഓവറിൽ അഞ്ചിന് 181 റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് 19.4 ഓവറിൽ 153 റൺെസടുക്കാനേ കഴിഞ്ഞുള്ളൂ. അതിവേഗ ബൗളർ മായങ്ക് യാദവ് മൂന്ന് വിക്കറ്റുകളുമായി ആതിഥേയരുടെ നട്ടെല്ലൊടിച്ചു. 33 റൺസെടുത്ത ഇംപാക്ട് പ്ലയർ മഹിപാൽ ലാംറോർ ആണ് ബംഗളുരുവിന്റെ ടോപ്സ്കോറർ. രജത് പാട്ടീദാർ29ഉം മുൻ നായകൻ വിരാട് കോഹ്ലി 22ഉം റൺസ് നേടി. മണിക്കൂറിൽ 156.7 കിലോമീറ്ററുമായി ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും യുവതാരം എറിഞ്ഞു.
ലഖ്നോയുടെ ഡികോക്ക് 56 പന്തിൽ എട്ടു ഫോറും അഞ്ചു സിക്സുമടക്കം 81 റണ്ണെടുത്തപ്പോൾ പൂരാൻ 21 പന്തിൽ ഒരു ഫോറും അഞ്ചു സിക്സുമടക്കം 40 റൺ അടിച്ചു. ഗ്ലെൻ മാക്സ്വെൽ 23 റൺ വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്കായി ക്യാപ്റ്റൻ കെ.എൽ. രാഹുലും ഡീകോക്കും ചേർന്ന് നല്ല തുടക്കമാണ് നൽകിയത്. അഞ്ചോവർ പിന്നിടുമ്പോഴേക്കും ഓപണർമാർ ടീം സ്കോർ 50 കടത്തി. ഗ്ലെൻ മാക്സ്വെൽ എറിഞ്ഞ ആറാം ഓവറിൽ കൂട്ടുകെട്ട് പിരിഞ്ഞു. 14 പന്തിൽ രണ്ട് സിക്സറടക്കം 20 റൺസെടുത്ത കെ.എൽ. രാഹുലിന്റെ റൺശ്രമം മായങ്ക് ദഗാറിന്റെ കൈയിൽ അവസാനിച്ചു.
മൂന്നാമനായെത്തിയത് മലയാളി താരം ദേവദത്ത് പടിക്കൽ. നിലയുറപ്പിക്കും മുമ്പെ ദേവ്ദത്തും വീണു. ഒമ്പതാം ഓവറിൽ ഡികോക്കിന്റെ സിക്സർ പ്രഹരമേറ്റുവാങ്ങിയതിനുശേഷം മൂന്ന് വൈഡ് തുടർച്ചയായെറിഞ്ഞ് അമ്പരപ്പിച്ച സിറാജ് പക്ഷേ, അഞ്ചാം പന്തിൽ ദേവദത്തിനെ പുറത്താക്കി. കുത്തിയുയർന്ന പന്തിൽ പുൾ ഷോട്ടിനുള്ള ദേവ്ദത്തിന്റെ ശ്രമം വിക്കറ്റ് കീപ്പർ അനൂജ് റാവത്തിന്റെ കൈയിലൊതുങ്ങി. പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയ്നിസുമൊത്ത് ഡികോക്ക് സ്കോർ ചലിപ്പിച്ചു.
രണ്ട് മത്സരങ്ങളുടെ തീയതിയിൽ മാറ്റം
ന്യൂഡൽഹി: ഐ.പി.എല്ലിൽ ഏപ്രിൽ മൂന്നാം വാരം നടക്കുന്ന രണ്ട് മത്സരങ്ങളുടെ തീയതികൾ പുനഃക്രമീകരിച്ചു. കൊൽക്കത്ത ഈഡൻ ഗാർഡൻ വേദിയാവുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-രാജസ്ഥാൻ റോയൽസ് കളി ഏപ്രിൽ 17ൽനിന്ന് 16ലേക്ക് മാറ്റി. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 16ന് നടക്കേണ്ട ഗുജറാത്ത് ടൈറ്റൻസ്-ഡൽഹി കാപിറ്റൽസ് പോര് 17ലേക്കും മാറ്റിയിട്ടുണ്ട്. രാമനവമി പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് കൊൽക്കത്തയിലെ കളി ഒരുനാൾ നേരത്തേയാക്കിയത്. എന്നാൽ, അഹ്മദാബാദിലെ മത്സരം മാറ്റിയതിന് ബി.സി.സി.ഐ പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.