ഐ.പി.എൽ: സ്വന്തം തട്ടകത്തിൽ തോറ്റമ്പി ലഖ്നോ; കെ.കെ.ആറിന് 98 റൺസ് ജയം
text_fieldsലഖ്നോ: ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ അവരുടെ തട്ടകത്തിൽ 98 റൺസിന് തകർത്തുവിട്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 235 റൺസായിരുന്നു അടിച്ചത്. കൂറ്റനടികളുമായി 39 പന്തിൽ 81 റൺസെടുത്ത ഓപണർ സുനിൽ നരെയ്നായിരുന്നു കെ.കെ.ആറിന്റെ ടോപ് സ്കോറർ. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ലഖ്നോ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ലഖ്നോ ബാറ്റർമാരിൽ 21 പന്തുകളിൽ 36 റൺസ് നേടിയ മാർകസ് സ്റ്റോയിനിസ് ആയിരുന്നു ടോപ് സ്കോറർ. നായകനായ കെ.എൽ രാഹുൽ 21 പന്തുകളിൽ 25 റൺസ് നേടി. നികോളാസ് പൂരാൻ (10), ആയുഷ് ബധോനി (15), ആഷ്ടൺ ടേണർ (16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. കെ.കെ.ആറിന് വേണ്ടി വരുൺ ചക്രവർത്തിയും ഹർഷിദ് റാണയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ആന്ദ്രെ റസൽ രണ്ടോവറിൽ 17 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി.
ജയത്തോടെ പോയിന്റ് ടേബിളിൽ കെ.കെ.ആർ ഒന്നാം സ്ഥാനം കൈയ്യടക്കി. 11 കളികളിൽ എട്ട് ജയമുള്ള കെ.കെ.ആറിന്റെ നെറ്റ് റൺറേറ്റ് +1.453 ആണ്. 11 കളികളിൽ ആറ് ജയമുള്ള ലഖ്നോ നിലവിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം 10 കളികളിൽ എട്ട് ജയവുമായി രാജസ്ഥാനാണ് രണ്ടാമത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റേന്തിയ കെ.കെ.ആറിന് വേണ്ടി ഓപണർമാരായ ഫിൽ സാൾട്ടും നരെയ്നും ഗംഭീര തുടക്കമായിരുന്നു സമ്മാനിച്ചത്. 14 പന്തിൽ 32 റൺസടിച്ച സാൾട്ട് അഞ്ചാം ഓവറിൽ പുറത്താവുമ്പോൾ സ്കോർ 61. ആംഗ്രിഷ് രഘുവംശിക്കൊപ്പം ചേർന്ന് നരെയ്ൻ അടിതുടർന്നു. ആറ് ഫോറും ഏഴ് സിക്സുമടങ്ങിയ കരീബിയൻ താരത്തിന്റെ വെടിക്കെട്ടിന് 12ാം ഓവറിൽ രവി ബിഷ്ണോയി അന്ത്യമിട്ടു. സബ്സ്റ്റ്യൂട്ട് ഫീൽഡറായിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ക്യാച്ച് നൽകുകയായിരുന്നു നരെയ്ൻ. കൊൽക്കത്ത രണ്ടിന് 140.
എട്ട് പന്തിൽ 12 റൺസ് നേടി ആന്ദ്രെ റസ്സൽ മടങ്ങി. 26 പന്തിൽ 32 റൺസായിരുന്നു രഘുവംശിയുടെ സംഭാവന. 11 പന്തിൽ 16 റൺസ് ചേർത്ത് റിങ്കു സിങ് മടങ്ങുമ്പോൾ സ്കോർ 18 ഓവറിൽ അഞ്ച് വിക്കറ്റിന് 200. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും രമൺദീപ് സിങ്ങുമായിരുന്നു ക്രീസിൽ. 15 പന്തിൽ 23 റൺസെടുത്ത ശ്രേയസ് 20ാം ഓവറിൽ വീണു. ആഞ്ഞടിച്ച രമൺദീപ് ആറ് പന്തിൽ 25 റൺസുമായി പുറത്താവാതെ നിന്നു. ലഖ്നോക്കുവേണ്ടി നവീനുൽ ഹഖ് മൂന്നുവിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.