‘പന്തുകൊണ്ടും ബാറ്റ് കൊണ്ടും ജഡ്ഡു ഷോ’; പഞ്ചാബിനെതിരെ ചെന്നൈക്ക് 28 റൺസ് ജയം
text_fieldsധരംശാല: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ തോൽപിച്ച് ചെന്നൈ സൂപ്പർ കിങ്സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. 28 റൺസിനായിരുന്നു ജയം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 167 റൺസിലൊതുക്കിയെങ്കിലും പഞ്ചാബിന്റെ മറുപടി നിശ്ചിത ഓവറിൽ ഒമ്പതിന് 139ൽ അവസാനിച്ചു. 26 പന്തിൽ 43 റൺസ് നേടുകയും നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുക്കുകയും ചെയ്ത രവീന്ദ്ര ജദേജയാണ് കളിയിലെ താരം.
രണ്ടാം ഓവറിൽത്തന്നെ ചെന്നൈക്ക് ഓപണർ അജിൻക്യ രഹാനെയെ (9) നഷ്ടമായി. തുടർന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക് വാദിനൊപ്പം ഡാരിൽ മിച്ചൽ രക്ഷാപ്രവർത്തനം നടത്തി. 21 പന്തിൽ 32 റൺസ് നേടി ഋതുരാജും ഗോൾഡൻ ഡക്കായി ശിവം ദുബെയെ എട്ടാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ സ്പിന്നർ രാഹുൽ ചഹാറിന് വിക്കറ്റ് നൽകിയതോടെ ചെന്നൈ മൂന്നിന് 69ലേക്ക് പരുങ്ങി. 19 പന്തിൽ 30 റൺസെടുത്ത മിച്ചൽ ഒമ്പതാം ഓവറിൽ മടങ്ങി. 17 റൺസായിരുന്നു മുഈൻ അലിയുടെ സംഭാവന. മിച്ചൽ സാന്റനർ 11ഉം ഷാർദുൽ ഠാക്കൂർ 17ഉം റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ജദേജ നടത്തിയ പോരാട്ടമാണ് സ്കോർ 160 കടത്തിയത്. നേരിട്ട ആദ്യ പന്തിൽതന്നെ എം.എസ് ധോണിയെ (0) ഹർഷൽ പട്ടേൽ ബൗൾഡാക്കി. പഞ്ചാബിനായി ചാഹാറും ഹർഷലും മൂന്ന് വീതവും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റെടുത്തു.
മറുപടിയിൽ രണ്ട് ഓവർ പൂർത്തിയാകവേ പഞ്ചാബ് രണ്ട് വിക്കറ്റിന് ഒമ്പത് റൺസിലേക്ക് തകർന്നു. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ രണ്ടാം ഓവറിൽ ഓപണർ ജോണി ബെയർസ്റ്റോയും (7) റിലീ റോസൂവും (0) ബൗൾഡാവുകയായിരുന്നു. ഓപണർ പ്രഭ്സിമ്രാൻ സിങ്ങും (23 പന്തിൽ 30) ശശാങ്ക് സിങ്ങും (20 പന്തിൽ 27) ക്രീസിൽ ഒരുമിച്ചതോടെ കരകയറിത്തുടങ്ങിയ പഞ്ചാബിന് ഇരുവരുടെയും പുറത്താവൽ വീണ്ടും തിരിച്ചടി നൽകി. ക്യാപ്റ്റൻ സാം കറൻ ഏഴും അശുതോഷ് ശർമ മൂന്നും റൺസിന് വീണു. ജിതേഷ് ശർമക്ക് അക്കൗണ്ട് തുറക്കാനായില്ല. 13 പന്തിൽ 17 റൺസുമായി ഹർപ്രീത് ബ്രാറും 10 പന്തിൽ 11 റൺസുമായി കാഗിസോ റബാഡയും പുറത്താവാതെ നിന്നു. ഹർഷൽ പട്ടേൽ 12ഉം ചാഹാർ 16ഉം റൺസ് ചേർത്തു. ദേശ്പാണ്ഡെയും സിമർജീത് സിങ്ങും രണ്ട് വീതം വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.