ഡുപ്ലെസിസ് വെടിക്കെട്ട് (23 പന്തിൽ 64); ബംഗളൂരുവിന് നാലു വിക്കറ്റ് ജയം
text_fieldsബംഗളൂരു: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് നാലു വിക്കറ്റ് ജയം. ഗുജറാത്ത് കുറിച്ച 148 റൺസ് ചെറിയ വിജയലക്ഷ്യം ബംഗളൂരു ആറു വിക്കറ്റ് നഷ്ടത്തിൽ 38 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
നായകൻ ഫാഫ് ഡുപ്ലെസിസിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ബംഗളൂരുവിന്‍റെ ജയം അനായാസമാക്കിയത്. സ്കോർ: 19.3 ഓവറിൽ 147ന് ഓൾ ഔട്ട്. ബംഗളൂരു -13.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 152. 23 പന്തിൽ മൂന്നു സിക്സും 10 ഫോറുമടക്കം 64 റൺസെടുത്താണ് ഡുപ്ലെസിസ് പുറത്തായത്. 18 പന്തിലാണ് താരം അർധ സെഞ്ച്വറി കുറിച്ചത്. വിരാട് കോഹ്ലി 27 പന്തിൽ 42 റൺസെടുത്തു. നാലു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. കോഹ്ലി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മറു ഭാഗത്ത് തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമായത് ടീമിനെ പ്രതിരോധത്തിലാക്കി. 19 റൺസ് കൂടി കൂട്ടിചേർക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
വിൽ ജാക്സ് (മൂന്നു പന്തിൽ ഒന്ന്), രജത് പട്ടീദാർ (മൂന്നു പന്തിൽ രണ്ട്), ഗ്ലെൻ മാക്സ് വെൽ (മൂന്നു പന്തിൽ നാല്), കാമറൂൺ ഗ്രീൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് മടങ്ങിയത്. ദിനേഷ് കാർത്തിക് (12 പന്തിൽ 21), സ്വപ്നിൽ സിങ് (ഒമ്പത് പന്തിൽ 15) എന്നിവർ ചേർന്നാണ് ടീമിലെ ലക്ഷ്യത്തിലെത്തിച്ചത്. ഗുജറാത്തിനായി ജോഷ് ലിറ്റിൽ നാലും നൂർ അഹ്മദ് രണ്ടു വിക്കറ്റും വീഴ്ത്തി. ബംഗളൂരുവിനായി ഒന്നാം വിക്കറ്റിൽ കോഹ്ലിയും ഡുപ്ലെസിസും 5.5 ഓവറിൽ 92 റൺസാണ് അടിച്ചുകൂട്ടിയത്. 19 പന്തിലാണ് ടീം സ്കോർ അർധ സെഞ്ച്വറിയിലെത്തിയത്.
നേരത്തെ, ബംഗളൂരുവിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ഗുജറാത്ത് ബാറ്റർമാരെ പിടിച്ചുകെട്ടിയത്. ഷാറൂഖ് ഖാനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറർ. 24 പന്തിൽ 37 റൺസെടുത്താണ് താരം പുറത്തായത്. ബംഗളൂരുവിനായി സിറാജും യാഷ് ദയാലും വിജയ്കുമാർ വൈശാകും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഗുജറാത്തിന്‍റെ ബാറ്റിങ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപ്പണർമാരായ വൃദ്ധിമാൻ സാഹയെയും (ഏഴു പന്തിൽ ഒന്ന്) ശുഭ്മൻ ഗില്ലിനെയും (ഏഴു പന്തിൽ രണ്ട്) മുഹമ്മദ് സിറാജ് അടുത്തടുത്ത ഓവറുകളിൽ മടക്കി. 3.5 ഓവറിൽ 10 റൺസെടുക്കുന്നതിനിടെ വിലപ്പെട്ട രണ്ടു വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. തൊട്ടുപിന്നാലെ സായി സുദർശനും (14 പന്തിൽ ആറ്) മടങ്ങി.
കാമറൂൺ ഗ്രീനിന്‍റെ പന്തിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ടീം മൂന്നു വിക്കറ്റിന് 19 റൺസിലേക്ക് തകർന്നു. പവർ പ്ലേയിൽ മൂന്നു വിക്കറ്റിന് 24 റൺസാണ് ഗുജറാത്തിന് നേടാനായത്. തുടർന്ന് ഷാറൂഖ് ഖാനും ഡേവിഡ് മില്ലറും നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ബംഗളൂരു ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും നാലാം വിക്കറ്റിൽ 61 റൺസ് കൂട്ടിചേർത്താണ് പിരിഞ്ഞത്. 20 പന്തിൽ 30 റൺസെടുത്ത മില്ലർ കരൺ ശർമയുടെ പന്തിൽ ഗ്ലെൻ മാക്സ് വെല്ലിന് ക്യാച്ച് നൽലകി മടങ്ങി. അധികം വൈകാതെ ഷാറൂഖും പുറത്തായി.
കോഹ്ലിയുടെ കിടിലൻ ത്രോയിൽ താരം റണ്ണൗട്ടാകുകയായിരുന്നു. 21 പന്തിൽ 35 റൺസെടുത്ത രാഹുൽ തെവാത്തിയയെയും 14 പന്തിൽ 18 റൺസെടുത്ത റാഷിദ് ഖാനെയും 18ാം ഓവറിൽ മടക്കി യാഷ് ദയാൽ ഇരട്ടപ്രഹരമേൽപ്പിച്ചു. വിജയ് ശങ്കർ (ഏഴു പന്തിൽ 10), മാനവ് സുതാർ (രണ്ടു പന്തിൽ ഒന്ന്), മോഹിത് ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബംഗളൂരുവിനായി കാമറൂൺ ഗ്രീൻ, കാൺ ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.