നരെയ്ൻ - അയ്യർ വെടിക്കെട്ട്; ആർ.സി.ബിയെ അനായാസം തോൽപ്പിച്ച് കെ.കെ.ആർ
text_fieldsബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബംഗളൂരു ഉയർത്തിയ 183 റൺസെന്ന വിജയലക്ഷ്യം മൂന്നോവറും ഒരു പന്തും ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ശ്രേയസ് അയ്യരും സംഘവും മറികടന്നത്. ഓപണറായി എത്തി വെടിക്കെട്ട് ബാറ്റിങ് പുറത്തെറുത്ത സുനിൽ നരയ്നും മൂന്നാമനായി എത്തി അർധ സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യരുമാണ് കെ.കെ.ആറിന്റെ വിജയം എളുപ്പമാക്കിയത്.
നരെയ്ൻ 22 പന്തുകളിൽ അഞ്ച് കൂറ്റൻ സിക്സറുകളും രണ്ട് ഫോറുകളുമടക്കം 47 റൺസെടുത്തു. അയ്യർ നാല് സിക്സും മൂന്ന് ബൗണ്ടറികളുമടക്കം 30 പന്തുകളിലാണ് 50 റൺസെടുത്തത്. ഫിലിപ് സാൾട്ട് (20 പന്തുകളിൽ 30), ശ്രേയസ് അയ്യർ (24 പന്തുകളിൽ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് കളികളിൽ രണ്ട് ജയവുമായി കൊൽക്കത്ത പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. മൂന്ന് കളികളിൽ ഒരു ജയം മാത്രമുള്ള ആർ.സി.ബി നിലവിൽ ആറാമതാണ്.
ടോസ് നഷ്ടമായി ബാറ്റേന്തിയ ബംഗളൂരു നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടിയത്. വിരാട് കോഹ്‍ലിയുടെ അർധ സെഞ്ച്വറിയാണ് ആർ.സി.ബിക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 59 പന്തുകളിൽ 83 റൺസെടുത്ത താരം നാല് വീതം ഫോറും സിക്സുമടിച്ചു. രണ്ടാമത്തെ ഓവറിൽ നായകൻ ഫാഫു ഡു പ്ലെസിയെ (8) നഷ്ടമായെങ്കിലും തുടർന്ന് ഒത്തുചേർന്ന കോഹ്‍ലിയും കാമറൂൺ ഗ്രീനുമായിരുന്നു (21 പന്തുകളിൽ 33) സ്കോർ ചലിപ്പിച്ചത്. ഗ്രീൻ പുറത്തുപോകുമ്പോൾ ഒമ്പതാമത്തെ ഓവറിൽ ആർ.സി.ബിയുടെ സ്കോർ ബോർഡിൽ 82 റൺസുണ്ടായിരുന്നു.
തുടർന്നെത്തിയ ഗ്ലെൻ മാക്സ്വെല്ലും കോഹ്ലിക്കൊപ്പം ചേർന്ന് ആഞ്ഞടിച്ചെങ്കിലും സുനിൽ നരയ്ന്റെ പന്തിൽ 28 റൺസിൽ നിൽക്കെ പുറത്താവുകയായിരുന്നു. പിന്നാലെയെത്തിയ രജത് പാട്ടീദാറിനും അനുജ് റാവത്തിനും മൂന്ന് റൺസ് വീതം മാത്രമായിരുന്നു സംഭാവന നൽകാൻ കഴിഞ്ഞത്. കോഹ്‍ലിയും ഏഴാമനായി എത്തിയ ദിനേഷ് കാർത്തിക്കും ചേർന്നാണ് സ്കോർ 180 കടത്തിയത്.
കെ.കെ.ആറിന് വേണ്ടി ആന്ദ്രെ റസലും ഹർഷിത് റാണയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. സുനിൽ നരയ്ൻ നാലോവറിൽ 40 റൺസ് വഴങ്ങി ഒരു വിക്കറ്റും പിഴുതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.