പഞ്ചാബിനെ വരിഞ്ഞുമുറുക്കി രാജസ്ഥാൻ ബൗളർമാർ; 148 റൺസ് വിജയലക്ഷ്യം
text_fieldsമുള്ളൻപൂര്‍: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 148 റൺസ് വിജയലക്ഷ്യം. രാജസ്ഥാന്‍റെ കണിശമായ ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുക്കാനെ സാധിച്ചുള്ളു. ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാസ ഓവറുകളിൽ വമ്പനടികളുമായി കളംനിറഞ്ഞ അഷുതോഷ് ശർമയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. 16 പന്തിൽ മൂന്നു സിക്സും ഒരു ഫോറുമടക്കം 31 റൺസെടുത്താണ് താരം പുറത്തായത്. ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ കേശവ് മഹാരാജിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ എന്നിവരുടെ ബൗളിങ്ങാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ 24 പന്തിൽ 29 റൺസെടുത്തു. അഥർവ ടൈഡെ (12 പന്തിൽ 15), ജോണി ബെയർസ്റ്റോ (19 പന്തിൽ 15), പ്രഭ്സിംറാൻ സിങ് (14 പന്തിൽ 10), നായകൻ സാം കറൻ (10 പന്തിൽ ആറ്), ശശാങ്ക് സിങ് (ഒമ്പത് പന്തിൽ ഒമ്പത്), ലിയാം ലിവിങ്സ്റ്റോൺ (14 പന്തിൽ 21) എന്നിവരാണ് പുറത്തായ താരങ്ങൾ.
ഹർപ്രീത് ബ്രാർ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. ട്രെന്‍റ് ബോൾട്ട്, കുൽദീപ് സെൻ, യുസ് വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കുമൂലം ശിഖര്‍ ധവാനില്ലാതെയാണ് പഞ്ചാബ് കളിക്കാനിറങ്ങിയത്. സാം കറനാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ ടീമില്‍ ഓപ്പണര്‍ ജോസ് ബട്ലറും ആര്‍. അശ്വിനും കളിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.