സ്പിന്നർമാരെ ഇറക്കി രാജസ്ഥാനെ പൂട്ടി, മുട്ടിടിച്ച് സഞ്ജുവും കൂട്ടരും; കമ്മിൻസിന്‍റെ ക്യാപ്റ്റൻസിക്ക് നൂറിൽ നൂറ്
text_fieldsചെന്നൈ: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസ് തോറ്റ് മടങ്ങിയപ്പോൾ വിജയിച്ചത് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ തന്ത്രങ്ങൾ. നേരിയ സാധ്യതകൾ പോലും ഫലപ്രദമായി ഉപയോഗിച്ച് വിജയസാധ്യത കണ്ടെത്തുന്നതിൽ കമ്മിൻസിനുള്ള കഴിവ് ഇന്നലെ ഒന്നുകൂടി തെളിയിക്കപ്പെട്ടു. രാജസ്ഥാനെ സ്പിൻ കുഴിയിൽ വീഴ്ത്തിയ ഇന്നലത്തെ ക്യാപ്റ്റൻസി മികവ് സൺറൈസേഴ്സിനെ ഐ.പി.എൽ ഫൈനലിലേക്കാണ് നയിച്ചത്.
രാജസ്ഥാൻ ബാറ്റിങ്ങിനിറങ്ങിയതോടെ പിച്ച് സ്ലോ ആയത് തിരിച്ചറിഞ്ഞ കമ്മിൻസ് തുടർച്ചയായി സ്പിന്നർമാരെ കൊണ്ട് പന്തെറിയിക്കുകയായിരുന്നു. 176 എന്ന വിജയലക്ഷ്യം പിന്നിടുമ്പോൾ പേസർമാർ എറിഞ്ഞ പവർപ്ലേയിലെ ആറ് ഓവറിൽ രാജസ്ഥാൻ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തിൽ 51 റൺസാണ്. ക്രീസിലുള്ളത് സഞ്ജുവും ജയ്സ്വാളും. കളി രാജസ്ഥാന്‍റെ വരുതിയിൽ നിൽക്കുന്ന സമയം. എന്നാൽ, എട്ടാം ഓവറിൽ സ്പിന്നർ ഷഹ്ബാസ് അഹമ്മദിനെ പന്തെറിയാൻ ഏൽപ്പിച്ചതോടെ കളി മാറി. മികച്ച ഫോമിൽ കളിക്കുകയായിരുന്ന ജയ്‍സ്വാളിനെ പുറത്താക്കി ഷഹബാസാണ് ഹൈദരാബാദുകാർക്ക് ബ്രേക്ക് ത്രൂ തൽകിയത്.
അടുത്ത ഓവർ എറിയാനെത്തിയത് പാർട് ടൈം സ്പിന്നർ അഭിഷേക് ശർമ. മൂന്നാമത്തെ പന്തിൽ സഞ്ജു സാംസണെ എയ്ഡൻ മർക്രമിന്‍റെ കൈകളിലെത്തിച്ച് രാജസ്ഥാന് അടുത്ത അടി നൽകി. സ്പിന്നർമാർ കളംവാണതോടെ റണ്ണൊഴുക്കും നിലച്ചു. മിന്നുന്ന ഫോമിലുള്ള പരാഗിനോ ജുറെലിനോ സ്പിന്നർമാരെ എങ്ങനെ നേരിടുമെന്ന് പിടിയുണ്ടായില്ല. ഷഹബാസ് തന്‍റെ അടുത്ത ഓവറിൽ പരാഗിനെ മടക്കിയയച്ചു. ഇതോടെ രാജസ്ഥാൻ തോൽവി മണത്തു. രണ്ട് പന്തുകൾക്ക് പിന്നാലെ അശ്വിനെയും ഷഹബാസ് പുറത്താക്കി.
ഇംപാക്ട് പ്ലയറായി ഇറങ്ങിയ കൂറ്റനടിക്കാരൻ ഷിമ്രോൺ ഹെറ്റ്മയർ സ്പിന്നിനെ നേരിടാൻ നന്നായി വിയർത്തു. 14ാം ഓറിൽ അഭിഷേക് ശർമ ഹെറ്റ്മയറിന്‍റെ കുറ്റി തെറിപ്പിച്ചു. ഷഹബാസ് അഹമ്മദ് നാലോവറിൽ 23 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിഷേക് ശർമ നാലോവറിൽ 24 റൺസ് നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇരുവരുടെയും പ്രകടനം മത്സരം സൺറൈസേഴ്സിന് അനുകൂലമാക്കി. ഇന്നലത്തെ മത്സരത്തിനു മുമ്പ് 15 കളികളിലായി ആകെ മൂന്ന് ഓവറുകൾ മാത്രമാണ് അഭിഷേക് ശർമ എറിഞ്ഞിരുന്നത്. ഇന്നലെ ആദ്യമായാണ് ഒരു കളിയിൽ നാലോവർ പൂർത്തിയാക്കുന്നത്.
രാജസ്ഥാനെ 36 റൺസിന് പരാജയപ്പെടുത്തിയാണ് ഹൈദരാബാദ് ഫൈനലിൽ കടന്നത്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 35 പന്തിൽ 56* റൺസെടുത്ത ധ്രുവ് ജുറേലും 21 പന്തിൽ 42 റൺസെടുത്ത യശസ്വി ജയ്സ്വാളും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. നേരത്തെ, 34 പന്തിൽ നാല് സിക്സറുകൾ ഉൾപ്പെടെ 50 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 15 പന്തിൽ രണ്ടു സിക്സും അഞ്ചുഫോറും ഉൾപ്പെടെ 37 റൺസെടുത്ത രാഹുൽ ത്രിപതിയുമാണ് ഹൈദരാബാദിനെ തരക്കേടില്ലാത്ത സ്കോറിലെത്തിച്ചത്. ട്രെൻറ് ബോൾട്ടും ആവേശ് ഖാനും മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഞായറാഴ്ച ചെന്നൈയിൽ നടക്കുന്ന ഫൈനലിൽ ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.