ഡി.കെയുടെ വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ഹൈദരാബാദിന് 25 റൺസ് ജയം
text_fieldsബംഗളൂരു: ഹൈദരാബാദ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗളൂരു ഗംഭീരമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും 25 റൺസകലെ വീണു. 287 റൺസിന് മറുപടിയായി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുക്കാനെ ബംഗളൂരുവിന് കഴിഞ്ഞുള്ളൂ. 35 പന്തിൽ നിന്ന് 83 റൺസെടുത്ത് അവസാനം വരെ പൊരുതിയ ദിനേശ് കാർത്തികിന്റെ ഇന്നിങ്സാണ് തോൽവിയുടെ ഭാരം കുറച്ചത്.
28 പന്തിൽ 62 റൺസെടുത്ത ഫാഫ് ഡുപ്ലിസിസും 42 റൺസെടുത്ത വിരാട് കോഹ്ലിയും നൽകിയ ഗംഭീര തുടക്കം മധ്യനിരയിൽ കാർത്തിക് ഒഴിച്ച് മറ്റാർക്കും മുതലെടുക്കാനാവാത്തതാണ് വിനയായത്. എഴ് റൺസെടുത്ത് വിൽ ജാക്സും ഒൻപത് റൺസെടുത്ത് രജത് പട്ടിദാറും റൺസൊന്നും എടുക്കാതെ സൗരവ് ചഹാനും പുറത്തായി. നായകൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഐ.പി.എൽ ചരിത്രത്തിലെ റെക്കോഡ് സ്കോറാണ് ഹൈദരാബാദ് ബംഗളൂരുവിന് മുന്നിൽ വെച്ചത്. അതിവേഗ സെഞ്ച്വറിയുമായി ട്രാവിസ് ഹെഡിന്റെയും അർധ സെഞ്ച്വറി നേടിയ ഹെൻറിച്ച് ക്ലാസന്റെയും ബലത്തിലാണ് ഹൈദരാബാദ് 287 റൺസെടുത്തത്. 41 പന്തിൽ എട്ടു സിക്സും ഒൻപത് ഫോറുമുൾപ്പെടെ 102 റൺസെടുത്ത ഓപണർ ട്രാവിസ് ഹെഡ് 39 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്. ഐ.പി.എൽ ചരിത്രത്തിലെ തന്നെ വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് ഹെഡിന്റെത്.
ടോസ് നേടി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കാനുള്ള ആർ.സി.ബി തീരുമാനം പാളിയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഓപണർമാർ നടത്തിയത്. 20 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് ബംഗളൂരു ബൗളർമാരെ തല്ലിതകർക്കുകയായിരുന്നു.
22 പന്തിൽ 34 റൺസെടുത്ത് അഭിഷേക് ശർമ പുറത്താകുമ്പോൾ ഹൈദരാബാദ് സ്കോർ 100 കടന്നിരുന്നു. 39 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ഹെഡിനെ ഫെർഗൂസന്റെ പന്തിൽ ഡുപ്ലിസിസ് പുറത്താക്കുമ്പോൾ 12.3 ഓവറിൽ 165 റൺസിലെത്തിയിരുന്നു. തുടർന്നായിരുന്നു ക്ലാസന്റെ മാസ് ഇന്നിങ്സ്. 31 പന്തിൽ 67 റൺസിൽ നിൽക്കെ ക്ലാസനെ ഫെർഗൂസൻ തന്നെ പുറത്താക്കി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച എയ്ഡൻ മാർക്രവും (17 പന്തിൽ 32), അബ്ദു സമദും (10 പന്തിൽ 37) ചേർന്നാണ് റെക്കോഡ് സ്കോറിലെത്തിച്ചത്. ആർ.സി.ബിക്ക് വേണ്ടി ലോക്കി ഫെർഗൂസൻ രണ്ടും റീസ് ടോപ്ലി ഒരു വിക്കറ്റും വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്താണ്. എഴ് മത്സരങ്ങളിൽ ആറും തോറ്റ ആർ.സി.ബി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.