സഞ്ജുവിനും ജയ്സ്വാളിനും 18 കോടി; ബട്‍ലറും അശ്വിനും ലേലത്തിന്; ശ്രേയസ്സിനെ കൈവിട്ട് കെ.കെ.ആർ
text_fieldsമുംബൈ: ഐ.പി.എൽ താരലേലത്തിനു മുന്നോടിയായി ആറു താരങ്ങളെ നിലനിർത്തി രാജസ്ഥാൻ റോയൽസ്. നായകനും മലയാളി താരവുമായ സഞ്ജു സാംസണും യുവതാരം യശസ്വി ജയ്സ്വാളുമാണ് ടീമിലെ വിലയേറിയ താരങ്ങൾ. 18 കോടി വീതം നൽകിയാണ് ഇരുവരെയും നിലനിർത്തിയത്.
റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (നാലു കോടി) എന്നിവരാണ് രാജസ്ഥാൻ നിലനിർത്തിയ മറ്റു താരങ്ങൾ. 41 കോടി രൂപയാണ് ഇനി ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്. ഇംഗ്ലണ്ട് വെറ്ററൻ താരം ജോസ് ബട്‍ലർ, സ്പിന്നർ യുസ്‍വേന്ദ്രെ ചെഹൽ, ആർ. അശ്വിൻ, ന്യൂസിലൻഡ് പേസർ ട്രെന്‍റ് ബോൾട്ട് എന്നിവരെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. ഇവർ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിൽ പങ്കെടുക്കും.
മൊത്തം 18 താരങ്ങളെയാണ് രാജസ്ഥാൻ ഒഴിവാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആറു താരങ്ങളെ നിലനിർത്തി. റിങ്കു സിങ്ങാണ് നിലനിർത്തിയതിൽ വിലയേറിയ താരം. 13 കോടിയാണ് റിങ്കുവിന്റെ പ്രതിഫലം. വരുണ്‍ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർക്കു 12 കോടി രൂപ വീതം ലഭിക്കും. ഇന്ത്യൻ താരങ്ങളായ രമൺദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെ കൊൽക്കത്ത നാലു കോടിക്കു നിലനിർത്തി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ടീം കൈവിട്ടു. വലിയ തുക ചോദിച്ചതിനാലാണു ശ്രേയസിനെ കൊൽക്കത്ത നിലനിർത്താതിരുന്നതെന്നാണു വിവരം. 51 കോടി രൂപയാണ് ടീമിന്‍റെ കൈയിൽ ബാക്കിയുള്ളത്. നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, മിച്ചൽ സ്റ്റാർക് ഉൾപ്പെടെ 20 താരങ്ങളെയാണ് ഒഴിവാക്കിയത്. നിലനിർത്തുന്ന താരങ്ങളിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ ഹെൻറിച് ക്ലാസനാണ് ഏറ്റവും ഉയർന്ന വില. വിക്കറ്റ് കീപ്പർ കൂടിയായ താരത്തെ 23 കോടി രൂപക്കാണ് നിലനിർത്തുന്നത്. സൂപ്പർ താരം വിരാട് കോഹ്ലിയെ 21 കോടിക്ക് ആർ.സി.ബി നിലനിർത്തി.
നായകന്മാരായ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരെയും ടീമുകൾ ഒഴിവാക്കി. വെറ്ററൻ താരം എം.എസ്. ധോണിയെ അൺക്യാപ്ഡ് താരം എന്ന നിലയിൽ നാലു കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.