ലഖ്നൗ ടീമിൽ ഗംഭീറിന് പകരക്കാരനായി സഹീർ ഖാൻ; മെന്‍ററായി ചുമതലയേറ്റു
text_fieldsലഖ്നൗ: അടുത്ത വർഷത്തെ ഐ.പി.എൽ മെഗാ ലേലത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ ലഖ്നൗ സൂപ്പർ ജയന്‍റ്സ് മെന്‍ററായി നിയമിച്ചു. നേരത്തെ ലഖ്നൗ ടീമിന്‍റെ മെന്‍ററായിരുന്ന ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായ സാഹചര്യത്തിലാണ് സഹീർ ഖാന് നറുക്ക് വീണത്. 2022 വരെ മുംബൈ ഇന്ത്യൻസിനൊപ്പമുണ്ടായിരുന്ന സഹീറിന്‍റെ രണ്ടു വർഷത്തിന് ശേഷമുള്ള ഐ.പി.എൽ റീ എൻട്രി കൂടിയാണ് പുതിയ നിയമനം. മുംബൈ ഇന്ത്യന്‍സില്‍ ആദ്യം ഡയറക്ടറായും തുടര്‍ന്ന് ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഹെഡായും പ്രവര്‍ത്തിച്ചു.
രാജ്യാന്തര ക്രിക്കറ്റിൽ 610 വിക്കറ്റുകൾ നേടിയിട്ടുള്ള സഹീര്‍ ഖാൻ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളില്‍ താരം കളിച്ചിട്ടുണ്ട്. പത്ത് സീസണുകളിലായി 100 മത്സരങ്ങളില്‍ 102 വിക്കറ്റുകള്‍ നേടി. 2017-ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റനായാണ് അവസാന മത്സരം. തുടര്‍ന്ന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിച്ചു.
ജസ്റ്റിന്‍ ലാംഗറാണ് ലഖ്‌നൗവിന്റെ മുഖ്യ പരിശീലകന്‍. ലാന്‍സ് ക്ലൂസ്‌നര്‍, ആദം വോഗ്‌സ് എന്നിവര്‍ സഹപരിശീലകരാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മോണി മോര്‍ക്കല്‍ ഇന്ത്യന്‍ ടീമില്‍ ഗംഭീറിന്റെ കോച്ചിങ് സ്റ്റാഫായി പോയതോടെ ലഖ്‌നൗവിന് നിലവില്‍ ബൗളിങ് പരിശീലകനില്ല. ഇക്കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടിയപ്പോൾ, ലഖ്‌നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.