ഐ.പി.എൽ താരലേലം: രജിസ്റ്റർ ചെയ്തിട്ടും ശ്രീശാന്തില്ല
text_fields
മുംബൈ: നീണ്ട ഇടവേളക്കു ശേഷം വിലക്കു നീങ്ങി ക്രിക്കറ്റിെൻറ മായികപ്രഭയിലേക്ക് വീണ്ടുമെത്തിയ ശ്രീശാന്തിന് ഇരുട്ടടിയായി ഐ.പി.എൽ താരലേലം. മോശമല്ലാത്ത തുക സ്വയം നിശ്ചയിച്ച് കഴിഞ്ഞയാഴ്ച രജിസ്റ്റർ ചെയ്തിട്ടും ബി.സി.സി.ഐ പുറത്തുവിട്ട താരപ്പട്ടികയിൽ ശ്രീശാന്തില്ല. 164 ഇന്ത്യക്കാരുൾപെടെ 292 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഫെബ്രുവരി 18ന് ചെന്നൈയിലാണ് താരലേലം.
വാതുവെപ്പ് വിവാദത്തിൽ കുരുങ്ങി ഏഴുവർഷം സസ്പെൻഷനിൽ കഴിഞ്ഞതിനൊടുവിലാണ് അടുത്തിടെ ശ്രീശാന്ത് തിരികെയെത്തിയത്. മുഷ്താഖ് അലി ട്രോഫിയിൽ കേരളനിരയിൽ മോശമല്ലാത്ത പ്രകടനം നടത്തിയ താരം നാലു വിക്കറ്റും വീഴ്ത്തി. രജിസ്റ്റർ ചെയ്യുേമ്പാൾ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടിരുന്നത്.
ഐ.പി.എൽ പുതിയ സീസണിൽ താരലേലത്തിന് മൊത്തം 114 പേരാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും പങ്കാളികളായ എട്ടു ടീമുകൾക്കും ബോധിക്കാത്തതാകാം പട്ടികയിൽ വരാതിരുന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ കളിക്കുന്നതിനിടെ 2013ലാണ് വാതുവെപ്പ് വിവാദത്തിൽ കുരുങ്ങി ശ്രീശാന്തും സഹതാരങ്ങളായ അങ്കിത് ചവാൻ, അജിത് ചാണ്ടില എന്നിവരും അറസ്റ്റിലാകുന്നത്. മുംബൈയിലെ ഹോട്ടൽ മുറിയിൽവെച്ചായിരുന്നു അറസ്റ്റ്. ഏഴു വർഷത്തെ സസ്പെൻഷൻ ഈ വർഷം അവസാനിച്ചുവെങ്കിലും ഐ.പി.എല്ലിൽ ഇറങ്ങാനാകുമോ എന്നാണ് പുതിയ ആശങ്ക.
കേരളത്തിൽനിന്ന് ശ്രീശാന്ത് പുറത്തായെങ്കിലും സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ തുടങ്ങിയവർ പട്ടികയിലുണ്ട്.
രാജസ്ഥാൻ റോയൽസ് നായകൻ സ്റ്റീവ് സ്മിത്ത്, കിങ്സ് ഇലവൻ പഞ്ചാബ് വേണ്ടെന്നുവെച്ച െഗ്ലൻ മാക്സ്വെൽ, മധ്യനിര ബാറ്റ്സ്മാൻ കേദാർ ജാദവ്, ഹർഭജൻ സിങ് തുടങ്ങിയവർ ഏറ്റവും ഉയർന്ന വിലയിട്ട താരങ്ങളുടെ നിരയിലാണ്. ഷകീബുൽ ഹസൻ, മുഈൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജേസൺ റോയ്, മാർക് വുഡ് എന്നിവരും രണ്ടുകോടി അടിസ്ഥാന വിലയുള്ളവരാണ്.
സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ 20 ലക്ഷം രുപ അടിസ്ഥാന വിലയിൽ ലേലത്തിനുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 13 താരങ്ങളുടെ ഒഴിവുള്ളപ്പോൾ ഹൈദരാബാദിന് മൂന്നു പേരെ മാത്രമേ ആവശ്യമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.