ഐ.പി.എൽ താരലേലം: കീശ വാരി നിറച്ച് ഇഷാൻ കിഷൻ
text_fieldsബംഗളൂരു: ഐ.പി.എൽ 15ാം സീസന്റെ ലേലത്തിൽ മെഗാ താരമാകുമെന്നു കരുതിയ ശ്രേയസ്സ് അയ്യരെയും കടത്തിവെട്ടി ഇഷാൻ കിഷൻ കീശ വാരി നിറച്ചു. 15.25 കോടിക്കാണ് മുംബൈ ഇന്ത്യൻസ് ഈ വിക്കറ്റ് കീപ്പർ ബാറ്ററെ തിരിച്ചുപിടിച്ചത്. ഇതോടെ ഐ.പി.എൽ ലേലത്തിൽ ഏറ്റവും വലിയ തുക ലഭിച്ച രണ്ടാമത്തെ താരമായി ഇശാൻ കിഷൻ. 16 കോടിക്ക് ഡൽഹി ഡെയർ ഡെവിൾസ് ലേലത്തിൽ പിടിച്ച യുവ്രാജ് സിങ്ങാണ് ഒന്നാമത്.
14 കോടിക്ക് ചെന്നൈ സൂപ്പർ കിങ്സ് തിരിച്ചുപിടിച്ച ദീപക് ചഹാറാണ് ഇക്കുറി രണ്ടാമത്. ശ്രേയസ് അയ്യർ, ഹർഷൽ പട്ടേൽ, ശാർദൂൽ ഠാകുർ, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ എന്നീ ഇന്ത്യൻ താരങ്ങളും 10 കോടി കടന്നപ്പോൾ വനിന്ദു ഹസരങ്കെ എന്ന ലങ്കൻ താരമാണ് വിദേശ താരങ്ങളിൽ ഏറ്റവും ഉയർന്ന തുക സ്വന്തമാക്കിയത്. 10.75 കോടി.
രണ്ടു കോടി അടിസ്ഥാന വിലയിട്ട ഇഷാൻ കിഷനുവേണ്ടി മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും വാശിയോടെയാണ് ലേലം വിളിച്ചത്. കഴിഞ്ഞ സീസണിൽ തങ്ങളുടെ ടീമിലുണ്ടായിരുന്ന ഇഷാനെ എന്തു വിലകൊടുത്തും തിരിച്ചെടുക്കാനായിരുന്നു മുംബൈയുടെ നീക്കം. ഒടുവിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന വിലക്കുതന്നെ ഇഷാനെ മുംബൈ നിലനിർത്തി.
ബംഗളൂരുവിലെ ഹോട്ടല് ഐ.ടി.സി ഗാര്ഡനിയയില് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മെഗാതാര ലേലം ആരംഭിച്ചത്. പുതുതായി ചേർത്ത രണ്ടു ടീമുകൾ അടക്കം 10 ടീമുകളിലേക്കാണ് ലേലം നടന്നത്. ആദ്യം മാർക്വീ താരങ്ങളിൽ ശിഖർ ധവാനെയാണ് ഹ്യൂ എഡ്മീഡ്സ് ലേലത്തിനു വെച്ചത്. ഡൽഹി ക്യാപിറ്റൽസ് 5.2 കോടിക്ക് കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. മറ്റു മാർക്വീ താരങ്ങളായ രവിചന്ദ്ര അശ്വിനെ രാജസ്ഥാൻ റോയൽസും (അഞ്ചു കോടി), പാറ്റ് കമ്മിൻസിനെ കൊൽക്കത്ത നൈറ്റ്ഡൈഡേഴ്സും (7.25 കോടി), കഗീസോ റബാദയെ പഞ്ചാബും (9.25 കോടി) സ്വന്തമാക്കി കഴിഞ്ഞായിരുന്നു മാർക്വീ താരങ്ങളിൽ ആദ്യമായി 10 കോടി കടന്ന് ശ്രേയസ് അയ്യരെ 12.25 കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കൈവശപ്പെടുത്തിയത്.
മാർക്വീ താരങ്ങളുടെ ലേലം കഴിഞ്ഞ ശേഷമായിരുന്നു ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഇഷാൻ കിഷൻ ഈ സീസണിലെ വിലയേറും താരമായി മാറിയത്. തൊട്ടുപിന്നിലായി 14 കോടിക്ക് ചെന്നൈ നിലനിർത്തിയ ദീപക് ചഹാറുണ്ട്. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് തിരിച്ചെടുത്തു. ഹസരങ്കെയെ 10.75 കോടിക്കാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബിനായി കളിച്ച വിൻഡീസ് താരം നികോളസ് പൂരനെ സൺറൈസേഴ്സും 10.75 കോടിക്ക് സ്വന്തമാക്കി. ശാർദൂൽ ഠാകുറിനെ ഡൽഹി ക്യാപിറ്റൽസും 10.75 കോടിക്കാണ് സ്വന്തമാക്കിയത്.
ന്യൂസിലൻഡുകാരൻ ലോക്കി ഫെർഗൂസനെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസും പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസും 10 കോടിക്ക് സ്വന്തമാക്കി. അടിസ്ഥാന വില 20 ലക്ഷം മാത്രമുണ്ടായിരുന്ന പേസ് ബൗളർ ആവേശ് ഖാനെ 10 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയതാണ് ഏറ്റവും നാടകീയമായത്.
വിറ്റഴിക്കാത്ത താരങ്ങൾ
ഒരുകാലത്ത് ഐ.പി.എല്ലിലെ മിന്നും താരമായിരുന്ന സുരേഷ് റെയ്നയെ താര ലേലത്തിന്റെ ആദ്യ ദിനം ആരും വാങ്ങിയില്ല. അടിസ്ഥാന വില രണ്ടു കോടിയായിരുന്നെങ്കിലും ചെന്നൈ റിലീസ് ചെയ്ത താരത്തെ ആരും സ്വീകരിച്ചില്ല. ഇന്ത്യയുടെ ടെസ്റ്റ് ബൗളർ ഉമേഷ് യാദവിനെയും വാങ്ങാൻ ആരും മുന്നോട്ടുവന്നില്ല.
ആസ്ട്രേലിയൻ ടീമിന്റെ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ മുൻ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയും ബംഗ്ലാദേശ് ആൾ റൗണ്ടർ ഷാകിബുൽ ഹസനും വിറ്റഴിക്കപ്പെടാത്ത താരങ്ങളായി. കഴിഞ്ഞ തവണ ബാംഗളൂരിന്റെ മലയാളി താരമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും വിഷ്ണു വിനോദിനെയും ആരും വാങ്ങിയില്ല.
ആരും വാങ്ങാത്തവർ
അമിത് മിശ്ര, ആദം സംപ, ഇംറാൻ താഹിർ, മുജീബുർ റഹ്മാൻ, ആദിൽ റഷീദ്, ഉമേഷ് യാദവ്, സാം ബില്ലിങ്സ്, വൃദ്ധിമാൻ സാഹ, മാത്യു വേഡ്, മുഹമ്മദ് നബി, ഷാകിബുൽ ഹസൻ, സ്റ്റീവ് സ്മിത്ത്, സുരേഷ് റെയ്ന, ഡേവിഡ് മില്ലർ, എൻ. ജഗദീശൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്.
ഞെട്ടിച്ച് ആവേശ് ഖാനും ഷാരൂഖ് ഖാനും, നേട്ടം കൊയ്ത് ഹർഷൽ പട്ടേൽ
ബംഗളൂരു: മാർക്വീ താരങ്ങളെ പോലും വമ്പൻ തുക നൽകി വാങ്ങാൻ മടിച്ച ടീമുകൾ കാശെറിഞ്ഞ് കൂടിയത് രണ്ട് ഖാൻമാർക്കു പിന്നാലെയായിരുന്നു. സീഡ് ചെയ്യപ്പെടാതെയെത്തി ചാമ്പ്യനായ അനുഭവമായി ഇവർക്ക്. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് കഴിഞ്ഞ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമനായ ആവേശ് ഖാന്റെ ലേലം ആരംഭിച്ചത്. ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്ത ആവേശ് ഖാനുവേണ്ടി സൺറൈസേഴ്സ് ആഞ്ഞുപിടിച്ചെങ്കിലും പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സ് ഒടുവിൽ 10 കോടിക്ക് കീശയിലാക്കി. തമിഴ്നാട്ടുകാരനായ ആൾറൗണ്ടൾ ഷാരൂഖ് ഖാനും 20 ലക്ഷമായിരുന്നു അടിസ്ഥാന വില. പക്ഷേ, ഒമ്പതു കോടിക്കാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. രാഹുൽ തെവാത്തിയയെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലിനാണ് ഇക്കുറി ഏറ്റവും വലിയ നേട്ടമായത്. 20 ലക്ഷത്തിന് ബാംഗ്ലൂരിനായി കളിച്ച പട്ടേലിനെ നിലനിർത്താൻ ബാംഗ്ലൂരിന് ഇക്കുറി വേണ്ടിവന്നത് 10.75 കോടിയാണ്.
മലയാളി താരങ്ങളിൽ പടിക്കൽ തന്നെ കേമൻ
ബംഗളൂരു: ഇക്കുറിയും ഐ.പി.എൽ ലേത്തിൽ മലയാളി താരങ്ങളിൽ ഏറ്റവും മുന്നിൽ നിന്നത് ദേവ്ദത്ത് പടിക്കൽ തന്നെ. 7.75 കോടിക്കാണ് ബംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് റിലീസ് ചെയ്ത പടിക്കലിനെ രാജസ്ഥാൻ സ്വന്തമാക്കിയത്.
കെ.എം ആസിഫിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് ചെന്നൈ നിലനിർത്തിയപ്പോൾ മറ്റൊരു മലയാളി താരമായ ബേസിൽ തമ്പിയെ 30 ലക്ഷത്തിന് മുംബൈ ടീമിലെടുത്തു. മലായാളികളായ വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനെയും ആരും വിലക്കെടുത്തില്ല. കേരള രഞ്ജി ടീമിലംഗമായ മുൻ ഇന്റർനാഷനൽ റോബിൻ ഉത്തപ്പയെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് ചെന്നൈ നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.