ശ്രേയസ് അയ്യരുടെ റെക്കോഡിന് (26.75 കോടി) മിനിറ്റുകൾക്കകം ചെക്ക് വെച്ച് ഋഷഭ് പന്ത്; 27 കോടിക്ക് സ്വന്തമാക്കി ലഖ്നോ
text_fieldsജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ തുടങ്ങി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് (26.75 കോടി രൂപ) ശ്രേയസ് അയ്യരെ വിളിച്ചെടുത്ത് പഞ്ചാബ് കിങ്സാണ് ആദ്യം ഞെട്ടിച്ചത്. അവസാന നിമിഷം വരെ താരത്തിനായി പൊരുതിയെ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് ശ്രേയസിനെ പഞ്ചാബിലെത്തിച്ചത്.
ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് ശ്രേയസ് തകർത്തത്. കഴിഞ്ഞ സീസണിൽ ദുബൈയിൽ നടന്ന ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടിക്കായിരുന്നു സ്റ്റാർക്കിനെ വിളിച്ചെടുത്തത്.
എന്നാൽ, ശ്രേയസിന്റെ റെക്കോഡ് നിമിഷങ്ങൾക്കകം തകർത്ത് ഋഷഭ് പന്ത് പുതിയ റെക്കോഡിട്ടു. ലഖ്നോ സൂപ്പർ ജയന്റ്സാണ് 27 കോടി രൂപക്ക് വിളിച്ചെടുത്തത്. പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.
12 താരങ്ങളുടെ ലേലമാണ് ഇതിനകം പൂർത്തിയായത്. 18 കോടി രൂപ വീതം മുടക്കി അർഷ്ദീപ് സിങ്ങിനെയും യുസ്വേന്ദ്ര ചഹലിനെയും പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.
ജോസ് ബട്ട്ലറിനെ 15.75 കോടി രൂപക്കും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപക്കും കഗിസോ റബദയെ 10.75 കോടി രൂപക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.
ഇന്നും നാളെയും ജിദ്ദയിൽ നടക്കുന്ന താരലേലത്തിൽ 10 ഐ.പി.എൽ വമ്പന്മാർക്കായി 12 മാർക്വീ താരങ്ങളടക്കം 574 പേരാണ് മാറ്റുരക്കുന്നത്. ഇവരിൽ 210 പേർ വിദേശികളും 367 ഇന്ത്യക്കാരുമാണ്. 204 ഒഴിവുകളുള്ളതിൽ 70 പേർ വിദേശികളാകും.
2014നു ശേഷം ഇതുവരെയും േപ്ലഓഫ് കളിച്ചിട്ടില്ലാത്ത പഞ്ചാബിന്റെ വശമാണ് ഏറ്റവും കൂടുതൽ പണം ബാക്കിയുള്ളത് -110.5 കോടി രൂപ. ഏറ്റവും കുറച്ച് രാജസ്ഥാനും- 41 കോടി. ആറു താരങ്ങളെ വീതം നിലനിർത്തിയ കൊൽക്കത്ത, രാജസ്ഥാൻ ടീമുകൾക്ക് റൈറ്റ് റ്റു മാച്ച് കാർഡ് ഉണ്ടാകില്ല. 42 കാരനായ ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സണാണ് ഏറ്റവും പ്രായം കൂടിയ താരം. ബിഹാറിനായി രഞ്ജി കളിച്ച 13കാരനായ വൈഭവ് സൂര്യവൻഷി ഇളമുറക്കാരനും.
ഏറ്റവും കൂടുതൽ പണം കൈയിലുള്ള പഞ്ചാബ് കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (83 കോടി), ലഖ്നോ (69 കോടി) എന്നിവരാകും താരത്തിനായി കൂടുതൽ അങ്കം കൊഴുപ്പിക്കുക.
വിലയേറിയ താരങ്ങൾ
- ഋഷഭ് പന്ത് 27 കോടി രൂപ -ലഖ്നോ സൂപ്പർ ജയന്റ്സ്
- ശ്രേയസ് അയ്യർ 26.75 കോടി രൂപ - പഞ്ചാബ് കിങ്സ്
- വെങ്കിടേഷ് അയ്യർ 23.75 കോടി -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- അർഷ്ദീപ് സിങ് 18 കോടി - പഞ്ചാബ് കിങ്സ്
- യുസ്വേന്ദ്ര ചാഹൽ 18 കോടി -പഞ്ചാബ് കിങ്സ്
- ജോസ് ബട്ട്ലർ 15.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
- കെ.എൽ. രാഹുൽ 14 കോടി - ഡൽഹി കാപിറ്റൽസ്
- ജോഷ് ഹേസിൽവുഡ് 12.50 കോടി -റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
- ജോഫ്ര ആർച്ചർ 12.50 കോടി -രാജസ്ഥാൻ റോയൽസ്
- ട്രെന്റ് ബോൾട്ട് 12.50 കോടി -മുംബൈ ഇന്ത്യൻസ്
- മുഹമ്മദ് സിറാജ് 12.25 കോടി -ഗുജറാത്ത് ടൈറ്റൻസ്
- മിച്ചൽ സ്റ്റാർക് 11.75 കോടി - ഡൽഹി കാപിറ്റൽസ്
- ഫിൽ സാൾട്ട് 11.50 കോടി -റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
- ഇഷാൻ കിഷൻ 11.25 കോടി - സൺറൈസേഴ്സ് ഹൈദരാബാദ്
- മാർകസ് സ്റ്റോയ്നിസ് 11 കോടി - പഞ്ചാബ് കിങ്സ്
- ജിതേഷ് ശർമ 11 കോടി -റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
- കാഗിസോ റബാദ 10.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
- ടി. നടരാജൻ 10.75 കോടി - ഡൽഹി കാപിറ്റൽസ്
- മുഹമ്മദ് ഷമി 10 കോടി - സൺറൈസേഴ്സ് ഹൈദരാബാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.