മികച്ച ലേലവുമായി ആർ.സി.ബി, ഡൽഹി, ഹൈദരാബാദ്; പ്രതീക്ഷ തെറ്റിക്കാതെ സി.എസ്.കെ; മൗനം വെടിയാതെ മുംബൈ
text_fieldsജിദ്ദ: അടുത്ത വർഷത്തെ ഐ.പി.എല്ലിനുള്ള മേഗാലേലം ആദ്യ ദിനം കഴിഞ്ഞപ്പോൾ പേപ്പറിൽ മികച്ച പ്രകടനവുമായി ഒപ്പത്തിനൊപ്പം നിൽക്കുകയാണ് പ്രമുഖ ടീമുകളെല്ലാം. ടീമിന്‍റെ ആവശ്യങ്ങളും ലേലത്തിലെ ഡൈനാമിക്സുമെല്ലാം അറിഞ്ഞ് മികച്ച സ്ക്വാഡുകളെ തെരഞ്ഞെടുക്കുന്നത് ഒരു രാജ തന്ത്രം തന്നെയാണ്. ഇതുവരെയുള്ള ലേലത്തിൽ മോശമാക്കിയെന്ന് ഒരു ടീമും ഒറ്റ നോട്ടത്തിൽ തോന്നിക്കുന്നില്ല എന്നുള്ളത് എല്ലാ ടീമും കച്ചക്കെട്ടി ഇറങ്ങി എന്നതിന്‍റെ അടയാളമാണ്. ഐ.പി.എൽ യഥാർത്ഥ മത്സരങ്ങളുടെ അതേ ആവേശകരമായ പ്രതീതി ഐ.പി.എൽ ലേലത്തിനും നൽകാൻ സാധിക്കുന്നുണ്ട്.
തുടക്കം മുതൽ വമ്പൻ വിളികളുമായി പഞ്ചാബ് കളംനിറഞ്ഞ് നിന്നിരുന്നു. നിലനിർത്താൻ അവസരമുണ്ടായിട്ടും അർഷദീപ് സിങ്ങിനെ വിട്ടുകളഞ്ഞ പഞ്ചാബ് ആർ.ടി.എം ഉപയോഗിച്ച് 18 കോടി നൽകിയാണ് നിലനിർത്തിയത്. 110.50 കോടി പഴ്സുമായെത്തിയ പഞ്ചാബ് 88 കോടി മുടക്കി പത്ത് താരങ്ങളെ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഐ.പി.എൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച ശ്രേയസ് അയ്യരിനെ 26.75 കോടി നൽകിയാണ് പഞ്ചാബ്ടീ മിലെത്തിച്ചത്. അയ്യരെന്ന ട്വന്‍റി-20 ബാറ്ററിന് ഈ വില അധികമാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ നല്ല ഒരു നായകനെ തേടുന്ന പഞ്ചാബ് അയ്യരിനെ പോലൊരു നായകന് സകല തുകയും നൽകിയാലും അത്ഭുതമല്ല. ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ 18 കോടി നൽകി ടീമിലെത്തിച്ചത് ഓവർപ്രൈസ് ആണെന്ന് പറയാം. എങ്കിലും മറുവശത്ത് മാർക്കസ് സ്റ്റോയിനസ്, ഗ്ലെൻ മാക്സ്വെൽ എന്നീ സൂപ്പർതാരങ്ങളെ വെറും 15 കോടിക്ക് മുകളിൽ നിന്നും സ്വന്തമാക്കാൻ റിക്കിപോണ്ടിങ്ങിന് കീഴിലുള്ള മാനേജ്മെന്‍റിന് സാധിക്കുന്നുണ്ട്. സ്റ്റോയിനിസ് (11 കോടി), മാക്സ്വെൽ (4.20 കോടി). നെഹാൽ വദേര (4.20 കോടി), ഹർപ്രീത് ഭാർ (1.60 കോടി), വിഷ്ണു വിനോട് (95 ലക്ഷം), വിജയകുമാർ വൈശാക് ( 1.80 കോടി), യാഷ് താക്കൂർ (1.60 കോടി) എന്നിവരെയൊക്കെ സ്വന്തമാക്കികൊണ്ട് പഞ്ചാബ് ഇന്ത്യൻ നിരയെ കരുത്തരാക്കിയിട്ടുണ്ട്. നേരത്തെ നിലനിർത്തിയ ശശാങ്ക് സിങ്ങും പ്രഭ്സിമ്രാൻ സിങ്ങും പഞ്ചാബിനെ പേപ്പറിൽ കരുത്തരാക്കുന്നുണ്ട്.
സ്റ്റാർ വാല്യുവിന്‍റെ പിറകെ പോകാതെ കഴിവിനെ തേടി പോകുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെയാണ് ലേലത്തിൽ കണ്ടത്. ജോഷ് ഹെയ്സൽവുഡിനെ 12.50 കോടിക്ക് സ്വന്തമാക്കികൊണ്ട് ടീമിലെ ബൗളിങ്ങിന് കരുത്തേകാൻ ആർ.സി.ബിക്കായി. ലയാം ലിവിങ്സ്റ്റോൺ (8.75 കോടി) ഐ.പി.എല്ലിൽ വലിയ പേരെടുത്തില്ലെങ്കിലും ഇംഗ്ലണ്ട് ട്വന്‍റി-20 ടീമിലെ പ്രധാന താരമാണ്. ലിവിങ്സ്റ്റണിന് ആർ.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ടി-20യിലെ പേരുകേട്ട താരമായ ഫിലിഫ് സാൾട്ടിനെ 11.50 കോടിക്ക് ടീമിലെത്തിക്കാനും ആർ.സി.ബിക്ക് സാധിച്ചു. തുടക്കത്തിൽ തന്നെ വൻ താരങ്ങളുടെ പിറകെ പോവാതെ വളരെ സെൻസിബിളായാണ് ആർ.സി.ബി ലേലംവിളിയിൽ പങ്കെടുത്തത്. വിക്കറ്റ് കീപ്പറായ ജിതേഷ് ശർമയെയും ആർ.സി.ബി ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച സുയാഷ് ശർമ, റാസിഖ് ദാർ സലാം എന്നിവരെയും ആർ.സി.ബി ബൗളിങ് നിരയിലെത്തിച്ചു. മികച്ച ഇന്ത്യൻ ബൗളറെയും, ഓൾറൗണ്ടർ, മിഡിൽ ഓർഡർ ബാറ്റർമാർ എന്നിവരെയായിരിക്കും ആർ.സി.ബി രണ്ടാം ദിനം ടീമിലെത്തിക്കാൻ ശ്രമിക്കുക.
ഭുവനേശ്വർ കുമാർ, വിൽ ജാക്സ്, വാഷിങ്ടൺ സുന്ദർ, നിതീഷ് റാണ എന്നീ താരങ്ങളെ ആർ.സി.ബി ടീമിലെത്തിക്കാൻ ശ്രമിച്ചേക്കും.
ചെന്നൈ സൂപ്പർ കിങ്സിന് എന്നും എപ്പോഴും കൃത്യമായ ഒരു പ്ലാനുണ്ടാകും. കോർ ടീമിനെ തന്നെ നിലനിർത്താനായിരിക്കും എന്നും സി.എസ്.കെയുടെ ശ്രമങ്ങൾ. എക്സ്പീരിയൻസും ടീമിന്‍റെ ബാലൻസും എന്നും സി.എസ്.കെയുടെ മുഖമുദ്രയാണ്. നേരത്തെ നിലനിർത്തിയ അഞ്ച് പ്രധാന താരങ്ങളുടെ കൂട്ടത്തിൽ മുൻ സൂപ്പർതാരമായ ആർ അശ്വിനെ 9,75 കോടിക്ക് സി.എസ്.കെ ടീമിലെത്തിച്ചിട്ടുണ്ട്. ഡെവൺ കോൺവെ (6.25 കോടി) രച്ചിൻ രവീന്ദ്ര (4 കോടി, രാഹുൽ ത്രിപാഠി (3.40 കോടി) എന്നിവരെ ചെറിയ തുകക്ക് ടീമിലെത്തിക്കാനും സി.എസ്.കെക്ക് സാധിച്ചു. ഖലീൽ അഹ്മദിനെ 4.80 കോടിക്കും വിജയ് ശങ്കറിനെ 1.20 കോടിക്കും സ്വന്തമാക്കി ടീമിലെ ഇന്ത്യൻ നിരയെ ഊട്ടിയുറപ്പിക്കാൻ സി.എസ്.കെക്ക് സാധിച്ചിട്ടുണ്ട്. 10 കോടി നൽകി നൂർ അഹ്മദിനെ സ്വന്തമാക്കിയതാണ് സി.എസ്.കെയുടെ സർപ്രൈസ് ഡീൽ എന്ന് പറയാം. ചെപ്പോക്കിൽ സ്പിൻ കുരുക്ക് ആവർത്തിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ഈ സ്വന്തമാക്കൽ. , ഗ്ലെൻ ഫിലിപ്സ്, ദീപക് ചാഹർ, മുസ്തഫിസുർ റഹ്മാൻ എന്നിവരെ സി.എസ്.കെ സ്വന്തമാക്കിയേക്കാം.
15.75 കോടിക്ക് ജോസ് ബട്ലർ, 12.25 കോടിക്ക് മുഹമ്മദ് സിറാജ്, 10.75 കോടിക്ക് റബാഡ, എന്നിവരെയെല്ലാം സ്വന്തമാക്കിക്കൊണ്ട് മികച്ച ദിവസമാണ് ഗുജറാത്തിന് ലേലത്തിലുണ്ടായത്. ഇതിന് പുറമെ ടീമിൽ നേരത്തെ നിലനിർത്തിയ ശുഭ്മൻ ഗിൽ, സായ് സുദർശൻ, റാഷിദ് ഖാൻ, രാഹുൽ തെവാട്ടിയ ഷാരൂഖ് ഖാൻ, എന്നിവർ കൂടെയാകുമ്പോൾ ഗുജറാത്ത് താരസമ്പന്നമാകുന്നു. ഇവർക്കൊപ്പം മഹിപാൽ ലോംറോർ (1.70 കോടി), പ്രസിദ്ധ് കൃഷ്ണ (9.50 കോടി) നിഷാന്ത് സിന്ദു (30ലക്ഷം) , കുമാർ കുശാഗ്ര (65 ലക്ഷം), അനുജ് റാവത്ത് ( 65 ലക്ഷം) മനുവി സുത്താർ (30)ലക്ഷം എന്നിവരെയും ഗുജറാത്ത് സ്വന്തമാക്കിയിട്ടുണ്ട്. ഇനിയുള്ള താരങ്ങളിൽ ഒരു വിദേശ മിഡിൽ ഓർഡർ ബാറ്ററെയും ബാക്കി ആവശ്യമുള്ള താരങ്ങളെയുമായിരിക്കും ടൈറ്റൻസ് ശ്രമിക്കുക.
ലേലത്തിന് ഏറ്റവും കൂടുതൽ എൻടെർടെയ്ൻമെന്‍റ് നൽകിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. തുടക്കം തന്നെ മറ്റ ടീമുകളുടെ ബാലൻസിൽ വമ്പൻ ഇംമ്പാക്ട് ഉണ്ടാക്കുന്ന രീതിയുള്ള ലേലം വിളികളാണ് ദൽഹി കാഴ്ചവെച്ചത്. 11.75 കോടിക്ക് മിച്ചൽ സ്റ്റാർക്ക്, 14 കോടിക്ക് കെ.എൽ. രാഹുൽ, 9 കോടിക്ക് ജേക്ക് ഫ്രേസർ, 10.75 കോടിക്ക് ടി നടരാജൻ എന്നിവരാണ് പ്രധാന വിളികൾ. ഹാരി ബ്രൂക്കിനെ 6.25 കോടിക്ക് എത്തിക്കാനും സാധിച്ചു. സമീർ റിസ്വി ( 95 ലക്ഷം), കരുൺ നായർ (50 ലക്ഷം) മോഹിത് ശർമ (2.20 കോടി), എന്നിവരെയൊക്കെ ക്യാപിറ്റൽസ് ടീമിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പഞ്ചബിൽ മിന്നി തിളങ്ങിയ അഷുതോഷ് ശർമയെ 3.80 കോടിക്ക് ടീമിലെത്തിക്കാനും ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്. മൊത്തത്തിൽ സ്ട്രോങ് ബാറ്റിങ് ലൈനപ്പും അതിനൊത്ത ബൗളർമാരും ഡൽഹിക്കുണ്ട്.
ലേലത്തിലെ ഏറ്റവും കൂടുതൽ പണം എറിയപ്പെട്ടത് യുവ വിക്കറ്റ് കീപ്പർ സൂപ്പർതാരം ഋഷഭ് പന്തിനാണ്. 27 കോടി മുടക്കി ലഖ്നൗ സൂപ്പർ ജയന്‍റ്സാണ് അദ്ദേഹത്തെ ടീമിലെത്തിച്ചത്. പന്തിനൊപ്പം ഡേവിഡ് മില്ലർ (7.50 കോടി) മിച്ചൽ മാർഷ് (3.40 കോടി), അയ്ഡൻ മാക്രം(2 കോടി) ആവേഷ് ഖാൻ (9.75 കോടി) എന്നിവരൊക്കെയാണ് ലഖ്നൗ സ്വന്തമാക്കിയ പ്രധാന താരങ്ങൾ. അബ്ദുൽ സമദിനെ 4.20 കോടിക്കും ആര്യൻ ജുവലിനെ 30 ലക്ഷത്തിനും അവർ സ്വന്തമാക്കിയിട്ടുണ്ട്. ഒരുപാട് പണം എറിഞ്ഞുവെങ്കിലും ഒരു ബാലൻസ്ഡ് ടീമാണോ ലഖ്നൗ എന്ന സംശയം മുഴച്ചുനിൽക്കുന്നുണ്ട്. ടീമിന് ആവശ്യമായ ടോപ് ഓർഡർ ഇന്ത്യൻ ബാറ്റർമാരെ രണ്ടാം ദിനം എത്തിക്കാൻ ശ്രമിച്ചേക്കും. നിതീഷ് റാണ മായങ്ക് അഗർവാൾ എന്നിവരയൊക്കെ എത്തിക്കാൻ ലഖ്നൗ ശ്രമിച്ചേക്കാം.
മികച്ച കോർ ടീമുള്ള കൊൽക്കത്ത നൈറ്ററൈഡേഴ്സ് അവർ വളർത്തിയെടുത്ത വെങ്കിടേഷ് അയ്യരിന 23.75 കോടി മുടക്കി സ്വന്തമാക്കി. ക്വിൻടൺ ഡികോക്ക് (3.60 കോടി),ആർ ഗുർബാസ് (2 കോടി), ആന്റിച്ച് നോകിയ (6.50 കോടി, അങ്ക്രിഷ് രഘുവംശി( 3 കോടി), വൈഭവ് അറോറ (1.80 കോടി) മായങ്ക് മാർക്കണ്ടെ ( 30 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് ഡീലുകൾ. മികച്ച കോർ ടീമുള്ളതിനാൽ ലേലത്തിലുള്ള കൊൽക്കത്തയും മോശം പ്രകടനം ടീമിനെ വലിയ രീതിയിൽ ബാധിക്കില്ലെന്ന് കരുതാം. ക്വിന്‍റൺ ഡികോക്കും, ഗുർബാസും ഒരു ടീമിൽ എങ്ങനെ ഫിറ്റാകും എന്ന് കണ്ടറിയണം. ടീമിൽ ക്യാപ്റ്റനായി കഴിവ് തെളിയിച്ച താരങ്ങളും നിലവിലില്ല.
മൗനം പാലിച്ച് പതിഞ്ഞ താളത്തിൽ മികച്ച ടീമിനെ മെനഞ്ഞെടുക്കുന്ന മുംബൈ ഇന്ത്യൻസിന്‍റെ തന്ത്രങ്ങൾക്ക് ഈ വർഷം വലിയ പ്രസ്ക്തിയില്ലായിരുന്നു. ആറ് കോർ താരങ്ങൾക്കൊപ്പം നാല് താരങ്ങളെ മാത്രമാണ് മുംബൈ ഇതുവരെ സ്വന്തമാക്കിയത്. ബുംറക്കൊപ്പം ട്രെന്‍റ് ബോൾട്ടിനെ (12.50 കോടി) സ്വന്തമാക്കിയത് മാത്രമാണ് വൻ ഡീൽ. നമാൻ ദിർ (5.25 കോടി) റോബിൻ മിൻസ് ( 65 ലക്ഷം കരൺ ഷർമ (50 ലക്ഷം) എന്നിവരെയാണ് മുംബൈ വാങ്ങിയത്. മികച്ച സ്പിന്നറുടെ അഭാവം മുംബൈ ഇന്ത്യൻസിന് ഒരുപാട് നാളായുള്ള പ്രശ്നമാണ്. ഇന്നത്തെ ദിവസം ഏറ്റവും നിർണായകം മുംബൈക്കാണ്. നേരത്തെ ഒമ്പത് കോടിക്ക് തിലക് വർമയെ നിലനിർത്തിയത് മുംംബക്ക് വൻ ലാഭമുണ്ടാക്കിയ ഡീലായി കണക്കാക്കാം.
മികച്ച ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനെ നിലനിർത്തിയ രാജസ്ഥാന് ലേലത്തിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് വിദേശ സ്ലോട്ടുകൾ സ്പിന്നർമാർക്ക് (മഹീഷ് തീക്ഷണ 4.40 കോടി, വനിന്ദു ഹസരങ്ക 5.25 കോടി) വിട്ടുനൽകിയ ദ്രാവിഡിനും കൂട്ടർക്കും ഒരു ഓവർസീസ് മിഡിൽ ഓർഡർ ബാറ്റർ അത്യാവശ്യമാണെന്നാണ് വിലയിരുത്തൽ. അതോടൊപ്പം പരിക്ക് എപ്പോൾ വേണമെങ്കിലും പിടികൂടാവുന്ന ജോഫ്രാ ആർച്ചറിന് 12.50 കോടിയാണ് രാജസ്ഥാൻ നൽകിയത്. അദ്ദേഹം കളിച്ചാൽ മാത്രമെ ഇത് നല്ല ഡീലാണോ എന്ന് പറയാൻ പറ്റുകയുള്ളൂ. ആകാശ് മധിവാൽ (1.20 കോടി), കുമാർ കാർത്തികേയ (30 ലക്ഷം) എന്നിവരാണ് രാജസ്ഥാൻ സ്വന്തമാക്കിയ മറ്റ് താരങ്ങൾ.
മികച്ച ബാറ്റിങ് ലൈനപ്പുണ്ടായിട്ടും കഴിഞ്ഞ സീസണിൽ ഏറെ പഴികേട്ട വിഭാഗമാണ് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ബൗളിങ് ഡിപാർട്ട്മെന്‍റ്. മുഹമ്മദ് ഷമി (10 കോടി), ഹർഷൽ പട്ടേൽ (8 കോടി), രാഹുൽ ചഹാർ (3.20 കോടി), ആദം സാമ്പ (2.40 കോടി) എന്നിവരെ സ്വന്തമാക്കി ഹൈദരാബാദ് ബൗളിങ് ശക്തമാക്കുന്നുണ്ട്. സിമർജീത് സിങ് (1.50 കോടി), അതർവ തെയ്ഡെ (30 ലക്ഷം), അഭിനവ് മനോഹർ ( 3.20 കോടി), ഇഷാൻ കിഷൻ (11.25 കോടി) എന്നിവരെയാണ് എസ്.ആർ.എച്ച് സ്വന്തമാക്കിയ മറ്റ് താരങ്ങൾ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ എന്നിവർ ഓപ്പണർമാരായുള്ള ടീമിൽ ഇഷാൻ കിഷൻ എവിടെ കളിക്കുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടെങ്കിലും മൊത്തത്തിൽ വളരെ ബാലൻസ്ഡ് ആയുള്ള ടീമാണ് പേപ്പറിൽ എസ്.ആർ.എച്ച്.
വമ്പൻ താരങ്ങൾ ഇനിയും വരാനിരിക്കെ ഇന്നത്തെ ലേലം വിളി ആരാധകരെ ത്രസിപ്പക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.