ധോണിയല്ല..! ഐ.പി.എൽ താരലേലത്തിൽ ആദ്യം വിറ്റുപോയ താരം ആരെന്നറിയാം...
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) 2024-ൽ 17 വർഷം തികയ്ക്കാൻ പോവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗിന്റെ 17-ാമത് താരലേലം ഡിസംബർ 19ന് ദുബായിലാണ് നടക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് പുറത്ത് ലേലം സംഘടിപ്പിക്കുന്നത്. അതേസമയം, ഇത്തവണ മിനി ലേലം മാത്രമാണുള്ളത്. അതിനാൽ ഒരു ദിവസം കൊണ്ട് ഇടപാട് അവസാനിച്ചേക്കും. വലിയ താരങ്ങളൊന്നും തന്നെ ലേലത്തിനില്ല.
അടുത്ത വർഷം ഒരു മെഗാ ലേലം ഉണ്ടായേക്കാം, അതായത് ഭൂരിഭാഗം മാർക്യൂ താരങ്ങളും ലേലത്തിന്റെ ഭാഗമാകും. 2008-ലായിരുന്നു ആദ്യമായി മെഗാ ലേലം നടന്നത്. അന്ന് ലേലത്തിലെ ഏറ്റവും വലിയ താരം മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണിയായിരുന്നു. ലേലത്തിലെ ഏറ്റവും വലിയ തുകയായ ആറ് കോടി രൂപക്ക് ചെന്നൈ സൂപ്പർ കിങ്സ് ആയിരുന്നു ധോണിയെ സ്വന്തമാക്കിയത്.
ഏറ്റവും വിലയേറിയ കളിക്കാരനായിരുന്നെങ്കിലും ലേലത്തിൽ പോയ ആദ്യ കളിക്കാരൻ ധോണിയായിരുന്നില്ല. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവുമാദ്യം ലേലത്തിൽ പോയ താരം അന്തരിച്ച വിഖ്യാത സ്പിന്നർ ഷെയിൻ വോൺ ആയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ഓസീസ് താരത്തിൽ ഫ്രാഞ്ചൈസികളൊന്നും കാര്യമായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസ് (ആർ.ആർ) മാത്രമാണ് സ്പിൻ രാജാവിനെ ലേലത്തിൽ വിളിച്ച് 1.8 കോടിക്ക് ടീമിലെത്തിച്ചത്. എന്തായാലും ടീം ഉടമകളുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു വോൺ കാഴ്ചവെച്ചത്. നായകനായി ആർ.ആറിനെ പ്രഥമ ഐ.പി.എൽ ചാമ്പ്യൻമാരാക്കാൻ അദ്ദേഹത്തിനായി.
ഫൈനലിൽ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള സി.എസ്.കെയെ പരാജയപ്പെടുത്തി ഷെയ്ൻ വോണിന്റെ ആർ.ആർ കിരീടം ഉയർത്തി. എന്നാൽ, അതിന് ശേഷം രാജസ്ഥാൻ ഒരു ഐപിഎൽ ഫൈനൽ മാത്രമേ കളിച്ചിട്ടുള്ളൂ.
2011 വരെ വോൺ ഐപിഎൽ കളിച്ചിട്ടുണ്ട്. 2011 മെഗാ ലേലത്തിന് മുമ്പ് 8.28 കോടി രൂപയ്ക്ക് അദ്ദേഹത്തെ ആർആർ നിലനിർത്തി. 2018-ൽ RR-ന്റെ കോച്ചിംഗ് സ്റ്റാഫിൽ അംഗമായി IPL-ലേക്ക് വോൺ തിരിച്ചുവരവ് നടത്തുകയും ചെയ്തു. 2022-ലായിരുന്നു അദ്ദേഹം അന്തരിച്ചത്. പ്രീമിയർ ലീഗിൽ 55 മത്സരങ്ങളിൽ നിന്ന് 57 വിക്കറ്റുകളാണ് വോണിനുള്ളത്.
സഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ ടീം ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത സീസണിൽ എങ്ങനെയെങ്കിലും കപ്പുയർത്താനാകും ആർ.ആറിന്റെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.