കൊച്ചി ടസ്കേഴ്സ് ടീം യാഥാർഥ്യമാവുന്നത് തടയാൻ ഐ.പി.എൽ കമീഷണർ ലളിത് മോദി ശ്രമിച്ചെന്ന് പുസ്തകം
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഒരു സീസൺ മാത്രം കളിച്ച കേരള ടീമായ കൊച്ചി ടസ്കേഴ്സ് രൂപവത്കരിക്കുന്നത് തടയാൻ ഐ.പി.എൽ കമീഷണറായിരുന്ന ലളിത് മോദി ആവുന്നത് ശ്രമിച്ചതായി വെളിപ്പെടുത്തൽ. അന്നത്തെ ബി.സി.സി.ഐ ചെയർമാൻ ശശാങ്ക് മനോഹർ അർധരാത്രി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷമാണ് അദ്ദേഹം വഴങ്ങിയത്. എഴുത്തുകാരനും കായിക മാധ്യമപ്രവർത്തകനുമായ ബോറിയ മജുംദാർ രചിച്ച 'മാവെറിക്ക് കമീഷണർ: ദി ഐ.പി.എൽ ലളിത് മോദി സാഗ' എന്ന പുസ്തകത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകൾ.
പല യോഗങ്ങൾ ചേർന്നെങ്കിലും ഓരോ തവണയും കടലാസ് പണികളിൽ മാറ്റം വരുത്താൻ മോദി ആവശ്യപ്പെട്ടു. 2010 ഏപ്രിൽ 10ന് കൊച്ചി ടീം സംഘാടകർ മുംബൈയിലെ ഫോർ സീസൺസ് ഹോട്ടലിൽ മോദിയെ കണ്ടിരുന്നു. നിരന്തരം മാറ്റങ്ങൾ ആവശ്യപ്പെട്ട് കരാറിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനിടെയുണ്ടായ നിരവധി കൂടിക്കാഴ്ചകളിലൊന്നായിരുന്നു അത്.
മോദി തങ്ങളെ ഭ്രാന്ത് പിടിപ്പിച്ചുവെന്നാണ് കൊച്ചി ടീമിന്റെ ഉടമകളിലൊരാൾ പറഞ്ഞത്. അദ്ദേഹത്തിന്റെ അടവുകൾ മനസ്സിലാക്കിയ ശശാങ്ക് മനോഹർ കടലാസുകളിൽ ഒപ്പ് വെക്കാൻ ആജ്ഞാപിക്കുകയായിരുന്നു. ചെയർമാന്റെ ശാസനയുടെ ഫലമായി പിറ്റേ ദിവസം പുലർച്ചെ മൂന്ന് മണിക്ക് ഒപ്പ് വെച്ചു. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന് കൊച്ചി ടീമിന്റെ ഉടമസ്ഥരിലൊന്നായ റെന്ദേവൂ സ്പോർട്സ് വേൾഡിൽ പങ്കാളിത്തമുണ്ടെന്നടക്കം പല വിവാദ ട്വീറ്റുകളും പിന്നീട് മോദി നടത്തി. ലളിത് മോദിക്ക് ബി.സി.സി.ഐയിൽനിന്നും ശശി തരൂരിന് കേന്ദ്രമന്ത്രിസഭയിൽനിന്നും പുറത്തേക്കുള്ള വഴിയാണ് അത് തുറന്നിട്ടത്.
2010 ഐ.പി.എൽ സീസണോടെ സാമ്പത്തിക ക്രമക്കേടുകളും അച്ചടക്കലംഘനവുമടക്കം കുറ്റങ്ങൾ ചുമത്തി ബി.സി.സി.ഐയിൽനിന്ന് ലളിത് മോദിയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. കുറ്റക്കാരനെന്ന് തെളിഞ്ഞതിനെ തുടർന്ന് 2013 മുതൽ ആജീവനാന്ത വിലക്കും ഏർപ്പെടുത്തി. നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ വിദേശത്തേക്ക് കടന്ന മോദി നിലവിൽ ലണ്ടനിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. 2011 സീസൺ മാത്രം കളിച്ച കേരളത്തിന്റെ കൊമ്പന്മാർക്കും ലളിത് മോദിയുടെ ഗതിയുണ്ടായി. വാർഷിക ബാങ്ക് ഗാരന്റി നൽകിയില്ലെന്ന കാരണത്താൽ ബി.സി.സി.ഐ ഐ.പി.എല്ലിൽനിന്ന് പുറത്താക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.