അടിച്ചു തകർത്ത് ഡൽഹി; മുംബൈക്ക് മുന്നിൽ കൂറ്റൻ സ്കോർ
text_fieldsന്യൂഡൽഹി: ബാറ്റെടുത്തിറങ്ങിയവരെല്ലാം അടിച്ചു തകർത്തപ്പോൾ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന് കൂറ്റൻ സ്കോർ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് ഡൽഹി നേടിയത്. ഓപ്പണർ ജെയ്ക് ഫ്രേസർ മക്ഗുർക് (84), ട്രിസ്റ്റൻ സ്റ്റബ്സ് (48), ഷായി ഹോപ് (പുറത്താകാതെ 41), അഭിഷേക് പോറൽ (36), റിഷഭ് പന്ത് (29) എന്നിവർ ഡൽഹിക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഡൽഹിയെ ആദ്യം ബാറ്റ് ചെയ്യാൻ അയക്കുകയായിരുന്നു. എന്നാൽ, ഡൽഹി ഓപ്പണർമാർ തുടക്കം മുതൽ തകർത്തടിച്ചു. 7.3 ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ 114 റൺസ് കൂട്ടുകെട്ട് ഉയർത്തിയിരുന്നു. വെറും 27 പന്തിൽ ആറ് സിക്സും 11 ഫോറും നേടിയാണ് മക്ഗുർക് 84 റൺസെടുത്തത്. പിന്നാലെയിറങ്ങിയവരും റൺനിരക്ക് താഴാതെ ശ്രദ്ധിച്ചു. 17 പന്തിൽ 41 റൺസെടുത്ത ഷായ് ഹോപ് അഞ്ച് സിക്സർ പറത്തി. ക്യാപ്റ്റൻ റിഷഭ് പന്ത് രണ്ട് വീതം ഫോറും സിക്സും നേടിയാണ് 29 റൺസെടുത്തത്.
അവസാന ഓവറുകളിൽ ട്രിസ്റ്റൻ സ്റ്റബ്സ് തകർത്തടിച്ചു. രണ്ട് സിക്സും ആറ് ഫോറും സഹിതം പുറത്താകാതെ 48 റൺസാണ് സ്റ്റബ്സ് നേടിയത്. അക്സർ പട്ടേൽ 11 റൺസുമായി പുറത്താകാതെ നിന്നു.
മുംബൈ ബൗളർമാരിൽ ജസ്പ്രീത് ബുംറയും പീയുഷ് ചൗളയും മുഹമ്മദ് നബിയും മാത്രമാണ് ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്. ബുംറ നാലോവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ചൗള നാലോവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നബി രണ്ടോവറിൽ 20 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. രണ്ടോവർ എറിഞ്ഞ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 41 റൺസ് വിട്ടുനൽകി. ലൂക് വുഡ് നാലോവറിൽ 68 റൺസാണ് വഴങ്ങിയത്. ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.