ഐ.പി.എൽ ആവേശപ്പോരാട്ടത്തിന് ഇന്ന് ഫൈനൽ
text_fieldsചെന്നൈ: രണ്ടു മാസം നീണ്ട ഐ.പി.എൽ ആവേശപ്പോരാട്ടത്തിന് ഞായറാഴ്ച മെഗാ ഫൈനൽ. കരുത്തരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി രാജസ്ഥാൻ റോയൽസിനെ 36 റൺസിന് കീഴടക്കിയതിന്റെ ക്ഷീണം മാറുംമുമ്പാണ് ഞായറാഴ്ച ഹൈദരാബാദ് ഇറങ്ങുന്നത്. കടുത്ത ചൂടുള്ള ചെന്നൈയിൽ ഫൈനൽ തലേന്ന് ഹൈദരാബാദ് പരിശീലനത്തിനിറങ്ങിയില്ല. താരങ്ങൾക്ക് പൂർണ വിശ്രമം നൽകുകയായിരുന്നു.
ജൈത്രയാത്ര തുടരാൻ
കഴിഞ്ഞ ചൊവ്വാഴ്ച ഒന്നാം ക്വാളിഫയറിൽതന്നെ ജയിച്ച് ഫൈനലിലെത്തിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നു. നേരത്തേ ചെന്നൈയിലെത്തിയ കൊൽക്കത്ത സംഘം കഠിനമായ പരിശീലനത്തിലായിരുന്നു. ഒന്നാം ക്വാളിഫയറിന്റെ ആവർത്തനംകൂടിയാണ് ഈ പോരാട്ടം. എട്ട് വിക്കറ്റിന് ആധികാരികമായായിരുന്നു കൊൽക്കത്ത ഒന്നാം ക്വാളിഫയറിൽ ഹൈദരാബാദിനെ കീഴടക്കിയത്.
പ്രാഥമിക റൗണ്ടിൽ കൊമ്പുകോർത്ത നാല് കളികളിൽ മൂന്നും ജയിച്ചത് കൊൽക്കത്തയായിരുന്നു. ഐ.പി.എൽ ചരിത്രത്തിൽ മൂന്നാം കിരീടത്തിലേക്കാണ് കൊൽക്കത്ത ലക്ഷ്യമിടുന്നത്. ഹൈദരാബാദ് രണ്ടാം കിരീടത്തിനായാണ് നോട്ടമിടുന്നത്. സ്പിന്നിനെ തുണക്കുന്നതാണ് ചെന്നൈയിലെ പിച്ച്. രണ്ടാം ക്വാളിഫയറിൽ 175 റൺസ് ഹൈദരാബാദ് ആയാസമില്ലാതെ പ്രതിരോധിച്ചിരുന്നു. ഫൈനലിൽ ബാറ്റിങ്ങിന് അനുകൂലമായ പിച്ചൊരുക്കാനും സാധ്യതയേറെയാണ്.
ശ്രേയസ് അയ്യർ നയിക്കുന്ന കൊൽക്കത്തയുടെ വിജയയാത്രയിലെ പ്രധാന ഘടകം ടീം മെന്ററായ ഗൗതം ഗംഭീറാണ്. കൊൽക്കത്തയെ രണ്ട് തവണ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച ഗംഭീറിന് ഞായറാഴ്ച ടീം ജയിച്ചാൽ ഇരട്ടി മധുരമാകും. ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഗംഭീറിന്റെ ടീമിന്റെ ഫൈനൽ പ്രവേശനം. നിലവിൽ ഡൽഹിയിലെ എം.പിയായ ഗംഭീർ ഫൈനൽ തലേന്ന് നാട്ടിലെത്തി വോട്ട് ചെയ്തിരുന്നു.
കൊൽക്കത്തക്ക് തന്നെയാണ് കണക്കുകളും സമീപകാല ഫോമും വിലയിരുത്തുമ്പോൾ മുൻതൂക്കം. അഹമ്മദാബാദിൽ ബൗളിങ് തന്ത്രങ്ങളിലൂടെയാണ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്ത ഹൈദരാബാദിനെ തോൽപിച്ചത്. ചെന്നൈയിലും വ്യത്യസ്തമായ ബൗളിങ് ആയുധങ്ങൾ നൈറ്റ്റൈഡേഴ്സിന്റെ കൈയിലുണ്ട്. ചെപ്പോക്കിലെ പിച്ച് കൊൽക്കത്ത സ്പിന്നർമാരായ വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും അനുകൂലമാകും.
ശ്രെയസ് അയ്യരും വെങ്കടേഷ് അയ്യരും നിതീഷ് റാണയും റിങ്കു സിങ്ങും ഹർഷിത് റാണയും വൈഭവ് അറോറയും ടീമിന്റെ കരുത്താണ്. 24.75 കോടിക്ക് സ്വന്തമാക്കിയ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും ഫോമിലായിട്ടുണ്ട്. നരെയ്ൻ ബാറ്റിങ്ങിലും കരുത്താണ്.
ഈ സീസണിൽ 482 റൺസും 16 വിക്കറ്റുമാണ് നരേയ്ന്റെ സമ്പാദ്യം. ഫിൽ സാൾട്ടുമൊത്തുള്ള നരേയ്ന്റെ ഓപണിങ് ബാറ്റിങ് സഖ്യം കൊൽക്കത്തയുടെ പ്ലസ്പോയന്റായിരുന്നു. കഴിഞ്ഞ കളിയിലെ അതേ ടീമിനെയാകും കൊൽക്കത്ത കലാശപ്പോരിലും വിന്യസിക്കുക.
ബാറ്റിങ് സൂര്യോദയം
ട്വന്റി20യിൽ 200ഉം 250ഉം കടന്ന് ടീം സ്കോർ ഉയർത്തിയ സംഘമാണ് ഹൈദരാബാദ്. 287 റൺസാണ് ഒരു തവണ ടീം അടിച്ചെടുത്തത്. 250 കടത്തിയ രണ്ട് മത്സരങ്ങളുമുണ്ടായിരുന്നു. ഓപണർ അഭിഷേക് ശർമയുടെ ബാറ്റിങ് സ്ട്രൈക്ക്റേറ്റ് 207.76 ആണ്. സഹ ഓപണറായ ട്രാവിസ് ഹെഡിന്റേത് 192.20ഉം. ഇത്തവണത്തെ ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും ഹൈദരാബാദ് ഓപണർമാരുടേതുതന്നെ.
ഒന്നാം ക്വാളിഫയറിൽ അഭിഷേകും ഹെഡുമടക്കമുള്ള മുൻനിര ബാറ്റർമാർ എളുപ്പം മടങ്ങിയിരുന്നു. ഏത് ബൗളർമാരെയും അടിച്ചുപറത്താൻ കരുത്തരാണ് ഇരുവരും. വിക്കറ്റ് കീപ്പർ ബാറ്റർ ഹെന്റിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, നിതീഷ് റെഡി, അബ്ദുൽ സമദ് തുടങ്ങിയ ബാറ്റർമാർ സൺറൈസേഴ്സ് നിരയിലുണ്ട്. മാർക്രത്തിന് പകരം ഗ്ലെൻ ഫിലിപ്പ്സിനെ ടീം മാനേജ്മെന്റ് പരിഗണിക്കുമെന്നും സൂചനയുണ്ട്.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനും ഫൈനൽ നിർണായകമാണ്. ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ആഷസും കഴിഞ്ഞ ആറുമാസത്തിനിടെ ആസ്ട്രേലിയക്ക് നേടിക്കൊടുത്ത ക്യാപ്റ്റനാണ് കമ്മിൻസ്. ഹൈദരാബാദിനെ ഗംഭീരമായി നയിക്കുന്ന ഇൗ കൂൾ ക്യാപ്റ്റന് ഐ.പി.എൽ കിരീടം മറ്റൊരു നാഴികക്കല്ലാകും. തികച്ചും പ്രാക്ടിക്കലായ കമ്മിൻസ് സഹതാരങ്ങളോടും കോച്ചുമാരോടും വിനയത്തോടെ പെരുമാറുന്ന താരംകൂടിയാണ്.
എല്ലാവരും ഇഷ്ടപ്പെടുന്ന ക്യാപ്റ്റനും താരങ്ങളും ആരാധകരും നൽകുന്ന പിന്തുണയും വലുതാണ്. ഫൈനലിൽ ജയിച്ചാൽ, ഐ.പി.എൽ കിരീടം ചൂടുന്ന മൂന്നാമത്തെ ആസ്ട്രേലിയക്കാരനായ ക്യാപ്റ്റനാകും കമ്മിൻസ്. 2009ൽ ഡെക്കാൻ ചാർജേഴ്സിനെ ആദം ഗിൽക്രിസ്റ്റും 2016ൽ സൺ റൈസേഴ്സിനെ ഡേവിഡ് വാർണറും കപ്പിലേക്ക് നയിച്ചിരുന്നു. മുൻ ഇന്ത്യൻ താരങ്ങളായ ഭുവനേശ്വർ കുമാറും ജയദേവ് ഉനദ്കടും കമ്മിൻസിന് കൂട്ടായി പേസ് നിരയിലുണ്ട്.
ഉനദ്കടിന് പകരം ഉമ്രാൻ മാലികിനെ പരീക്ഷിക്കാനും സാധ്യത ഏറെയാണ്. രാജസ്ഥാനെതിരെ തിളങ്ങിയ സ്പിന്നർമാരായ അഭിഷേക് ശർമയും ഷഹബാസ് അഹമ്മദും ഹൈദരാബാദിന്റെ സ്ലോ ബൗളിങ് പ്രതീക്ഷകളാണ്. രാത്രി 7.30നാണ് കളി. മഴ പെയ്താൽ മത്സരം റിസർവ് ദിനമായ നാളത്തേക്ക് മാറ്റും.
കുറച്ച് ഓവറുകൾ കളിച്ചാൽ പോലും റിസർവ് ദിനത്തിൽ മത്സരം പുതുതായി തുടങ്ങും. റിസർവ് ദിനത്തിലും മഴ കാരണം കളി ഉപേക്ഷിച്ചാൽ ലീഗ് ഘട്ടത്തിൽ കൂടുതൽ പോയന്റ് നേടിയ കൊൽക്കത്ത ജേതാക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.