ഐ.പി.എല്ലിൽ ഇന്ന് കിരീടപ്പോര്
text_fieldsഅഹ്മദാബാദ്: ഏകദേശം രണ്ടുമാസം മുമ്പ് മുംബൈയിലും നവി മുംബൈയിലും പുണെയിലുമായി ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങളുടെ പ്രയാണം കൊൽക്കത്തയും കടന്ന് ഞായറാഴ്ച രാത്രി അഹ്മദാബാദിൽ അവസാനിക്കുമ്പോൾ ആര് കിരീടമുയർത്തുമെന്ന ചോദ്യവും ആകാംക്ഷയും മാത്രം ബാക്കി.
കഴിഞ്ഞ വർഷം അവസാനം നിലവിൽ വന്ന് ഇക്കുറി തങ്ങളുടെ പ്രഥമ സീസണിൽത്തന്നെ ഫൈനലിലെത്തിയ ഗുജറാത്ത് ടൈറ്റൻസും ആദ്യ സീസണിലെ ജേതാക്കളായ രാജസ്ഥാൻ റോയൽസും വിജയദാഹവുമായി കിരീടത്തിന് ഇരുവശത്തും നിലയുറപ്പിച്ചിട്ടുണ്ട്.
ഒരു കാര്യമുറപ്പാണ്. ഫൈനലിൽ ആര് ജയിച്ചാലും കപ്പ് ഏറ്റുവാങ്ങുക പുതിയ നായകനായിരിക്കും. രാജസ്ഥാൻ കപ്പിത്താൻ സഞ്ജു സാംസണോ ഗുജറാത്തിനെ നയിക്കുന്ന ഹർദിക് പാണ്ഡ്യയോ ഇതുവരെ കിരീടമുയർത്തിയിട്ടില്ല. മത്സരം ട്വൻറി20 ആയതിനാൽ സാധ്യതകൾ ഫിഫ്റ്റി ഫിഫ്റ്റി. ഒന്നാം ക്വാളിഫയറിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ വിജയം ഗുജറാത്തിനൊപ്പമായിരുന്നു.
പിറക്കുമോ സഞ്ജു സാം'സൺ ഡേ'
2021ലെ സീസണിലാണ് മലയാളികൾക്കും അഭിമാനമായി സഞ്ജു രാജസ്ഥാനെ നയിക്കാനെത്തുന്നത്. എട്ട് ടീമുകൾ പങ്കെടുത്തതിൽ ഏഴാം സ്ഥാനത്തായി. ഇക്കുറി പക്ഷേ കാര്യങ്ങൾ മാറി. പോയൻറ് പട്ടികയിൽ രണ്ടാമന്മാരായി രാജസ്ഥാൻ പ്ലേ ഓഫിൽ. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റെങ്കിലും എലിമിനേറ്ററിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെതിരെ ഉജ്ജ്വല വിജയത്തോടെ ഫൈനലിൽ.
വിക്കറ്റിന് മുന്നിലും പിന്നിലും മികവ് പുലർത്തുന്ന സഞ്ജുവിന് പതിറ്റാണ്ടിലേക്ക് കടക്കുന്ന ഐ.പി.എൽ കരിയറിൽ കിരീടമോഹം പൂവണിയിക്കാൻ കിട്ടിയ സുവർണാവസരമാണിത്. സീസണിൽ നാലാം തവണയും മൂന്നക്കം കടന്ന ജോസ് ബട്ട് ലറാണ് ബാറ്റിങ്ങിൽ രാജസ്ഥാന്റെ കുന്തമുന.
സഞ്ജുവും മലയാളി സഹതാരം ദേവ്ദത്ത് പടിക്കലും ഷിമ്റോൺ ഹിറ്റെമെയറുമൊക്കെ ചേരുന്ന നിര ഗുജറാത്തിന് പണിയുണ്ടാക്കും. കഴിഞ്ഞ ദിവസം ബാംഗ്ലൂരിനെ വരിഞ്ഞുമുറുക്കിയ കാഴ്ചമാത്രം രാജസ്ഥാന്റെ ബൗളർമാരുടെ മികവ് അളക്കാൻ. പ്രസിദ്ധ് കൃഷ്ണയും ഒബേഡ് മെക്കോയും ചേരുന്ന പേസിനൊപ്പം കറങ്ങിത്തിരിയുന്ന പന്തുകളുമായി ആർ. അശ്വിനും യുസ്വേന്ദ്ര ചാഹലിനും താളം കണ്ടെത്താനായാൽ കപ്പ് 15ാം സീസണിലെ കപ്പ് രാജസ്ഥാനിലേക്ക് പോവും.
ടൈറ്റ് ഫൈറ്റിന് നാട്ടുകാർ
ഫൈനലിന്റെ വേദിയായി അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നേരത്തേ തീരുമാനിച്ചതാണ്. ആതിഥേയ ടീം തന്നെ കിരീടപ്പോരാട്ടത്തിനിറങ്ങുന്നത് ഗാലറിയെ ഇളക്കി മറിക്കും. തുടക്കക്കാരുടെ ഒരു അപരിചിതത്വവും കാട്ടാതെ ആദ്യമേ പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ടൈറ്റൻസ്. പോയന്റ് പട്ടികയിൽ 20ൽ എത്താനായത് ഇവർക്ക് മാത്രം.
ക്വാളിഫയർ ജയിച്ച് നേരിട്ട് ഫൈനലിലുമെത്തി. മുൻ മത്സരഫലങ്ങളിൽ രാജസ്ഥാനെതിരെ ഗുജറാത്തിന് മുൻതൂക്കമുണ്ട്. ലെഗ് സ്പിന്നർ റാഷിദ് ഖാനാണ് ടീമിന്റെ വജ്രായുധം. ഇത് വരെ 18 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഒന്നാം ക്വാളിഫയറിൽ നാല് ഓവർ എറിഞ്ഞപ്പോൾ രാജസ്ഥാൻ ബാറ്റ്സ്മാന്മാർക്ക് സ്കോർ ചെയ്യാനായത് വെറും 15 റൺസാണ് സ്കോർ ചെയ്യാനായത്. മധ്യനിരയിൽ ടീമിനെ ഒറ്റക്ക് ജയിപ്പിക്കാനുള്ള ശേഷി ഡേവിഡ് മില്ലറുടെ ബാറ്റിനുണ്ട്. മാത്യൂ വേഡും കാര്യമായി സംഭാവന ചെയ്യുന്നു. ക്യാപ്റ്റൻ പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവും ബൗളിങ്ങിൽ മുഹമ്മദ് ഷമിയുടെ പരിചയ സമ്പത്ത് കൂടി ചേർന്നാൽ കാര്യങ്ങൾ കുറച്ചുകൂടെ ടൈറ്റാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.