‘അന്താരാഷ്ട്ര ക്രിക്കറ്റ് വിടൂ...’; ആറു ഇംഗ്ലീഷ് സൂപ്പർ താരങ്ങൾക്ക് കോടികളുടെ വാഗ്ദാനവുമായി ഐ.പി.എൽ ഫ്രാഞ്ചൈസികൾ
text_fieldsകോടികളുടെ വാർഷിക കരാർ വാഗ്ദാനം ചെയ്ത് ഇംഗ്ലീഷ് താരങ്ങളെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ഫ്രാഞ്ചൈസി ഉടമകൾ ബന്ധപ്പെട്ടതായി റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിക്കുകയാണെങ്കിൽ വാർഷിക വരുമാനമായി അഞ്ചു മില്യൺ പൗണ്ട് വരെ താരങ്ങൾക്ക് വാഗ്ദാനം ചെയ്തതായി ‘ടൈംസ് ലണ്ടൻ’ റിപ്പോർട്ട് ചെയ്തു. പ്രധാനമായും ആറു പ്രമുഖ ഇംഗ്ലീഷ് താരങ്ങളെയാണ് ടീം ഉടമകൾ ബന്ധപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു.
ഐ.പി.എല്ലിലെ പത്ത് ഫ്രാഞ്ചൈസികളും വെസ്റ്റിൻഡീസ് (സി.പി.എൽ), ദക്ഷിണാഫ്രിക്ക (എസ്.എ ട്വന്‍റി20), യു.എ.ഇ (ഗ്ലോബൽ ട്വന്‍റി20 ലീഗ്) ഉൾപ്പെടെയുള്ള വിവിധ ട്വന്‍റി20 ലീഗുകളിൽ ഇതിനകം തന്നെ ടീമുകളെ ഇറക്കിയിട്ടുണ്ട്. എന്നാൽ, ഫ്രാഞ്ചൈസികളുടെ പേരുകളും ബന്ധപ്പെട്ട താരങ്ങളുടെ വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നില്ല. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ട്വന്‍റി20 ലീഗ് സംഘടിപ്പിക്കാൻ സൗദി അറേബ്യയും താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഇതിനായി വിവിധ ഐ.പി.എൽ ടീമുകളെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ‘അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടെ ആറ് ഇംഗ്ലീഷ് കളിക്കാരുമായി ഐ.പി.എൽ ഫ്രാഞ്ചൈസി ഉടമകൾ ബന്ധപ്പെടുകയും പ്രാരംഭ ചർച്ചകൾ നടത്തുകയും ചെയ്തു. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്, ഇംഗ്ലീണ്ട് കൗണ്ടി എന്നിവക്കു പകരം തങ്ങളുമായി സഹകരിക്കുന്ന കരാർ അംഗീകരിക്കാൻ തയാറാണോ എന്ന് ഉടമകൾ ചോദിച്ചു’ -ടൈംസ് ലണ്ടൻ റിപ്പോർട്ട് പറയുന്നു.
താരങ്ങളുമായി ഒരു വർഷത്തെ കരാറിലെത്താനാണ് ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ നിക്കം. അങ്ങനെയെങ്കിൽ വിവിധ ലീഗുകളിൽ ഈ താരങ്ങളെ ഇറക്കാനാകും. നിലവിൽ ഐ.പി.എൽ ടീമുകളുമായി കരാറിലെത്തുന്ന താരങ്ങൾക്ക് ദേശീയ ടീമിന്‍റെ മത്സരങ്ങൾ നടക്കുമ്പോൾ പങ്കെടുക്കാൻ കഴിയാറില്ല. ആസ്ട്രേലിയൻ ട്വന്‍റി20 സ്പെഷലിസ്റ്റ് താരവുമായും സമാനരീതിയിൽ ചർച്ച നടന്നതായും പത്രം റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്, ഇംഗ്ലീണ്ട് കൗണ്ടി എന്നിവരുടെ വാർഷിക തുകയേക്കാൾ അഞ്ചിരട്ടിയാണ് താരങ്ങൾക്ക് ഐ.പി.എൽ ഫ്രാഞ്ചൈസികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ക്ലബ് ഫുട്ബാൾ മാതൃകയിൽ താരങ്ങളുടെ പ്രാഥമിക കരാർ ഐ.പി.എൽ ടീമുമായിട്ടായിരിക്കും. ഈ താരങ്ങളെ ദേശീയ ടീമിന്‍റെ മത്സരത്തിനായി വിടുന്നതിൽ ഐ.പി.എൽ ഉടമകളായിരിക്കും തീരുമാനം കൈക്കൊള്ളുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.