ഐ.പി.എൽ മാർച്ച് 22 മുതൽ; എല്ലാ മത്സരങ്ങളും ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണിന് മാർച്ച് 22ന് തുടക്കമാകും. ലീഗ് ചെയർമാൻ അരുൺ ധുമൽ ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കും. ആദ്യ 15 ദിവസത്തെ ഷെഡ്യൂൾ മാത്രമാകും പുറത്തുവിടുകയെന്നും ബാക്കി മത്സരങ്ങളുടേത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐ.പി.എല്ലിന്റെ 17ാം എഡിഷൻ എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
‘മാർച്ച് 22ന് ടൂർണമെന്റ് ആരംഭിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ സർക്കാർ ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്. ആദ്യം പ്രാരംഭ ഷെഡ്യൂൾ പുറത്തിറക്കും. ടൂർണമെന്റ് പൂർണമായും ഇന്ത്യയിലായിരിക്കും നടക്കുക. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ അടുത്ത മാസം ആദ്യം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -അരുൺ ധുമൽ പറഞ്ഞു.
2009ലാണ് ഐ.പി.എൽ പൂർണമായി വിദേശരാജ്യത്ത് നടന്നത്. ദക്ഷിണാഫ്രിക്കയിലായിരുന്നു മത്സരങ്ങൾ. 2014ൽ തെരഞ്ഞെടുപ്പ് കാരണം ഏതാനും മത്സരങ്ങൾ യു.എ.ഇയിൽ നടത്തി. എന്നാൽ, 2019ൽ തെരഞ്ഞെടുപ്പുണ്ടായിട്ടും മത്സരങ്ങൾ പൂർണമായും ഇന്ത്യയിലാണ് നടന്നത്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിലാകും ഉദ്ഘാടന മത്സരം. ഐ.പി.എൽ ലേലം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. ആസ്ട്രേലിയൻ പേസർ മിചൽ സ്റ്റാർക്കാണ് ഏറ്റവും വിലപിടിപ്പുള്ള താരമായത്. 24.75 കോടി രൂപക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് താരത്തെ സ്വന്തമാക്കിയത്.
മേയ് 26നായിരിക്കും ഫൈനൽ അരങ്ങേറുക. ട്വന്റി 20 ലോകകപ്പ് കൂടി പരിഗണിച്ചാവും ഫൈനലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ്. ജൂൺ ഒന്നിന് യു.എസ്.എ-കനഡ മത്സരത്തോടെയാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.