ഐ.പി.എൽ എവിടേക്കും പോകുന്നില്ല! അഭ്യൂഹങ്ങൾ തള്ളി ലീഗ് ചെയർമാൻ
text_fieldsലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) രണ്ടാംപാദ മത്സരങ്ങൾ രാജ്യത്തിനു പുറത്തേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങൾ തള്ളി ലീഗ് ചെയർമാൻ അരുൺ ധൂമൽ. മത്സരങ്ങൾ യു.എ.ഇയിൽ നടത്തുന്നതിന്റെ സാധ്യത ബി.സി.സി.ഐ പരിശോധിക്കുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
പൊതുതെരഞ്ഞെടുപ്പും ഐ.പി.എല്ലിന്റെ രണ്ടാംപാദ മത്സരങ്ങളും ഒരേ തീയതികളിൽ വരുന്നത് പ്രയാസമുണ്ടാക്കുമെന്നും അതിനാൽ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും വാർത്തകളുണ്ടായിരുന്നു. ചില ഫ്രാഞ്ചൈസികൾ കളിക്കാരോട് പാസ്പോർട്ടുകൾ ആവശ്യപ്പെട്ടതും സംശയം ബലപ്പെടുത്തി. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ച് ലീഗ് ചെയർമാൻ തന്നെ രംഗത്തുവന്നത്.
‘ഐ.പി.എൽ എവിടേക്കും മാറ്റുന്നില്ല. ബാക്കി മത്സരങ്ങളുടെ സമയക്രമം ഉടൻ പ്രഖ്യാപിക്കും’ -ധൂമൽ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. രണ്ടാഴ്ചത്തെ മത്സരങ്ങളുടെ സമയക്രമം മാത്രമാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. ഈമാസം 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ രാജ്യത്ത് ഐ.പി.എൽ നടന്നതുപോലെ തന്നെ ഇത്തവണയും ടൂർണമെന്‍റ് പൂർണമായും ഇന്ത്യയിൽ തന്നെ നടക്കുമെന്ന് നേരത്തെ തന്നെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ,
2014ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഐ.പി.എല്ലിന്റെ ആദ്യപകുതിയിലെ മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റിയിരുന്നു. 21 മത്സരങ്ങൾ ഉൾപ്പെടുന്ന ഐ.പി.എല്ലിന്റെ ആദ്യ പകുതിയുടെ ഷെഡ്യൂൾ കഴിഞ്ഞ മാസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ടൂർണമെന്റിന്റെ ആദ്യ പകുതിയിലെ അവസാന മത്സരത്തിൽ ഏപ്രിൽ ഏഴിന് ലഖ്‌നോ സൂപ്പർ ജയന്റ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.