സംപ്രേഷണാവകാശ മൂല്യത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെയും പിറകിലാക്കി ഐ.പി.എൽ ലോകത്ത് രണ്ടാമത്
text_fieldsന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തേക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സംപ്രേഷണാവകാശം റെക്കോഡ് തുകക്ക് സ്വന്തമാക്കി വാൾട്ട് ഡിസ്നിയുടെ സ്റ്റാർ ഇന്ത്യയും റിലയൻസ് നേതൃത്വത്തിലുള്ള വയാകോം18ഉം. മൂന്നു ദിവസമായി നടന്ന ഇ-ലേലത്തിനൊടുവിൽ ആകെ 48,390 കോടി രൂപക്കാണ് രണ്ടു കമ്പനികൾക്കുമായി നൽകിയത്.
23,575 കോടി രൂപക്ക് ടെലിവിഷൻ സംപ്രേഷണാവകാശങ്ങൾ സ്റ്റാർ ഇന്ത്യക്ക് ലഭിച്ചു. ഡിജിറ്റൽ മാധ്യമ അവകാശം 23,758 കോടിക്ക് വയാകോം18ഉം നേടി. 2023-27 സീസണുകളിലേക്കായിരുന്നു ലേലം. ഇതുപ്രകാരം ഓരോ മത്സരത്തിൽനിന്നും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് 114 കോടി രൂപ വരുമാനമായി ലഭിക്കും. പതിറ്റാണ്ടുകളുടെ പാരമ്പര്യവും എത്രയോ ഇരട്ടി പ്രേക്ഷക പിന്തുണയുമുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാളും (82 കോടി രൂപ) മുകളിലാണിത്. അമേരിക്കയിലെ നാഷനൽ ഫുട്ബാൾ ലീഗ് (132 കോടി രൂപ) മാത്രമാണ് ഐ.പി.എല്ലിന് മുന്നിൽ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്ന ലീഗായി മാറിയിരിക്കുകയാണ് ഐ.പി.എൽ.
2017-22ലെ ടി.വി-ഡിജിറ്റൽ സംപ്രേഷണാവകാശം 16,347.50 കോടി രൂപക്കാണ് സ്റ്റാർ ഇന്ത്യക്ക് നൽകിയത്. ഇത്തവണ രണ്ടും വ്യത്യസ്ത കമ്പനികൾക്കായി. പാക്കേജ് എയാണ് ടി.വി സംപ്രേഷണാവകാശം. ആകെ 23,575 കോടിയിൽനിന്ന് ഓരോ മത്സരത്തിലെയും വരുമാനം 57.5 കോടി. പാക്കേജ് ബിയിൽ ഡിജിറ്റൽ മാധ്യമാവകാശം വയാകോം18 നൽകിയതിൽനിന്ന് മത്സരമൊന്നിന് 57.9 കോടി രൂപ വരുമാനം ബി.സി.സി.ഐക്ക് ലഭിക്കും.
20,500 കോടിയാണ് പാക്കേജ് ബിയുടെ ലേലം. ഉദ്ഘാടന മത്സരം, പ്ലേഓഫ്, ഒരു ദിവസം രണ്ടു മത്സരങ്ങൾ എന്നിങ്ങനെ നോൺ എക്സ്ക്ല്യൂസിവ് വിഭാഗത്തിൽ ഉൾപ്പെടുത്തിയ 18 കളികളുടെ (പാക്കേജ് സി) ഡിജിറ്റൽ അവകാശം 2991 കോടിക്കും വയാകോം18 തന്നെ സ്വന്തമാക്കി. വിദേശത്തെ ഡിജിറ്റൽ, ടി.വി സംപ്രേഷണാവകാശമായ പാക്കേജ് ഡി 1300 കോടിക്ക് വയാകോം18ഉം ടൈംസ് ഇന്റർനെറ്റും ചേർന്നാണ് ലേലത്തിലെടുത്തത്.
നാലു പാക്കേജുകളിൽ യഥാക്രമം 49 കോടി, 33 കോടി, 11 കോടി, മൂന്നു കോടി രൂപയായിരുന്നു ലേലത്തിൽ ഒരു മത്സരത്തിന്റെ അടിസ്ഥാനവില.
അഞ്ചു വർഷത്തേക്ക് 410 മത്സരങ്ങളുടെ സംപ്രേഷണാവകാശമാണ് സ്റ്റാർ ഇന്ത്യക്കും വയാകോം18ഉം നൽകിയിരിക്കുന്നത്. ആദ്യ നാലു സീസണുകളിൽ 74 വീതവും 2027ൽ 94ഉം മത്സരങ്ങളുണ്ടാവും. മൂന്നു ദിവസത്തെ ലേലം പൂർത്തിയായതോടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപനം നടത്തി. ഐ.പി.എൽ ആദ്യത്തെ 10 സീസണിൽ സോണി പിക്ചേഴ്സ് നെറ്റ് വർക്കിനായിരുന്നു (8200 കോടി) സംപ്രേഷണാവകാശം. 2017ലാണ് സ്റ്റാറിന് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.