ഐ.പി.എൽ; തുടക്കം മുതലാക്കാനാകാതെ കൊൽക്കത്ത, ബംഗളൂരുവിന് 175 റൺസ് വിജയലക്ഷ്യം
text_fieldsകൊൽക്കത്ത: ഐ.പി.എൽ 18ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (56), സുനിൽ നരെയ്ൻ (44), ആങ്ക്രിഷ് രഘുവംശി (30) എന്നിവർ ആതിഥേയർക്കായി മികവ് കാട്ടി. ആർ.സി.ബിക്കായി ക്രുനാൽ പാണ്ഡ്യ മൂന്നും ജോഷ് ഹേസൽവുഡ് രണ്ടും വിക്കറ്റ് വീഴ്ത്തി.
സ്വന്തം കാണികൾക്കു മുന്നിൽ പ്രതീക്ഷകളോടെയിറങ്ങിയ നിലവിലെ ചാമ്പ്യന്മാർക്ക് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. കൂറ്റനടിക്കാരൻ ക്വിന്‍റൺ ഡികോക്ക് ആദ്യ ഓവറിൽ തന്നെ പുറത്തായി. എന്നാൽ, പിന്നീട് ഒത്തുചേർന്ന രഹാനെ-നരെയ്ൻ കൂട്ടുകെട്ട് കൊൽക്കത്ത ഇന്നിങ്സിന് അടിത്തറപാകി. 103 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇവരുണ്ടാക്കിയത്. 10ാം ഓവറിൽ നരെയ്ൻ പുറത്താകുമ്പോൾ 107 റൺസായിരുന്നു ബോർഡിൽ.
നന്നായി കളിച്ച നരെയ്ന്‍റെയും രഹാനെയുടെയും വിക്കറ്റുകൾ തുടർച്ചയായ ഓവറുകളിൽ വീണത് കൊൽക്കത്തക്ക് തിരിച്ചടിയായി. പിന്നീട് രഘുവംശിക്കൊഴികെ മറ്റാർക്കും താളംകണ്ടെത്താനാകാത്തത് റൺനിരക്ക് താഴ്ത്തി. പ്രതീക്ഷയോടെയെത്തിയ 12 റൺസ് മാത്രമെടുത്ത് പുറത്തായി. കൂറ്റനടിക്കാരൻ ആൻഡ്രെ റസ്സൽ നാല് റൺസിനും പുറത്തായി. അവസാന ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ ആർ.സി.ബി ബൗളർമാർക്കായതോടെ സ്കോർ 174ൽ ഒതുങ്ങി.
ബംഗളൂരു ബൗളർമാരിൽ നാലോവറിൽ 29 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും, 22 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹേസൽവുഡുമാണ് മികവ് കാട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.