ഐ.പി.എൽ: രാജസ്ഥാനെതിരെ ചെന്നൈക്ക് 183 റൺസ് വിജയലക്ഷ്യം
text_fieldsഗുവാഹതി: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 182 റൺസെടുത്തത്. നിതീഷ് റാണ (81), ക്യാപ്റ്റൻ റയാൻ പരാഗ് (37) എന്നിവർ രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം നടത്തി.
തുടക്കത്തിലേ രാജസ്ഥാന് യാശ്വസി ജയ്സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് സഞ്ജു-നിതീഷ് റാണ സഖ്യം ഇന്നിങ്സ് പടുത്തുയർത്തി. നിതീഷ് റാണ ഒരു വശത്ത് അടിച്ചുതകർത്തപ്പോൾ സഞ്ജുവിന്‍റെ സ്കോറിങ് പതുക്കെയായിരുന്നു. 16 പന്തിൽ 20 റൺസെടുത്ത് സഞ്ജു പുറത്തായി. മികച്ച ഫോമിൽ കളിച്ച് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന നിതീഷ് റാണയെ അശ്വിനാണ് വീഴ്ത്തിയത്. 36 പന്തിൽ അഞ്ച് സിക്സറും 10 ഫോറുമാണ് നിതീഷ് പറത്തിയത്.
റൺ കണ്ടെത്താൻ പ്രയാസപ്പെട്ട ധ്രുവ് ജുറലിനെ (3) നൂർ അഹമ്മദ് പുറത്താക്കി. വാനിഡു ഹസരംഗ (4) ഒരിക്കൽകൂടി പരാജയമായി. 18ാം ഓവറിലെ അവസാന പന്തിൽ പരാഗിന്‍റെ വിക്കറ്റ് പതിരാന തെറിപ്പിച്ചു. ഷിമോൺ ഹെറ്റ്മയർ 19 റൺസെടുത്തും ജോഫ്ര ആർച്ചർ റണ്ണൊന്നുമെടുക്കാതെയും ഇംപാക്ട് പ്ലെയർ കുമാർ കാർത്തികേയ ഒരു റണ്ണെടുത്തും മടങ്ങി. മതീശ തീക്ഷണ (2), തുഷാർ ദേശ്പാണ്ഡെ (1) എന്നിവർ പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ റൺ നിരക്ക് ഉയരാത്തത് രാജസ്ഥാന് തിരിച്ചടിയായി.
ചെന്നൈക്കായി നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീശ പതിരാന എന്നിവർ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.