തുടക്കം ഗംഭീരം, ഒടുക്കം ദുരന്തം; ബാംഗ്ലൂരിനെ 156 റൺസിലൊതുക്കി ചെന്നൈ
text_fieldsഷാർജ: ഐ.പി.എല്ലിൽ അവസാന ഓവറുകൾ എപ്പോഴും ആവേശഭരിതമാണ്. തലങ്ങും വിലങ്ങും വരുന്ന സിക്സറുകളും ബൗണ്ടറിയുമെല്ലാം ആരെയും ത്രസിപ്പിക്കും. പ്രത്യേകിച്ച് ഡിവില്ലേഴ്സ്, മാക്സ്വെൽ പോലുള്ള താരങ്ങൾ ക്രീസിലുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട.
എന്നാൽ, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ഈ രണ്ട് താരങ്ങളിൽനിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. ധോണിയെന്ന നായകന്‍റെ തന്ത്രങ്ങൾക്ക് മുന്നിൽ ബാംഗ്ലൂരിന്‍റെ ബാറ്റ്സ്മാൻമാർ ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു.
ഓപ്പണർമാരായ ക്യാപ്റ്റൻ വിരാട് കോഹ്ലിയും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും കരുത്തറ്റ ബാംഗ്ലൂർ ബാറ്റിങ് നിരക്ക് ചെന്നൈക്കെതിരെ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനെ സാധിച്ചുള്ളൂ.
പടിക്കൽ 50 പന്തിൽ 70ഉം കോഹ്ലി 41 പന്തിൽ 53 റൺസുമാണ് നേടിയത്. മൂന്ന് സിക്സും അഞ്ച് ബൗണ്ടറിയുമടങ്ങുന്നതാണ് പടിക്കലിന്‍റെ ഇന്നിങ്സ്.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ അടിച്ചുകളിച്ച കോഹ്ലിയും പടിക്കലും ബാംഗ്ലൂരിനെ 200 റൺസ് കടത്തിക്കുമെന്ന് തോന്നിപ്പിച്ചു. ഇരുവരും ചേർന്ന് 111 റൺസിന്‍റെ കൂട്ടുകെട്ടാണ് തീർത്തത്.
14ാമത്തെ ഓവറിൽ കോഹ്ലി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ തകർച്ച തുടങ്ങി. ബ്രാവോക്കായിരുന്നു വിക്കറ്റ്. ഇതിനുശേഷം വന്ന ഡിവില്ലേഴ്സ് 12 റൺസെടുത്ത് പുറത്തായി. അടുത്ത പന്തിൽ പടിക്കലും മടങ്ങി. ഷർദുൽ താക്കൂറിനാണ് രണ്ടുപേരുടെയും വിക്കറ്റ്.
മാക്സ്വെൽ (11), ടിം ഡേവിഡ് (1), ഹർഷൽ പേട്ടൽ (3), എന്നിങ്ങനെയാണ് പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. വാനിന്ദു ഹസാരംഗ ഒരു റൺസെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈക്ക് വേണ്ടി ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചഹാറിനാണ് ഒരു വിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.