ഐ.പി.എൽ: റൈസിങ് സൺ
text_fields2016ലെ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ട സൺറൈസേഴ്സ് ഹൈദരാബാദ് പിന്നീട് ചില സീസണുകളിൽ മിന്നും പ്രകടനം ആവർത്തിച്ചെങ്കിലും 2020നുശേഷം പ്ലേ ഓഫിൽ എത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ 10ാമതായി അവസാന സ്ഥാനത്തും 2022ലും 2021ലും ടേബിളിൽ എട്ടാമതുമെത്താനേ ഹൈദരാബാദിന് കഴിഞ്ഞിരുന്നുള്ളൂ.
എന്നാൽ പുതിയ സീസണിലെ ലേലത്തിൽ ടീമിനെ അടിമുടി ശക്തരാക്കിയാണ് ഹൈദരാബാദിന്റെ വരവ്. ലേലത്തിൽ 20.5 കോടി മുടക്കി ആസ്ട്രേലിയൻ താരം പാറ്റ് കമിൻസിനെ ടീമിലെത്തിച്ചതാണ് അവരുടെ നിർണായക മാറ്റം. എയ്ഡൻ മർക്രത്തിന് പകരം പാറ്റ് കമിൻസിനാവും ഇക്കുറി നായക പദവി. ഏകദിന ലോകകപ്പ് നേടിയ ആസ്ട്രേലിയയുടെ നായകനായിരുന്നു കമിൻസ്.
വൗ.. ബൗളിങ്
ഐ.പി.എൽ ടീമുകളിലെ ഏറ്റവും ശക്തമായ പേസ് ബൗളിങ് നിരയാണ് സൺറൈസേഴ്സിന്റെ മുതൽക്കൂട്ട്. ന്യൂബാളിനും ഡെത്ത് ഓവറുകളിലുമെല്ലാം പന്തെറിയാൻ പാകത്തിനുള്ള വലിയ നിര ടീമിനൊപ്പമുണ്ട്. പാറ്റ് കമിൻസിനൊപ്പം ഭുവനേശ്വർ കുമാർ കൂട്ടുകെട്ട് തുടങ്ങിവെക്കുന്ന പേസ് നിരയിൽ ഫസൽഹഖ് ഫാറൂഖിയും അതിവേഗ പേസർ ഉമ്രാൻ മാലികും സൺറൈസേഴ്സിന്റെ ‘സ്വന്തം’ടി. നടരാജനും കൂടി ചേർന്നാൽ ഹൈദരാബാദിന് ബൗളിങ്ങിൽ തിരിഞ്ഞുനോക്കേണ്ടി വരില്ല. സ്പിന്നറായി വനിന്ദു ഹസരംഗ കൂടി ടീമിനൊപ്പമുള്ളതും നേട്ടമാണ്.
മാറി മാറി ബൗളർമാരെ പരീക്ഷിക്കാനുള്ളവർ ഹൈദരാബദിനൊപ്പം ഉണ്ട്. മാർക്കോ ജാൻസെനും ഷിംഗ്ടൺ സുന്ദറും അഭിഷേക് ശർമയും ഓൾറൗണ്ടർ തസ്തികയിൽ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
ഓ..ബാറ്റിങ്
ബൗളിങ്ങിൽ അതിശക്തരാണെങ്കിലും ബാറ്റിങ്ങിൽ അത്രക്ക് പ്രതീക്ഷവെക്കാൻ ഹൈദരാബദിനാവില്ല. മുമ്പ് ഡേവിഡ് വാർണർ കൈകാര്യം ചെയ്തിരുന്ന റോളിന് പകരംവെക്കാൻ ടീമിൽ ആളില്ല എന്നത് ഒരു വസ്തുതയാണ്. റാഷിദ് ഖാൻ ടീം വിട്ടുപോയതും ഹൈദരാബാദിന് വലിയ നഷ്ടമായിരുന്നു.
എയ്ഡൻ മർക്രത്തിലും അഭിഷേക് ശർമയിലും രാഹുൽ ത്രിപാഠിയിലും ഗ്ലെൻ ഫിലിപ്സിലും വലിയ പ്രതീക്ഷയർപ്പിച്ചാണ് സൺറൈസേഴ്സ് ഐ.പി.എൽ പുതുസീസണിന് തയാറെടുക്കുന്നത്. മാർച്ച് 23ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
സ്ക്വാഡ്
പാറ്റ് കമിൻസ് (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, അബ്ദുൽ സമദ്, അഭിഷേക് ശർമ, മാർക്കോ ജാൻസെൻ, രാഹുൽ ത്രിപാഠി, വാഷിങ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, സൻവീർ സിങ്, ഹെൻറിച്ച് ക്ലാസൻ, ഭുവനേശ്വർ കുമാർ, മായങ്ക് അഗർവാൾ, ടി. നടരാജൻ, അൻമോൽപ്രീത് സിങ്, മായങ്ക് മാർക്കണ്ഡേ, ഉപേന്ദ്ര സിങ് യാദവ്, ഉമ്രാൻ മാലിക്, നിതീഷ് കുമാർ റെഡ്ഡി, ഫസൽഹഖ് ഫാറൂഖി, ഷഹബാസ് അഹമ്മദ്, ട്രാവിസ് ഹെഡ്, വനിന്ദു ഹസരംഗ, ജയ്ദേവ് ഉനദ്കട്ട്, ആകാശ് സിങ്, ജാതവേദ് സുബ്രഹ്മണ്യൻ.
കിങ്സ് പഞ്ച്
2014ന് ശേഷം േപ്ല ഓഫിൽ പോലും ഇടംനേടാനാകാതെ പോയ ടീമാണ് പഞ്ചാബ്. കഴിഞ്ഞ പത്ത് വർഷത്തെ നിരാശപ്പെടുത്തുന്ന ഓർമകളെ മാറ്റിക്കുറിക്കാൻ രണ്ടും കൽപ്പിച്ചാണ് രാജാക്കന്മാരുടെ എഴുന്നള്ളിപ്പ്. കഴിഞ്ഞ തവണ എട്ടാം സ്ഥാനവും 2022ലും 2021ൽ ആറാം സ്ഥാനവുമായിരുന്നു ടീമിന്റെ സ്ഥാനം.
ശിഖർ ധവാന്റെ കീഴിൽ ജിതേഷ് ശർമയും ലിയാം ലിവിങ്സ്റ്റണും ജോണി ബെയർസ്റ്റോയും ബാറ്റിങ്ങിന് കരുത്തേകുമെങ്കിലും സ്റ്റാർ ബാറ്റിങ് നിരയുടെ കുറവ് പഞ്ചാബിനുണ്ട്. എന്നിരുന്നാലും ആൾറൗണ്ടർമാരുടെ യുവനിരയിൽ നിന്ന് ടീം വലിയ പ്രതീക്ഷവെക്കുന്നുണ്ട്. ടീമിനെ അടിക്കടി മാറ്റിയിട്ടും പഞ്ചാബിന് കാര്യമായ ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത ക്ഷീണം ഈ സീസണിൽ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കിങ്സ് ടീം.
ലക്ഷ്യം ആദ്യ കിരീടം
ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്കാണ് പഞ്ചാബ് കിങ്സ് കച്ചമുറുക്കുന്നത്. കന്നിക്കിരീടത്തിനായി രാജകീയ കളി തന്നെ പുറത്തെടുത്ത് ചാമ്പ്യൻമാരാകാത്ത ടീമെന്ന പേര് അവർക്ക് മാറ്റേണ്ടതുണ്ട്. ഒാരോ സീസണിലും ടീമിനെ അടിമുടി മാറ്റി ഇറക്കിയിട്ടും കാര്യമായ ഗുണം ചെയ്തിരുന്നില്ല. ഇപ്രാവശ്യവും ശിഖർ ധവാൻ തന്നെയാണ് ടീമിനെ നയിക്കുന്നത്.
ഐ.പി.എല്ലിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന ധവാൻ ടീമിന് ഏറെ ആത്മവിശ്വാസം നൽകും. ഐ.പി.എല്ലിലെ മുൻ സീസണുകളിൽ ശ്രദ്ധേയ പ്രകടനം നടത്തിയ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണും പഞ്ചാബിന്റെ ശക്തനായ പോരാളിയാകും. ഹർഷൽ പട്ടേലും ക്രിസ് വോക്സുമാണ് ടീമിലെത്തിയ പുതിയ താരങ്ങൾ.
പേസിൽ പ്രതീക്ഷ
പഞ്ചാബ് കിങ്സിന്റെ പേസ് നിരയിലാണ് അവർക്ക് ഏറെ പ്രതീക്ഷയുള്ളത്. ലോകോത്തര ഫാസ്റ്റ് ബൗളർ ദക്ഷിണാഫ്രിക്കൻ താരം കാഗിസോ റബാഡയാണ് ബൗളിങ്ങിലെ സ്റ്റാർ പ്ലയർ. കൂട്ടിന് ഇന്ത്യൻ വജ്രായുധം അർഷദീപ് സിങ്ങും ഹർഷൽ പട്ടേലും ഒപ്പം ചേരുന്നതോടെ കിങ്സിന്റെ ബൗളിങ് തുടക്കം ഗംഭീരമാകും. ആസ്ട്രേലിയൻ താരം നഥാൻ എല്ലിസ്, സ്പിന്നർ രാഹുൽ ചഹർ എന്നിവരും ടീമിലെ പ്രതീക്ഷ പുലർത്തുന്ന താരങ്ങളാണ്. എട്ട് വിദേശ താരങ്ങളുമായാണ് ഇക്കുറി പഞ്ചാബ് ഗോദയിലിറങ്ങുന്നത്. മാർച്ച് 23ന് ഡൽഹി കാപ്പിറ്റൽസുമായാണ് പഞ്ചാബിന്റെ ആദ്യ മത്സരം.
സ്ക്വാഡ്
ശിഖർ ധവാൻ (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിങ്, ജിതേഷ് ശർമ, സിക്കന്ദർ റാസ, ഋഷി ധവാൻ, ലിയാം ലിവിങ്സ്റ്റൺ, അഥർവ ടൈഡെ, അർഷ്ദീപ് സിങ്, നഥാൻ എല്ലിസ്, സാം കറൻ, കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, ഹർപ്രീത് കവേർപപ്പ, വിദ്വ ഭാട്ടിയ, ശിവം സിങ്, ഹർഷൽ പട്ടേൽ, ക്രിസ് വോക്സ്, അശുതോഷ് ശർമ, വിശ്വനാഥ് പ്രതാപ് സിങ്, ശശാങ്ക് സിങ്, തനയ് ത്യാഗരാജൻ, പ്രിൻസ് ചൗധരി, റിലീ റോസൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.