ഐ.പി.എൽ സാമ്പ്ൾ പൂരം: മെഗാ ലേലം നാളെ തുടങ്ങും
text_fieldsബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ശനി, ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നടക്കും. പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്. 228 കാപ്ഡ് താരങ്ങളും (ദേശീയ ടീമിനായി കളിച്ചവർ) 335 അൺകാപ്ഡ് താരങ്ങളും (ദേശീയ ടീമിനായി കളിക്കാത്തവർ) ഏഴു അസോസിയേറ്റ് രാജ്യ കളിക്കാരുമാണ് ലേലത്തിനുള്ളത്. ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്. ലഖ്നോ സൂപ്പർ ജയന്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേല മേശയിലുണ്ടാവുക.
രണ്ടു കോടി രൂപ മുതൽ 20 ലക്ഷം രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങൾ ഉണ്ട്. ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ദീപക് ചഹാർ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ഇഷാൻ കിഷൻ, ഭുവനേശ്വർ കുമാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ, ഹർഷൽ പട്ടേൽ, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശർദുൽ ഠാകുർ, റോബിൻ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ. മുജീബ് സദ്റാൻ, ആഷ്ടൺ ആഗർ, നതാൻ കോർട്ടർനൈൽ, പാറ്റ് കമ്മിൻസ്, ജോഷ് ഹാസൽവുഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആഡം സാംപ, ശാകിബുൽ ഹസൻ, മുസ്തഫിസുർ റഹ്മാൻ, സാം ബില്ലിങ്സ്, സാഖിബ് മഹ്മൂദ്, ക്രിസ് ജോർഡൻ, ക്രെയ്ഗ് ഓവർട്ടൺ, ആദിൽ റഷീദ്, ജേസൺ റോയ്, ജെയിംസ് വിൻസ്, ഡേവിഡ് വില്ല, ട്രെൻറ് ബോൾട്ട്, ലോക്കി ഫെർഗൂസൺ, ക്വിന്റൺ ഡികോക്, മർച്ചൻഡ് ഡി ലാൻഗെ, ഫാഫ് ഡുപ്ലസി, കാഗിസോ റബാദ, ഇംറാൻ താഹിർ, ഫാബിയൻ അലൻ, ഡ്വൈൻ ബ്രാവോ, എവിൻ ലൂയിസ് എന്നിവരാണ് ഈ പട്ടികയിൽ വരുന്ന വിദേശ താരങ്ങൾ.
കുട്ടികളും വെറ്ററൻസും
ബംഗളൂരു: ഐ.പി.എൽ ലേലത്തിലെ ബേബിമാർ രണ്ടു പേരാണ്. 17 വയസ്സുകാരായ അഫ്ഗാനിസ്താന്റെ നൂർ അഹ്മദും ഇന്ത്യയുടെ ക്രീവിറ്റ്സോ കെൻസെയും. ഇടംകൈയ്യൻ ചൈനമാൻ ബൗളറായ നൂർ ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ അഫ്ഗാന്റെ വജ്രായുധമായിരുന്നു. റാഷിദ് ഖാന്റെയും മുജീബുല്ല സദ്റാന്റെയും പിൻഗാമിയായി നൂറും ഐ.പി.എല്ലിൽ ഓളങ്ങൾ തീർക്കുമെന്നാണ് കരുതപ്പെടുന്നത്. നാഗലാൻഡുകാരനായ കെൻസെ ലെഗ്സ്പിന്നറാണ്. അണ്ടർ 19 ലോകകപ്പിൽ തിളങ്ങിയ മറ്റൊരു അഫ്ഗാൻ താരമായ18കാരൻ ഇഷ്ഹാറുൽ ഹഖ് നവീദും ലെഗ്ബ്രേക്ക് ബൗളറാണ്. ഉത്തർപ്രദേശുകാരായ രണ്ടു 18കാരാണ് മറ്റു രണ്ടു പേർ. വലംകൈയ്യൻ പേസർ ആഖിബ് ഖാനും വലങ്കയ്യൻ ബാറ്റർ സമീർ റിസ്വിയും.
ദക്ഷിണാഫ്രിക്കൻ ലെഗ്സ്പിന്നർ ഇംറാൻ താഹിറാണ് (43) ലേലത്തിനുള്ള സീനിയർ സിറ്റിസൺ. വിൻഡീസ് പേസർ ഫിദൽ എഡ്വേർഡ്സ് (40), ഇന്ത്യൻ താരങ്ങളായ എസ്. ശ്രീശാന്ത് (39), അമിത് മിശ്ര (39), വിൻഡീസ് ഓൾറൗണ്ടർ ഡ്വൈൻ ബ്രാവോ (38) എന്നിവരാണ് മറ്റു വെറ്ററൻ താരങ്ങൾ.
നിലനിർത്തിയ താരങ്ങൾ
ലേലത്തിന് മുമ്പുള്ള അവസരത്തിൽ വിവിധ ടീമുകൾ ചില കളിക്കാരെ നിലനിർത്തിയിരുന്നു.
പഞ്ചാബ് കിങ്സ്: മായങ്ക് അഗർവാൾ, ഷർഷദീപ് സിങ്.
സൺറൈസേഴ്സ് ഹൈദരാബാദ്: കെയ്ൻ വില്യംസൺ, ഉംറാൻ മാലിക്, അബ്ദുസ്സമദ്.
രാജസ്ഥാൻ റോയൽസ്: സഞ്ജു സാംസൺ, ജോഷ് ബട്ലർ, യശസ്വി ജെയ്സ്വാൾ.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, കീറൺ പൊള്ളാർഡ്, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്.
ചെന്നൈ സൂപ്പർ കിങ്സ്: എം.എസ്. ധോണി, രവീന്ദ്ര ജദേജ, മുഈൻ അലി, ഋതുരാജ് ഗെയ്ക്വാദ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, വെങ്കിടേഷ് അയ്യർ, വരുൺ ചക്രവർത്തി.
ഡൽഹി കാപിറ്റൽസ്: ഋഷഭ് പന്ത്, അക്സർ പട്ടേൽ, പൃഥ്വി ഷാ, ആന്റിച് നോർട്യേ.
ലഖ്നോ സൂപ്പർ ജയന്റ്സ്: ലോകേഷ് രാഹുൽ, മാർകസ് സ്റ്റോയ്നിസ്, രവി ബിഷ്ണോയ്.
ഗുജറാത്ത് ടൈറ്റൻസ്: ഹർദിക് പാണ്ഡ്യ, റാഷിദ് ഖാൻ, ശുഭ്മൻ ഗിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.