മുംബൈയോ ലഖ്നോയോ? എലിമിനേഷൻ
text_fieldsചെന്നൈ: ഐ.പി.എൽ പ്ലേ ഓഫിൽ അവസാന നിമിഷം കയറിക്കൂടിയ രണ്ട് ടീമുകളുടെ നേർക്കുനേർ പോരാട്ടത്തിന് ബുധനാഴ്ച ചെപ്പോക്ക് വേദിയാവും. തുടർച്ചയായ രണ്ടു തവണ ജേതാക്കളായ ശേഷം അത്രയും പ്രാവശ്യം പ്ലേ ഓഫ് കാണാതെ പുറത്തായവരാണ് മുംബൈ ഇന്ത്യൻസ്. 2022ലെ അരങ്ങേറ്റ സീസണിൽത്തന്നെ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനലിലേക്ക് കയറാനായിരുന്നിരുന്നില്ല ലഖ്നോ സൂപ്പർ ജയന്റ്സിന്.
ഇത്തവണത്തെപ്പോലെ കഴിഞ്ഞ വർഷവും മൂന്നാം സ്ഥാനക്കാരായാണ് ലഖ്നോ എത്തിയത്. നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് എലിമിനേറ്ററിൽ തോൽക്കാനായിരുന്നു വിധി. ഇക്കുറി നാലാമതായി കടന്ന മുംബൈയാണ് ഇന്നത്തെ എലിമിനേറ്ററിൽ എതിരാളികൾ. ജയിക്കുന്നവർക്ക് ഫൈനൽ തേടി വെള്ളിയാഴ്ച രണ്ടാം ക്വാളിഫയർ കളിക്കാം. പരാജിതർക്ക് മടങ്ങാം.
ബാറ്റർമാർ, രോഹിതിന്റെ ഐശ്വര്യം
ഏതു വലിയ സ്കോറും പിന്തുടർന്ന് ജയിക്കാൻ ശേഷിയുള്ളവരാണ് മുംബൈയുടെ ബാറ്റിങ് നിര. ഓപണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, ബാറ്റിങ് ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ഇങ്ങനെ പോവുന്നു. കഴിഞ്ഞ മത്സരത്തിൽ വിജയ റണ്ണും സെഞ്ച്വറിയും നേടി ഗ്രീൻ ടീമിനെ കൊണ്ടുപോയത് പ്ലേ ഓഫിലേക്കാണ്.
ഇതുവരെ സെഞ്ച്വറിയും നാല് അർധ ശതകങ്ങളുമടക്കം 511 റൺസ് സ്കോർ ചെയ്തുകഴിഞ്ഞു സൂര്യ. ബൗളിങ്ങിൽ ചെറിയ ന്യൂനതകളുണ്ടെങ്കിലും 20 വിക്കറ്റുമായി നിൽക്കുന്ന ലെഗ് സ്പിന്നർ പീയുഷ് ചൗള പ്രതീക്ഷയാണ്. പേസ് ഡിപ്പാർട്ട്മെന്റിൽ ജസ്പ്രിത് ബുംറയുടെയുടെയും ജോഫ്ര ആർച്ചറുടെയും അസാന്നിധ്യത്തിൽ ആസ്ട്രേലിയക്കാരൻ ജെസൻ ബെഹ്റൻഡോർഫാണ് കരുത്തിൽ മുമ്പൻ.
ഓൾ റൗണ്ട് സൂപ്പർ ജയന്റ്സ്
കെ.എൽ. രാഹുൽ പരിക്കേറ്റ് പുറത്തായതോടെ ക്രുണാൽ പാണ്ഡ്യ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ നായകത്വം ഏറ്റെടുക്കുകയായിരുന്നു. രാഹുലിന്റെ അഭാവം ബാറ്റിങ്ങിൽ പ്രകടമാവാത്ത രീതിയിൽ കൈയ്ൽ മയേഴ്സും നിക്കോളാസ് പുരാനും ക്വിന്റൺ ഡീ കോക്കുമെല്ലാം ആയുഷ് ബദോനിയുമെല്ലാം റൺസ് കണ്ടെത്തുന്നു. ബാറ്റിങ് ഓൾ റൗണ്ടറായ മാർകസ് സ്റ്റോയ്നിസ് ഉജ്ജ്വല ഫോമിലാണ്.
ക്യാപ്റ്റൻ ക്രുണാലിനെപ്പോലെ സമ്പൂർണ ഓൾ റൗണ്ടറാണ് ദീപക് ഹൂഡ. ലെഗ് സ്പിന്നർ രവി ബിഷ്ണോയിയാണ് ബൗളിങ്ങിലെ പ്രധാന ആയുധം. പേസർമാരായ നവീൻ ഖാനുൽ ഹഖും ആവേശ് ഖാനും മുഹ്സിൻ ഖാനും വെറ്ററൻ സ്പിന്നർ അമിത് മിശ്രയുമൊക്കെ ബൗളിങ് ചോയ്സായി മുന്നിലുണ്ട്.
സാധ്യത ടീം
ലഖ്നോ സൂപ്പർ ജയന്റ്സ്: ക്വിന്റൻ ഡീ കോക്ക്, മാർകസ് സ്റ്റോയ്നിസ്, നിക്കോളാസ് പുരാൻ, ക്രുണാൽ പാണ്ഡ്യ, ആയുഷ് ബദോനി, കൃഷ്ണപ്പ ഗൗതം, രവി ബിഷ്ണോയ്, നവീനുൽ ഹഖ്, മുഹ്സിൻ ഖാൻ, കരൺ ശർമ, പ്രേരക് മങ്കാദ്.
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നേഹൽ വധേര, ക്രിസ് ജോർദൻ, പിയൂഷ് ചൗള, കുമാർ കാർത്തികേയ, ആകാശ് മധ്വാൾ, ജെസൻ ബെഹ്റൻഡോർഫ്, ഋത്വിക് ഷോകീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.