'ഒന്നും കാണാതെയല്ല'; അവസാന ടെസ്റ്റിൽ നിന്നും ഇന്ത്യ പിന്മാറിയത് കണക്കുകൂട്ടി, വിവാദം
text_fieldsദുബൈ: ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറാൻ കാരണം യു.എ.ഇയിലെ ഐ.പി.എൽ ബയോബബ്ളെന്ന് റിപ്പോർട്ട്. ബയോബബ്ൾ നിബന്ധന അനുസരിച്ച് യു.എ.ഇയിൽ എത്തുന്ന താരങ്ങൾക്ക് ആറ് ദിവസം സമ്പർക്കവിലക്ക് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ, അഞ്ചാം ടെസ്റ്റ് കഴിഞ്ഞ് യു.എ.ഇയിൽ എത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ആദ്യ മൂന്ന് ദിവസത്തെ ഐ.പി.എൽ മത്സരം നഷ്ടമാകും. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, ഉപനായകൻ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളുടെ മത്സരങ്ങൾ ആദ്യ ദിവസങ്ങളിലുണ്ട്. അഞ്ചാം ടെസ്റ്റിനിടെ താരങ്ങളിൽ ആർക്കെങ്കിലും പോസിറ്റിവായാൽ ഐ.പി.എല്ലിെൻറ പകുതിയോളം മത്സരങ്ങൾ നഷ്ടമാകുെമന്ന ഭീതിയും പിന്മാറൽ തീരുമാനത്തിന് പിന്നിലുണ്ട്.
അതേസമയം, മത്സരം ഉപേക്ഷിച്ചതിന് തൊട്ടുപിന്നാലെ വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ് എന്നിവർ യു.എ.ഇയിൽ എത്തി. ഇവർ ആറു ദിവസം സമ്പർക്കവിലക്കിൽ കഴിഞ്ഞ ശേഷം പരിശീലനത്തിന് ഇറങ്ങുമെന്ന് ടീമുകൾ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലണ്ടിൽ നിന്നെത്തുന്ന എല്ലാ താരങ്ങളും ആറു ദിവസം സമ്പർക്കവിലക്കിൽ കഴിയണമെന്ന് ബി.സി.സി.ഐയും നിർദേശം നൽകിയിട്ടുണ്ട്. ബബ്ൾ ടു ബബ്ൾ ട്രാൻസ്ഫർ ആണെങ്കിലും താരങ്ങളെല്ലാം സമ്പർക്കവിലക്കിൽ കഴിയണമെന്നാണ് ബി.സി.സി.ഐയുടെ നിർദേശം.
ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടെസ്റ്റ് തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത്. താരങ്ങളും സ്റ്റാഫുമെല്ലാം നെഗറ്റിവ് ആയിരുന്നെങ്കിലും കളത്തിലിറങ്ങാൻ ടീം അംഗങ്ങൾ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്. 14ന് അവസാനിച്ച് 15ന് യു.എ.ഇയിൽ എത്തിയാലും ആറു ദിവസം സമ്പർക്കവിലക്ക് വേണം. 19നാണ് ഐ.പി.എൽ പുനരാരംഭിക്കുന്നത്. 15ന് എത്തുന്ന താരങ്ങൾക്ക് 21ന് മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ കഴിയൂ. ഇതോടെ കോഹ്ലി, രോഹിത് ശർമ ഉൾപ്പെടെ ഇന്ത്യൻ ടീമിലെ പകുതി താരങ്ങൾക്കും ആദ്യ മത്സരം നഷ്ടമാകുമെന്ന അവസ്ഥയുണ്ടായി. ഇത് ഒഴിവാക്കാനാണ് താരങ്ങളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ട്. മത്സരം റദ്ദാക്കാനുള്ള കാരണം ഐ.പി.എല്ലാണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്ക് ആതർട്ടൺ ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു.
ഇംഗ്ലണ്ടിൽ നിന്നെത്തിയ മുംബൈ ടീം അംഗങ്ങൾ അബൂദബിയിലും ബാംഗ്ലൂർ ടീം ദുബൈയിലുമാണ് വിമാനമിറങ്ങിയത്. പ്രത്യേകം ചാർട്ട് ചെയ്ത വിമാനങ്ങളിലായിരുന്നു യാത്ര. യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.