പ്ലേഓഫ്: ചിത്രം തെളിഞ്ഞു
text_fieldsമുംബൈ: 50 ദിവസത്തിലധികം നീണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് 16ാം സീസണിലെ ലീഗ് റൗണ്ട് മത്സരങ്ങൾക്ക് സമാപനമായപ്പോൾ പ്ലേ ഓഫ് ചിത്രവും തെളിഞ്ഞു. അവസാന നാലിൽ ആരൊക്കെയുണ്ടാവുമെന്നതിനുള്ള ആവേശക്കാത്തിരിപ്പ് ലീഗിലെ അന്തിമ മത്സരം വരെ നീണ്ടു ഇത്തവണ.
പ്ലേ ഓഫ് സാധ്യത കൽപിക്കപ്പെട്ടിരുന്ന ചില ടീമുകളെ നിരാശരാക്കി അപ്രതീക്ഷിത കടന്നുകൂടലുകൾക്കു സാക്ഷിയായി. ആദ്യ രണ്ട് സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും ക്വാളിഫയറിലും മൂന്നും നാലും സ്ഥാനക്കാരായ ലഖ്നോ സൂപ്പർ ജയന്റ്സും മുംബൈ ഇന്ത്യൻസും എലിമിനേറ്ററിലും പ്രവേശിച്ചു.
മുംബൈ ഇംപാക്ട് :
രണ്ട് റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു ജയം പോലുമില്ലാതെ താഴെ കിടന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. പിന്നെയൊരു തിരിച്ചുവരവായിരുന്നു. രോഹിത് ശർമയും സംഘവും ഒടുവിൽ പ്ലേ ഓഫ് ബെർത്തും എത്തിപ്പിടിച്ചു. ഞായറാഴ്ച ലീഗിലെ തങ്ങളുടെ അവസാന മത്സരം നടക്കുമ്പോൾ പോലും ഇവർ ആറാമതായിരുന്നു. ഗുജറാത്തിനോട് ബാംഗ്ലൂർ തോറ്റതോടെ കാര്യങ്ങൾ മുംബൈയുടെ വരുതിക്ക് വന്നു.
നിർഭാഗ്യം ബാംഗ്ലൂർ:
പ്ലേ ഓഫ് കളിക്കാതെ ഒരിക്കൽ കൂടി മടങ്ങുകയാണ് വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സും. കഴിഞ്ഞ 15 സീസണുകൾക്കിടെ ഒരു കിരീടം പോലും സ്വന്തമായില്ല. മൂന്ന് തവണ ഫൈനൽ വരെയെത്തി. ഇക്കുറി നാലാം സ്ഥാനക്കാരായെങ്കിലും ബാംഗ്ലൂർ പ്ലേ ഓഫിലെത്തുമെന്ന് തന്നെയാണ് ആരാധകർ കരുതിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി റെക്കോഡിട്ടു കോഹ്ലി. പക്ഷേ ഗുജറാത്ത് ശുഭ്മൻ ഗില്ലും ചേർന്ന് എല്ലാം തച്ചുടച്ചു.
രാജസ്ഥാനിതെന്തുപറ്റി?:
തുടർച്ചയായ വിജയങ്ങളുമായി പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് നിന്ന ടീമാണ് സഞ്ജു സാംസൺ നയിച്ച രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ പക്ഷേ പിന്നീട് പിറകോട്ടുപോവുന്നതാണ് കണ്ടത്. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോറുകൾ നേടിയിട്ടും കീഴടങ്ങിയ മത്സരങ്ങൾ. വലിയ തോൽവിയുടെ റെക്കോഡുമായി പിന്നെയും നാണക്കേടുകൾ. ഒടുവിൽ, മറ്റു മത്സരഫലങ്ങളിൽ നിന്ന് കിട്ടുന്ന കാരുണ്യത്തിനായി കാത്തിരിപ്പ്. നേരിയ പ്രതീക്ഷയും അസ്ഥാനത്താക്കി പുറത്താവലും.
ലഖ്നോ ആവർത്തനം:
ഗുജറാത്തിന്റെയും ലഖ്നോയുടെയും അരങ്ങേറ്റ സീസണായിരുന്നു 2022. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും പ്ലേ ഓഫിലേക്ക് യോഗ്യത നേടി. നിർണായകമായ അവസാന മത്സരത്തിൽ തോൽവി പിണഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ടീം പുറത്താവുമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി കാപിറ്റൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കും കടമ്പ കടക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.