ഐ.പി.എൽ: ബട്ലർ വീണ്ടും നിറഞ്ഞാടി; രാജസ്ഥാൻ ഫൈനലിൽ
text_fieldsമുംബൈ: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് കലാശപ്പോരിലേക്ക് ചുവടുവെച്ച് രാജസ്ഥാൻ. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 157 റൺസെടുത്തപ്പോൾ ഐ.പി.എൽ സീസണിലെ നാലാം സെഞ്ച്വറിയുമായി ജോസ് ബട്ലർ നിറഞ്ഞാടിയപ്പോൾ സഞ്ജുവും സംഘവും 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളികൾ.
രാജസ്ഥാൻ നിരയിൽ പ്രസിദ്ധ് കൃഷ്ണ- ഉബെദ് മക്കോയി ദ്വയം മുന്നിൽനിന്ന് നയിച്ചപ്പോൾ ബാംഗ്ലൂർ ബാറ്റിങ് ശരിക്കും പതറി. ആദ്യം മടങ്ങിയത് സാക്ഷാൽ വിരാട് കോഹ്‍ലി. ഏഴു റൺസെടുത്ത് നിൽക്കെ പ്രസിദ്ധിന്റെ ഓവറിലായിരുന്നു മടക്കം. തൊട്ടുപിറകെ ഹാഫ് ഡു പ്ലസിയും രജത് പട്ടീദാറും ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നയിച്ചപ്പോൾ ബാംഗ്ലൂർ കരകയറുകയാണെന്ന് തോന്നിച്ചു. 25 റൺസെടുത്ത് ഡു പ്ലസി മടങ്ങിയെങ്കിലും െഗ്ലൻ മാക്സ് വെല്ലിനെ കൂട്ടി പട്ടീദാർ രക്ഷകവേഷം മനോഹരമാക്കി.
എന്നാൽ, 24ൽ നിൽക്കെ മാക്സ് വെൽ മടങ്ങിയതോടെ കളി മാറി. പിന്നീട് അതിവേഗമായിരുന്നു വിക്കറ്റ് വീഴ്ച. മൂന്നു വീതം വിക്കറ്റെടുത്ത് പ്രസിദ്ധും മക്കോയിയും പേരുകേട്ട ബാംഗ്ലൂർ ബാറ്റിങ്ങിനെ പിച്ചിച്ചീന്തിയപ്പോൾ തുടർച്ചയായ രണ്ടാം കളിയിലും മികവിന്റെ പുരുഷനായി പട്ടീദാർ (42 പന്തിൽ 58) നിറഞ്ഞുനിന്നു.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ജോസ് ബട് ലറുടെ സെഞ്ച്വറി മികവിൽ അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു. 60 പന്തിൽ അദ്ദേഹം 106 റൺസെടുത്തപ്പോൾ 21 പന്തിൽ 23 റൺസ് നേടി ക്യാപ്റ്റൻ സഞ്ജു സാംസണും 13 പന്തിൽ 21 റൺസടിച്ച് യശസ്വി ജയസ്വാളും പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.