ഐ.പി.എല്ലിന് ഇന്ന് തുടക്കം
text_fieldsഅഹമ്മദാബാദ്: ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും ക്രിക്കറ്റ് സായാഹ്നങ്ങൾ സമ്മാനിക്കുന്ന ഐ.പി.എല്ലിന് ഇന്ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കം. 16ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ് മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
രാത്രി 7.30നാണ് ഐ.പി.എൽ പൂരത്തിന് കൊടിയേറുക. നാല് വർഷത്തെ ഇടവേളക്കുശേഷമാണ് ഹോം- എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുന്നത്. 2020ലും 21ലും കോവിഡ് കാരണം യു.എ.ഇയിലായിരുന്നു ഐ.പി.എൽ നടന്നത്. കഴിഞ്ഞ വർഷം പത്ത് ടീമുകളായി മാറ്റിയെങ്കിലും മുംബൈയിലും പുണെയിലുമായിരുന്നു പ്രധാനമായും മത്സരങ്ങൾ. ഇത്തവണ 12 നഗരങ്ങളിലായി 70 പ്രാഥമിക മത്സരങ്ങളുണ്ടാകും.
മേയ് 28നാണ് ഫൈനൽ. ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങളുടെ തീയതി തീരുമാനിച്ചിട്ടില്ല. ഇംപാക്ട് പ്ലയർ, ടോസിട്ടതിന് ശേഷം ഇലവനെ പ്രഖ്യാപിക്കാനുള്ള അനുവാദം തുടങ്ങിയ പുതുമകൾ ഇത്തവണയുണ്ട്. ഓരോ ഇന്നിങ്സിലും അമ്പയർമാരുടെ തീരുമാനത്തെ പുനരവലോകനം നടത്തുന്ന ഡി.ആർ.എസ് സമ്പ്രദായം രണ്ട് തവണ അനുവദിക്കും. ഇംപാക്ട് പ്ലയർ അടക്കം 12 താരങ്ങളാണ് അവസാന ‘ഇലവനിൽ’ ഉൾപ്പെടുന്നത്. 11 പേർക്കേ കളിക്കാനാകൂ.
രണ്ട് ഗ്രൂപ്പുകളിലായാണ് അഞ്ച് വീതം ടീമുകളെ അണിനിരത്തിയിരിക്കുന്നത്. ഒരു ഗ്രൂപ്പിലെ ടീമുകൾ രണ്ട് തവണ കളിക്കും. അടുത്ത ഗ്രൂപ്പിലെ ഒരു ടീമുമായും രണ്ട് വീതം കളികളുണ്ടാകും. അടുത്ത ഗ്രൂപ്പിലെ ബാക്കി നാല് ടീമുകളുമായി ഓരോ മത്സരം വീതവുമുണ്ടാകും. ആകെ 14 ഗ്രൂപ് മത്സരങ്ങളാണുണ്ടാകുക.
എ ഗ്രൂപ്പിൽ മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളാണ് മാറ്റുരക്കുക. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾ ബി ഗ്രൂപ്പിലും കളിക്കും. രാജസ്ഥാൻ റോയൽസിന് ജയ്പുരിന് പുറമെ ഗുവാഹതിയും പഞ്ചാബ് കിങ്സിന് മൊഹാലിക്ക് പുറമെ ധരംശാലയും ഹോം ഗ്രൗണ്ടാകും. രണ്ട് മത്സരങ്ങളുള്ള ദിവസം ആദ്യകളി 3.30നാണ്. രണ്ടാമത്തേത് പതിവ് പോലെ 7.30നും.
വമ്പന്മാരുടെ പോര്
ഐ.പി.എല്ലിന്റെ കന്നിപ്പോരിൽ തന്നെ തീപാറും. കഴിഞ്ഞ തവണ ആദ്യമായെത്തി ജേതാക്കളായി മടങ്ങിയ ഗുജറാത്ത് ടൈറ്റൻസും മുൻ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സും പോരാടുകയാണ്. ഹാർദിക് പാണ്ഡ്യ എന്ന യുവ നായകനും എം.എസ്. ധോണി എന്ന സൂപ്പർ സീനിയർ ക്യാപ്റ്റനും തമ്മിലാണ് അങ്കം.
കഴിഞ്ഞ വർഷം അൽപം പിറകിലായെങ്കിലും ധോണിപ്പടക്ക് കരുത്ത് കുറഞ്ഞിട്ടില്ല. ഐ.പി.എല്ലിന്റെ വ്യാകരണം കൃത്യമായി അറിയുന്ന താരമാണ് ധോണി. കഴിഞ്ഞ 15 വർഷവും കുട്ടിക്രിക്കറ്റിന്റെ പൂരപ്പറമ്പിലെ തലയെടുപ്പുള്ള കൊമ്പനായിരുന്നു ധോണി. കഴിഞ്ഞ തവണ പ്ലേഓഫിൽ പോലും ഇടംനേടാൻ ചെന്നൈക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണ ബെൻസ്റ്റോക്ക്സ് , മുഈൻ അലി, ഡെവൻ കോൺവേ തുടങ്ങിയ കരുത്തരായ വിദേശ താരങ്ങൾ ടീമിലുണ്ട്.
ടോസ് ലഭിക്കുന്നതിന്റെ സാധ്യതകളനുസരിച്ച് ബെൻ സ്റ്റോക്ക്സിനെ ‘ഇംപാക്ട് പ്ലയർ’ പദവിയിലേക്ക് കൊണ്ടുവന്നേക്കും. ധോണി, രവീന്ദ്ര ജദേജ, അമ്പാട്ടി റായുഡു എന്നിവർ മധ്യനിരയിൽ പ്രതീക്ഷകളാണ്. ദീപക് ചഹാറും സിമർജീത് സിങ്ങും പേസ് ആക്രമണം നയിക്കും. ശ്രീലങ്കൻ സ്പിന്നർമാരായ മഹീഷ് തീക്ഷണയും മതീസ പതിരാനയും ന്യൂസിലൻഡുമായുള്ള മത്സരങ്ങൾക്കു ശേഷം ഏപ്രിൽ പത്തിനു ശേഷമാണ് ചെന്നൈ ടീമിലെത്തുക. ഗുജറാത്ത് നിരയിൽ ശുഭ്മൻ ഗിൽ, രാഹുൽ തെവാട്ടിയ, വൃദ്ധിമാൻ സാഹ, അഫ്ഗാൻ സൂപ്പർസ്റ്റാർ റാഷിദ് ഖാൻ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളാണ് കരുത്ത്. ഡേവിഡ് മില്ലറുടെ അഭാവം ബാറ്റിങ്ങിൽ നിഴലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.