സഞ്ജുവും സംഘവും ഇന്ന് ഹൈദരാബാദിലിറങ്ങുന്നു
text_fieldsഹൈദരാബാദ്: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാൻ റോയൽസിനും ഞായറാഴ്ച ആദ്യ പോരാട്ടം. ദക്ഷിണാഫ്രിക്കക്കാരൻ ക്യാപ്റ്റൻ എയ്ഡൻ മർക്രത്തിന്റെ അഭാവത്തിൽ ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാറാണ് ഇന്ന് ആതിഥേയരെ നയിക്കുന്നത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ നേതൃത്വത്തിലിറങ്ങുന്ന രാജസ്ഥാൻ കഴിഞ്ഞ വർഷം ഫൈനൽ വരെ കളിച്ച ടീമാണ്. സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്ന സൺറൈസേഴ്സിന് റോയൽസിന്റെ വെല്ലുവിളി മറികടക്കുക എളുപ്പമാവില്ല.
2021, 22ലും എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹൈദരാബാദ് ജയത്തോടെ തുടങ്ങാനാണ് ആഗ്രഹിക്കുന്നതെങ്കിലും ടോപ് ഓർഡർ ബാറ്ററായ മർക്രം ഉൾപ്പെടെയുള്ളവരുടെ അഭാവം ടീമിനെ അലട്ടുന്നുണ്ട്. ഭുവനേശ്വർ, ഉമ്രാൻ മാലിക്, മാർകോ ജൻസൻ എന്നിവരുൾപ്പെടുന്ന ബൗളിങ് ഡിപ്പാർട്മെന്റിലാണ് പ്രധാന പ്രതീക്ഷ. റോയൽസിന്റെ പ്രധാന ആയുധം ബാറ്റാണ്.
ജോസ് ബട്ലർ, സഞ്ജു സാംസൺ, മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കൽ, ഷിമ്രോൺ ഹിറ്റ്മെയർ തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിരയെ പേടിക്കേണ്ടതുണ്ട്.ബൗളിങ്ങിൽ സ്പിന്നർമാരായ വെറ്ററൻ താരം ആർ. അശ്വിനും യുസ്വേന്ദ്ര ചഹാലും മിന്നിയാൽ ഹൈദരാബാദിന്റെ നില പരുങ്ങലിലാവും. ഇരു ടീമും ഐ.പി.എല്ലിൽ ഇതുവരെ 16 തവണ ഏറ്റുമുട്ടിയപ്പോൾ എട്ടു വീതം ജയപരാജയങ്ങൾ പങ്കിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.