സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാംഗ്ലൂരിന് വമ്പൻ ജയം
text_fieldsമുംബൈ: 34കാരനായ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസണിൽ മൂന്നാമത്തെ ഗോൾഡൻ ഡക്ക് ആയപ്പോൾ 37കാരനായ ദിനേശ് കാർത്തിക് വെറും എട്ടു പന്തിൽനിന്ന് കുറിച്ചത് 30 റൺസ്. കോഹ്ലി ഡക്കായെങ്കിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കുറിച്ചത് 67 റൺസിന്റെ വമ്പൻ ജയം. അഞ്ചു വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരങ്കയുടെ അസ്സൽ സ്പിന്നിനു മുന്നിൽ വട്ടംകറങ്ങിയ ഹൈദരാബാദ് വമ്പൻ പരാജയത്തിന്റെ കുഴിയിൽ വീഴുകയായിരുന്നു. സ്കോർ: ബാംഗ്ലൂർ മൂന്നിന് 192. ഹൈദരാബാദ്: 125ന് ഓൾഔട്ട്. നായകൻ ഫാഫ് ഡുപ്ലസിസും രജത് പാട്ടിദാറും ഗ്ലെൻ മാക്സ് വെല്ലും വാലറ്റത്ത് ദിനേശ് കാർത്തിക്കും ആഞ്ഞുപിടിച്ചതാണ് കോഹ്ലിയുടെ ഫോമില്ലായ്മ ബാംഗ്ലൂരിന് ബാധ്യതയാവാതിരുന്നത്.
ടോസ് നേടുന്നവരൊക്കെ രണ്ടാമത് ബാറ്റ് ചെയ്യുന്ന പതിവുശീലം മാറ്റിവെച്ചിറങ്ങിയ ബാംഗ്ലൂരിനെതിരെ അതിവേഗക്കാരെ ഇറക്കാതെ ജഗദീശ സുജിത് എന്ന സ്പിന്നറെ തന്നെ ആദ്യ പന്തെറിയാൻ നിയോഗിച്ച കെയ്ൻ വില്യംസണിന്റെ തന്ത്രം വിജയിച്ചു. ലെഗ്സൈഡിൽ പതിച്ച പന്ത് ഫ്ലിക്ക് ചെയ്യാനുള്ള കോഹ്ലിയുടെ ശ്രമം ഷോർട്ട് മിഡ്വിക്കറ്റിൽ വില്യംസണിന്റെ കൈയിൽ സിംപിൾ ക്യാച്ചായി അവസാനിച്ചപ്പോൾ വാംഖഡെ സ്റ്റേഡിയം ഞെട്ടിപ്പോയി. കഴിഞ്ഞ രണ്ടു കളികളിലും കൂടുതൽ പന്ത് കളിച്ചിട്ടായാലും ഫോമിലേക്ക് തിരികെ വരുന്നതിന്റെ സൂചനകൾ നൽകിയ കോഹ്ലി സീസണിലെ മൂന്നാം ഗോൾഡൻ ഡക്ക് വരിച്ചു പുറത്താകുന്നത് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി.
രണ്ടാം വിക്കറ്റിൽ രജത് പാട്ടിദാറുമായി ചേർന്ന് ഡുപ്ലസിസ് പടുത്തുയർത്തിയ 105 റൺസിന്റെ കൂട്ടുകെട്ടാണ് ബാംഗ്ലൂരിന് വമ്പൻ സ്കോറിന് അടിത്തറയിട്ടത്. 50 പന്തിൽ 73 റൺസാണ് ഡുപ്ലസിസ് അടിച്ചുകൂട്ടിയത്. പാട്ടിദാർ 38 പന്തിൽ 48 റൺസും മാക്സ് വെൽ 24 പന്തിൽ 33 റൺസും ചേർത്തു. അവസാന പന്തുകളിൽ ദിനേശ് കാർത്തിക് കാഴ്ചവെച്ച അവിശ്വസനീയമായ ബാറ്റിങ് വെടിക്കെട്ട് സ്കോർ വാനോളമുയർത്തി. ഫസലുൽഹഖ് ഫാറൂഖിയുടെ അവസാന ഓവറിൽ തുടർച്ചയായ മൂന്നു സിക്സറുകളും ഫോറും അടക്കം 25 റൺസാണ് ബോർഡിലെത്തിയത്.
ഹൈദരാബാദിന്റെ മറുപടി ബാറ്റിങ്ങിൽ ഓപണർമാർ രണ്ടുപേരും റണ്ണെടുക്കുന്നതിനു മുമ്പുതന്നെ പുറത്തായി. അഭിഷേക് ശർമയെ മാക്സ് വെൽ കുറ്റി തെറിപ്പിച്ചപ്പോൾ കെയ്ൻ വില്യംസൺ റണ്ണൗട്ടായി.
37 പന്തിൽ 58 റൺസെടുത്ത രാഹുൽ ത്രിപാഠി മാത്രമാണ് ആക്രമിച്ചുകളിച്ചത്. ഐഡൻ മർക്രാം (21), നികോളാസ് പുരാൻ (19) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. നാലുപേരാണ് പൂജ്യരായത്. നാലോവറിൽ വെറും 18 റൺസ് വഴങ്ങിയാണ് ഹസരങ്ക അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. പ്ലെയർ ഓഫ് ദ മാച്ചും ഹസരങ്കയാണ്. ഐ.പി.എല്ലിലെ ഹസരങ്കയുടെ മികച്ച പ്രകടനമാണ് ഈ അഞ്ചുവിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.