കാപിറ്റൽസ് തിങ്സ്
text_fieldsവീറുറ്റ പ്രകടനങ്ങൾ ഏറെ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഒരു ഐ.പി.എൽ കിരീടത്തിൽ മുത്തമിടാൻ ഡൽഹി കാപിറ്റൽസിന് ഭാഗ്യം തുണച്ചിട്ടില്ല. വാഹനാപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ സീസണിൽ ടീമിന് നഷ്ടപ്പെട്ട ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ അഭാവം ഡൽഹിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇക്കുറി പന്തിന്റെ വരവോടെ ടീം കൂടുതൽ സന്തുലിതമാകുമെന്ന പ്രതീക്ഷയിലാണ് കോച്ച് റിക്കി പോണ്ടിങ്ങും ടീം മാനേജ്മെന്റും. കഴിഞ്ഞ തവണ ടേബിളിൽ ഒമ്പതാമതായിരുന്നു കാപിറ്റലിന്റെ സ്ഥാനം. 2022ൽ നേരിയ വ്യത്യാസത്തിന് പ്ലേഓഫ് നഷ്ടപ്പെടുത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 2019 മുതൽ 2021 വരെയുള്ള മൂന്നു സീസണിലും പ്ലേഓഫിലെത്തിയ ടീമാണ് ഡൽഹി.
പന്താടുമോ?
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഡൽഹി കാപിറ്റൽസിന്റെ ശ്രദ്ധേയ കാര്യം. ടീമിലെ സ്റ്റാർ െപ്ലയറും ക്യാപ്റ്റനുമായിരുന്ന പന്തിന്റെ വരവ് ഡൽഹിയെ കരുത്തരാക്കുമെന്നാണ് പ്രതീക്ഷ. വലിയ ഇടവേളക്കുശേഷം മൈതാനത്ത് തിരിച്ചെത്തുന്ന പന്തിന് എത്രത്തോളം പഴയ വീര്യമുണ്ടെന്ന് കണ്ടറിയണം. ഡേവിഡ് വാർണർ, പൃഥ്വി ഷാ, മിച്ചൽ മാർഷ് തുടങ്ങിയ താരങ്ങൾ ഡൽഹിയുടെ ടോപ് ഓർഡർ ശക്തമാക്കും. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർട്ട്ജെക്കൊപ്പം ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവും അക്സർ പട്ടേലും വജ്രായുധങ്ങളാവും.
പേരെടുത്ത ഓൾറൗണ്ടർമാരുടെ കുറവ് ഡൽഹിയുടെ പോരായ്മയാണ്. കഴിഞ്ഞതവണ ടീമിലെത്തിച്ച ഇംഗ്ലീഷ് താരം ഹാരി ബ്രൂക് ഇത്തവണ കളിക്കാനും സാധ്യതയില്ല. മാർച്ച് 23ന് പഞ്ചാബ് കിങ്സുമായാണ് ഡൽഹിയുടെ ആദ്യ മത്സരം.
സ്ക്വാഡ്
ഋഷഭ് പന്ത് (ക്യാപ്റ്റൻ), പ്രവീൺ ദുബെ, ഡേവിഡ് വാർണർ, വിക്കി ഓസ്റ്റ്വാൾ, പൃഥ്വി ഷാ, ആൻറിച് നോർട്ട്ജെ, അഭിഷേക് പോറെൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, ലുങ്കി എൻഗിഡി, ലളിത് യാദവ്, ഖലീൽ അഹമ്മദ്, മിച്ചൽ മാർഷ്, ഇഷാന്ത് ശർമ, യാഷ് കുമാർ ധൂൽ, ഹാരി ബ്രൂക്, ട്രിസ്റ്റൻ സ്റ്റബ്സ്, റിക്കി ഭുയി, കുമാർ കുഷാഗ്ര, റാസിഖ് ദാർ, ജ്യെ റിച്ചാർഡ്സൺ, സുമിത് കുമാർ, ഷായ് ഹോപ്പ്, സ്വസ്തിക് ചിക്കാര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.