റാഷിദ് ഖാന്റെ ഹാട്രിക്ക് തുണച്ചില്ല; റിങ്കു സിങ്ങിന്റെ വെടിക്കെട്ടിൽ ഗുജറാത്ത് ചാരം
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2023 സീസണിലെ ആദ്യ ഹാട്രിക്കും ഗുജറാത്ത് ടൈറ്റൻസിന് തുണയായില്ല. ഗുജറാത്ത് കുറിച്ച 205 റൺസെന്ന കൂറ്റൻ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മറികടന്നു. 20ാം ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തക്കായി അവസാന അഞ്ചു പന്തുകളും സിക്സർ പറത്തി റിങ്കു സിങ്ങാണ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.
അസുഖം കാരണം വിശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ ടൈറ്റൻസിനെ നയിച്ച റാഷിദ് ഖാൻ ഹാട്രിക് നേടിയ മത്സരത്തിൽ ജയം പക്ഷേ, എതിരാളികൾക്കൊപ്പം നിന്നു. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 204 റൺസെടുത്തത്. നൈറ്റ് റൈഡേഴ്സ് ഇത്രയും ഓവറിൽ 207ലെത്തി മൂന്നു വിക്കറ്റ് ജയം സ്വന്തമാക്കി. വെങ്കടേഷ് അയ്യർ 40 പന്തിൽ 83 റൺസ് നേടി ടോപ് സ്കോററായപ്പോൾ റിങ്കു 21 പന്തിൽ 48 റൺസുമായി പുറത്താവാതെ നിന്നു.
ഗുജറാത്തിനായി സായ് സുദർശനും (38 പന്തിൽ 53) വിജയ് ശങ്കറും (24 പന്തിൽ 63 നോട്ടൗട്ട്) അർധശതകങ്ങൾ നേടി. 17ാം ഓവറിലെ ആദ്യ മൂന്നു പന്തുകളിൽ യഥാക്രമം ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, ശർദുൽ ഠാകുർ എന്നിവരെ പുറത്താക്കിയാണ് റാഷിദ് ഹാട്രിക് നേടിയത്.
അത്ര നല്ലതായിരുന്നില്ല കൊൽക്കത്തയുടെ മറുപടിയിലെ തുടക്കം. ആദ്യ നാല് ഓവറിനകം ഓപണർമാരായ റഹ്മാനുല്ല ഗുർബാസും (15) നാരായൺ ജഗദീശനും (6) കൂടാരം കയറി. രണ്ടിന് 28ലേക്ക് പരുങ്ങിയ ടീമിനെ ക്യാപ്റ്റൻ നിതീഷ് റാണയും വെങ്കടേഷും ചേർന്നാണ് കരകയറ്റിയത്. 29 പന്തിൽ 45 റൺസെടുത്ത റാണ 14ാം ഓവറിൽ പുറത്താവുമ്പോൾ സ്കോർ 128. മറുതലക്കലുണ്ടായിരുന്ന വെങ്കടേഷ് (83) 16ാം ഓവറിലും പുറത്ത്. തുടർന്നായിരുന്നു റാഷിദിന്റെ ഹാട്രിക് പ്രകടനം.
ഏഴിന് 155ലേക്ക് തകർന്ന ടീമിന് ജയിക്കാൻ 21 പന്തിൽ 50 റൺസ് വേണമായിരുന്നു. അവസാന രണ്ട് ഓവറുകളിൽ ആവശ്യം 43 റൺസ്. തുടർന്നായിരുന്നു റിങ്കുവിന്റെ വെടിക്കെട്ട്. 20ാം ഓവർ തുടങ്ങുമ്പോൾ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഉമേഷ് സിംഗിളെടുത്ത് റിങ്കുവിന് ദൗത്യം കൈമാറുകയായിരുന്നു. യാഷ് ദയാലായിരുന്നു റിങ്കുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ നിർഭാഗ്യവാനായ ബൗളർ. നാല് ഓവറിൽ 37 റൺസ് വഴങ്ങിയാണ് റാഷിദ് മൂന്നുപേരെ മടക്കിയത്.
നേരത്തേ, ഗുജറാത്തിനായി ഓപണർമാരായ വൃദ്ധിമാൻ സാഹയും (17 പന്തിൽ 17) ശുഭ്മൻ ഗില്ലും (31 പന്തിൽ 39) തരക്കേടില്ലാത്ത തുടക്കം നൽകി. ഗിൽ-സുദർശൻ സഖ്യമാണ് ടീമിനെ മൂന്നക്കം കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.