ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ വെടിക്കെട്ട്; ആർ.സി.ബിക്ക് ജയിക്കാൻ 227
text_fieldsഐ.പി.എല്ലിലെ 24-ാം മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബൗളർമാരെ വെള്ളം കുടിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റർമാർ. ടോസ് നേടിയ ആര്‍സിബി നായകൻ ഫഫ് ഡുപ്ലെസി ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസാണ് ധോണിപ്പട അടിച്ചെടുത്തത്.
16 റൺസ് എടുക്കുന്നതിനിടെ റുതുരാജ് ഗെയ്ക്‍വാദിനെ സിറാജിന്റെ പന്തിൽ നഷ്ടമായെങ്കിലും തുടർന്ന് ഒത്തുചേർന്ന ഡിവോൺ കോൺവേ (83), അജിൻക്യ രഹാനെ (37) ചേർന്ന് ചെന്നൈയുടെ വെടിക്കെട്ടിന് തിരികൊളുത്തി. രഹാനെ ഹസരങ്കയുടെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ ചെന്നൈ പത്താമത്തെ ഓവറിൽ 90-2 എന്ന നിലയിലായിരുന്നു.
20 പന്തുകളിൽ രണ്ട് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം 37 റൺസാണ് രഹാനെ നേടിയത്. മോശം ഫോം കാരണം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍പ്പോലും ഇടമില്ലാത്ത രഹാനെ ഐ.പി.എല്ലിൽ കൂറ്റനടികളിലൂടെ ഞെട്ടിക്കുകയാണ്. ഇന്നടിച്ച ഒരു സിക്സർ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ തട്ടി താഴേക്കുവീണു.
ആറ് വീതം സിക്സറുകളും ഫോറുകളുമടക്കം 45 പന്തുകളിലാണ് കോൺവേ 83 റൺസ് അടിച്ചത്. ശിവം ധുബേ 27 പന്തുകളിൽ 52 റൺസുമായി സ്കോർ 200 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ആർ.സി.ബി ബൗളർമാരിൽ വിജയ് കുമാർ വൈശക് നാലോവറിൽ 62 റൺസാണ് വഴങ്ങിയത്. ബാളെടുത്തവർക്കെല്ലാം ഓരോ വിക്കറ്റുകളും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.