കോഹ്‍ലിയുടെ കൂറ്റനടി പാഴായി; ബാംഗ്ലൂരിനെ തകർത്ത് പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി കെ.കെ.ആർ
text_fieldsബെംഗളൂരു: നിര്‍ണായക മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 21 റൺസിന് തകർത്ത് വിജയ വഴിയിൽ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. തുടർച്ചയായ നാല് പരാജയങ്ങൾക്ക് ശേഷമുള്ള വിജയം കെ.കെ.ആറിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിർത്തി. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത നിതീഷ് റാണയുടെ സംഘം ജേസൺ റോയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ (56) ബലത്തിൽ 200 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ കോഹ്‍ലിയും സംഘവും എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസിന് ഒതുങ്ങി.
37 പന്തിൽ 54 റൺസ് നേടിയ നായകൻ വിരാട് കോഹ്‍ലി നൽകിയ കിടിലൻ തുടക്കം ബാംഗ്ലൂർ ബാറ്റർമാർക്ക് തുടരാൻ കഴിഞ്ഞില്ല. ആറാമത്തെ ഓവറിൽ സ്കോർ 60 റൺസ് പിന്നിട്ടിരുന്നു. എന്നാൽ, കോഹ്‍ലി ഒരു വശത്ത് റൺസുയർത്തുമ്പോഴും മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണത് തിരിച്ചടിയായി. 18 പന്തുകളിൽ 34 റൺസുമായി മഹിപാൽ ലോംറോറും 18 പന്തുകളിൽ 22 റൺസുമായി ദിനേഷ് കാർത്തിക്കും മാത്രമാണ് ചെറിയ രീതിയിലെങ്കിലും നായകന് പിന്തുണ നൽകിയത്.
ഗ്ലെൻ മാക്സ്വെല്ലും (5) ഫാഫ് ഡുപ്ലെസിയും (17) എളുപ്പം പുറത്തായിരുന്നു. നാലോവറിൽ 27 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് കെ.കെ.ആർ ബൗളിങ്ങിൽ മികച്ചുനിന്നത്. ആന്ദ്രെ റസലും സുയാഷ് ശർമയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
29 പന്തുകളിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളുമായി 56 റൺസെടുത്ത ജേസൺ റോയും 21 പന്തുകളിൽ നാല് സിക്സറുകൾ സഹിതം 48 റൺസെടുത്ത നായകൻ നിതീഷ് റാണയുമായിരുന്നു കെ.കെ.ആറിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.