സർഫറാസ് ഖാന് ഇരട്ട സെഞ്ച്വറി; ചരിത്രനേട്ടം; ഇറാനി കപ്പിൽ 500 കടന്ന് മുംബൈ
text_fieldsലഖ്നോ: ഇറാനി കപ്പിൽ ഇരട്ട സെഞ്ച്വറി പ്രകടനത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ താരം സർഫറാസ് ഖാൻ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ 253 പന്തുകളില്‍നിന്നാണ് സര്‍ഫറാസ് 200ലെത്തിയത്.
ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമാണ്. ഇറാനി കപ്പിൽ ഒരു മുംബൈ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 1972ൽ പുണെയിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ രാംനാഥ് പാട്കർ നേടിയ 195 റൺസെന്ന റെക്കോഡാണ് താരം മറികടന്നത്. 149 പന്തുകളിൽ നൂറിലെത്തിയ സർഫറാസ് 276 പന്തിൽ 221 റൺസുമായി ക്രീസിലുണ്ട്. നാലു സിക്സും 25 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മുംബൈ 138 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 536 റൺസെടുത്തിട്ടുണ്ട് ഒന്നാംദിനം വെറ്ററൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെക്ക് മൂന്നു റൺസകലെ സെഞ്ച്വറി നഷ്ടമായിരുന്നു. 234 പന്തിൽ 97 റൺസെടുത്താണ് താരം പുറത്തായത്.
ശ്രേയസ്സ് അയ്യർ (84 പന്തിൽ 57), തനുഷ് കൊട്ടിയാൻ (124 പന്തിൽ 64) എന്നിവർ മുംബൈക്കായി അർധ സെഞ്ച്വറി നേടി. ഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പവും അഞ്ചാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പവും സെഞ്ചറി കൂട്ടുകെട്ടു തീർത്ത് ശക്തമായ നിലയിലെത്തിച്ച ശേഷമാണ് രഹാനെയുടെ മടക്കം. നാലാം വിക്കറ്റിൽ രഹാനെ-അയ്യർ സഖ്യം 170 പന്തിൽ 102 റൺസും, അഞ്ചാം വിക്കറ്റിൽ രഹാനെ-സർഫറാസ് സഖ്യം 240 പന്തിൽ 131 റൺസും കൂട്ടിച്ചേർത്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സർഫറാസിന്‍റെ ശരാശരി 69.9 ആണ്. ഒരു ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന രണ്ടാമത്തെ ശരാശരിയാണിത്. 81.1 ശരാശരിയുമായി മുൻ ഇന്ത്യൻ താരം വിജയ് മർച്ചന്‍റാണ് ഒന്നാമത്.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന സർഫറാസ് മത്സരം തുടങ്ങുന്നതിനു 24 മണിക്കൂർ മുമ്പാണ് ടീമിനൊപ്പം ചേർന്നത്. താരത്തിന്‍റെ തകർപ്പൻ പ്രകടനം കണക്കിലെടുത്ത് ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ടീമിലും സർഫറാസിനെ ഉൾപ്പെടുത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിലവിലെ രഞ്ജി ട്രോഫി ചമ്പ്യന്മാരായ മുംബൈയുടെ തുടക്കം പരിതാപകരമായിരുന്നു. സ്കോർ ബോർഡിൽ 37 റൺസ് എത്തുമ്പോഴേക്കും ഓപ്പണർ പൃഥ്വി ഷാ ഉൾപ്പെടെ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്. പിന്നാലെയാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലായ രഹാനെ - അയ്യർ കൂട്ടുകെട്ട്.
നാലാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും ടീമിനെ കരകയറ്റിയത്. റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി മുകേഷ് കുമാർ നാലു വിക്കറ്റുകൾ വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.