ബാബറും ഗില്ലുമല്ല! ഈ ലോകകപ്പിലെ റൺവേട്ടക്കാരൻ 34കാരനെന്ന് ഇർഫാൻ പത്താൻ
text_fieldsക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഒന്നാം നമ്പറിൽ എത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഏകദിന ലോകകപ്പിന് ഇത്തവണ രോഹിത്തും സംഘവും ഇറങ്ങുന്നത്. രാജ്യം സമ്പൂർണ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പിലെ കിരീട ഫേവറൈറ്റുകളിൽ മുൻപന്തിയിൽ തന്നെയാണ് ഇന്ത്യ.
ഈമാസം എട്ടിന് ചെന്നൈയിൽ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ഇത്തവണ മൂന്നാം ലോക കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻതാരങ്ങളുമെല്ലാം സാധ്യത കൽപിക്കുന്നതും ഇന്ത്യക്കു തന്നെയാണ്. അതേസമയം, മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ ഈ ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ചിരിക്കുകയാണ്.
ലോകകപ്പിലെ കമന്‍റേറ്ററായ 38കാരനായ പത്താൻ ലോക ഒന്നാം നമ്പർ ബാറ്റർ ബാബർ അസം, രണ്ടാം നമ്പറിലുള്ള ശുഭ്മൻ ഗിൽ എന്നിവരെയെല്ലാം മറികടന്ന് സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഇത്തവണ ടോപ് സ്കോററാകുമെന്നാണ് പറയുന്നത്. 34കാരനായ കോഹ്ലി 281 ഏകദിനങ്ങളിൽനിന്നായി ഇതുവരെ 13,083 റൺസാണ് നേടിയത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ താരം ഓരോ സെഞ്ച്വറിയും അർധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.
2011ൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ ലോകകപ്പ് നേടിയ ടീമിലും കോഹ്ലി ഉണ്ടായിരുന്നു. താരത്തിന്‍റെ അനുഭവ പരിചയമാണ് ടോപ്സ്കോററാകാനുള്ള കാരണമായി പത്താൻ ചൂണ്ടിക്കാട്ടുന്നത്. മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസും കോഹ്ലിക്കു തന്നെയാണ് പിന്തുണ നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.