വലിയ മാറ്റമുണ്ടാക്കും...; തൃണമൂൽ സ്ഥാനാർഥി യൂസുഫ് പത്താനെ അഭിനന്ദിച്ച് ഇർഫാൻ
text_fieldsലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാനാർഥിയായി മത്സരിക്കുന്ന യൂസുഫ് പത്താനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടറും സഹോദരനുമായ ഇർഫാൻ പത്താൻ. രാജ്യത്തെ നിരാലംബരായ ജനങ്ങളെ സേവിക്കാനുള്ള യൂസുഫിന്‍റെ ആഗ്രഹം നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു.
സഖ്യമില്ലാതെ ബംഗാളിലെ 42 സീറ്റുകളിലേക്കും മമത പ്രഖ്യാപിച്ച 42 പാർട്ടി സ്ഥാനാർഥികളിലെ അപ്രതീക്ഷിത പേരായിരുന്നു മുൻ ക്രിക്കറ്റർ യൂസുഫ് പത്താൻ. കോൺഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവും ബംഗാൾ അധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി പ്രതിനിധീകരിക്കുന്ന ബെർഹാംപുരിലാണ് യൂസുഫ് രാഷ്ട്രീയ പരീക്ഷണത്തിന് ഇറങ്ങുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സമൂഹത്തിലെ ദരിദ്രരും നിരാലംബരുമായ വിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘നിങ്ങളുടെ ക്ഷമ, ദയ, ഔദ്യോഗിക പദവി ഇല്ലാതെ പോലും ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള മനസ്സ് എന്നിവ വേഗത്തിൽ ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതോടെ ആളുകളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -39കാരനായ ഇർഫാൻ എക്സിൽ കുറിച്ചു.
ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് യൂസുഫ്. നേരത്തെ, സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തതിൽ അദ്ദേഹം മമതാ ബാനർജിക്ക് നന്ദി പറഞ്ഞിരുന്നു. ‘ടി.എംസി കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും പാർലമെന്‍റിൽ ജനങ്ങളുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തത്തിൽ എന്നെ വിശ്വസിച്ചതിനും മമതാ ബാനർജിയോട് കടപ്പെട്ടിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ, ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനം നമ്മുടെ കടമയാണ്, ദൗത്യം നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -പത്താൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.