ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനാക്കിയതിനെ വിമർശിച്ച് ഇർഫാൻ പത്താൻ
text_fieldsന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ. ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതിലാണ് ഇർഫാന്റെ വിമർശനം. വെസ്റ്റ് ഇൻഡീസിലും യു.എസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ജൂൺ അഞ്ചിന് അയർലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.
15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്യാപ്റ്റനായി രോഹിത് ശർമ്മയെ തെരഞ്ഞെടുക്കുകയായിരുന്നു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയേയും സെലക്ട് ചെയ്തു. എന്നാൽ, ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യക്ക് തിരിച്ച് വരവിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ഹാർദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയ തീരുമാനത്തെയാണ് ഇർഫാൻ അടക്കമുള്ള താരങ്ങൾ വിമർശിക്കുന്നത്.
ഹാർദിക്കിന് പകരം വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ജസ്പ്രീത് ബുംറയെ പരിഗണിക്കണമായിരുന്നുവെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇർഫാന്റെ പ്രതികരണം. കൃത്യമായ ആസൂത്രണത്തിന്റെ അടിസ്ഥാനത്തിലാണ് ടീം സെലക്ഷൻ നടത്തുന്നത്. എന്നാൽ, ഇന്ത്യൻ ടീമിന്റെ സെലക്ഷനിലെ ആസൂത്രണത്തിൽ തനിക്ക് ആശങ്കയുണ്ട്. റിങ്കു സിങ്ങിനെ പോലുള്ള താരത്തെ ഒഴിവാക്കിയത് ഇന്ത്യൻ ടീം സെലക്ഷനിലെ പ്ലാനിങ്ങിനെ കുറിച്ച് സംശയങ്ങൾ ഉയർത്തുകയാണെന്നും ഇർഫാൻ പറഞ്ഞു.
ലീഡർഷിപ്പിൽ തുടർച്ചയുണ്ടാകുന്നതിന് വേണ്ടിയാണ് ഹാർദിക് പാണ്ഡ്യയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത്. എന്നാൽ, ഹാർദിക്കിനെ പോലെ തന്നെ പരിഗണിക്കാൻ കഴിയുന്ന താരമാണ് ജസ്പ്രീത് ബുംറയെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
ഐ.പി.എല്ലിൽ രോഹിത് ശർമ്മയെ മാറ്റി മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഹാർദിക്കിന് കീഴിൽ താളം കണ്ടെത്താൻ മുംബൈക്ക് ഇനിയും സാധിച്ചിട്ടില്ല. ഈ സീസണിൽ മുംബൈ ജേഴ്സിയിൽ ഹാർദിക്കിന്റെ പ്രകടനവും മോശമാണ്. 10 ഐ.പി.എൽ മത്സരങ്ങളിൽ നിന്നും 197 റൺസും 10 വിക്കറ്റും മാത്രമാണ് ഹാർദിക്കിന് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.