പാകിസ്താനിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്; വാർത്തകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച് പത്താൻ
text_fieldsന്യൂഡൽഹി: ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യൻ കാണികളിൽ നിന്നുള്ള മോശം പെരുമാറ്റത്തിന് പാകിസ്താൻ ഐ.സി.സി പരാതി നൽകിയതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. പാകിസ്താനിൽവെച്ച് ഇന്ത്യൻ താരങ്ങൾക്ക് നേരെ നടന്ന മോശം പെരുമാറ്റങ്ങളുടെ വാർത്തകൾ പങ്കുവെച്ചാണ് ഇർഫാൻ പത്താന്റെ പ്രതികരണം. പെഷവാറിലെ പാകിസ്താനെതിരെ കളിക്കുമ്പോൾ കാണികളിലൊരാൾ തനിക്ക് നേരെ ഇരുമ്പാണിയെറിഞ്ഞുവെന്നും അത് തന്നെ മുഖത്ത് കൊണ്ടുവെന്നും ഇർഫാൻ പറയുന്നു.
അതൊരു പ്രശ്നമായി ഇന്ത്യ ഉയർത്തിയിരുന്നില്ല. ഇതിനൊപ്പം പാകിസ്താന്റെ ആതിഥ്യമര്യാദയെ അഭിനന്ദിക്കുക കൂടി ചെയ്താണ് ഇന്ത്യ അന്ന് മടങ്ങിയതെന്ന് ഇർഫാൻ പത്താൻ പറഞ്ഞു. അജിത്ത് അഗാർക്കറിനും സചിനും നേരെ പാകിസ്താനിൽ കളിക്കുമ്പോൾ മോശം പെരുമാറ്റമുണ്ടായെന്നും പത്താൻ പറഞ്ഞു.
നേരത്തെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് പാകിസ്താൻ ഐ.സി.സിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പാകിസ്താൻ മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ അനുവദിക്കാൻ വൈകിയതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്താൻ കാണികൾക്കായി കൃത്യമായ വിസാനയം ഇല്ലാത്തതിലും ടീമിന് പ്രതിഷേധമുണ്ടായിരുന്നു.
പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിൽ അനായാസ ജയമാണ് ഇന്ത്യ കുറിച്ചത്. 42.5 ഓവറിൽ 191 റൺസിന് പാകിസ്താനെ ഒതുക്കിയ ഇന്ത്യ കേവലം 30.3 ഓവറിൽ ലക്ഷ്യം കണ്ടിരുന്നു. രോഹിത് ശർമ്മയുടെ ശ്രേയസ് അയ്യരും നേടിയ അർധ സെഞ്ച്വറികളാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.