‘ആ റിയാൻ പരാഗ് തന്നെയാണോ ഇത്’; ട്രോളിൽ നിറഞ്ഞ താരത്തിന്റെ മാറ്റം കണ്ട് അതിശയിച്ച് ആരാധകർ
text_fieldsജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മോശം പ്രകടനത്തിലൂടെ ഏറ്റവും കൂടുതൽ പരിഹാസത്തിനിരയായ താരങ്ങളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ്. നിരന്തര പരാജയമായിട്ടും ടീമിന്റെ പ്ലേയിങ് ഇലവനില്‍ പരാഗിന് എങ്ങനെ ഇത്രത്തോളം അവസരം ലഭിക്കുന്നു എന്ന ചോദ്യം ആരാധകർ പലതവണ ഉയർത്തി. ഇതിനെ ശരിവെക്കുന്ന കണക്കുകളും ഇവർ എടുത്തുകാണിച്ചു. രാജസ്ഥാൻ ടീം ഉടമയുടെ ബന്ധുവായതിനാലാണ് പരാഗിന് അവസരം ലഭിക്കുന്നതെന്ന് പോലും വിമര്‍ശനം ഉണ്ടായി.
എന്നാൽ, പുതിയ സീസണിൽ വിമർശകരുടെയെല്ലാം വായടപ്പിക്കുകയാണ് റിയാൻ പരാഗ്. ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ ആദ്യ മത്സരത്തിൽ 29 പന്തിൽ 43 റൺസെടുത്ത താരം വ്യാഴാഴ്ച ഡൽഹി കാപിറ്റൽസിനെതിരെ വിശ്വരൂപം പുറത്തെടുത്തു. 45 പന്തിൽ ആറ് സിക്സും ഏഴ് ഫോറുമടക്കം 85 റൺസുമായി പുറത്താകാതെനിന്ന മത്സരത്തിൽ 12 റൺസിനാണ് രാജസ്ഥാൻ ജയിച്ചുകയറിയത്. രണ്ട് മത്സരങ്ങളിലെ മാത്രം ശരാശരി 127 ആണ്. സ്ട്രൈക്ക് റേറ്റാവട്ടെ 171.62. ഇതിനകം ഒമ്പത് സിക്സുകൾ പരാഗിന്റെ ബാറ്റിൽനിന്ന് പിറന്നു. പുതിയ സീസണിൽ രാജസ്ഥാന്റെ മുന്നേറ്റത്തിൽ പരാഗ് നിർണായക പങ്കുവഹിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസണും സംഘവും.
2018-19 വിജയ് ഹസാരെ ട്രോഫിയിൽ അസമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത് പരാഗായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ മികവിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് 20 ലക്ഷം മുടക്കി ടീമിലെത്തിച്ചു. 2019ൽ ആദ്യമായി ഐ.പി.എല്ലിൽ ഇറങ്ങിയ താരത്തിന്റെ സമ്പാദ്യം ഏഴ് മത്സരങ്ങളിൽ 160 റൺസായിരുന്നു. ഈ സീസണിൽ ഒരു റെക്കോഡ് നേടാനും പരാഗിനായി. ഐ.പി.എല്ലിൽ അർധശതകം നേടുന്ന പ്രായംകുറഞ്ഞ ബാറ്ററെന്ന ബഹുമതിയാണ് തേടിയെത്തിയത്. പരാഗ് അന്ന് രാജസ്ഥാനായി അർധശതകം നേടുമ്പോൾ പ്രായം 17 വയസ്സും 175 ദിവസവുമായിരുന്നു. സഞ്ജു സാംസണിന്റെയും പൃഥ്വി ഷായുടെയും പേരിലുണ്ടായിരുന്ന നേട്ടമായിരുന്നു പരാഗ് മറികടന്നത്.
2020 സീസണിൽ 12 മത്സരങ്ങളിൽ ഇറങ്ങി താരത്തിന് ആകെ നേടാനായത് 86 റൺസ് മാത്രം. 12.28 ആയിരുന്നു ശരാശരി. 2021ലും സ്ഥിതി മാറിയില്ല. 11 മത്സരങ്ങളിൽ 11.62 ശരാശരിയിൽ 93 റൺസായിരുന്നു സമ്പാദ്യം. 2022ലെ മെഗാലേലത്തിന് മുന്നോടിയായി താരത്തെ റിലീസ് ചെയ്‌തെങ്കിലും രാജസ്ഥാൻ റോയൽസ് തന്നെ തിരിച്ചുവിളിക്കുകയായിരുന്നു. ഈ സീസണിൽ 17 മത്സരങ്ങൾ കളിച്ച പരാഗ് ഒരു അർധ ശതകവുമായി 183 റൺസാണ് നേടിയത്. 2023 സീസണിൽ ഏഴ് മത്സരങ്ങളിൽ ഇറങ്ങിയ താരത്തിന് ആകെ നേടാനായത് 78 റൺസ് മാത്രം. 13 ആയിരുന്നു ശരാശരി. 20 റൺസായിരുന്നു ഉയർന്ന സ്കോർ.
ഐ.പി.എല്ലിൽ 56 മത്സരങ്ങളിലെ 46 ഇന്നിങ്സുകളിൽ ബാറ്റിങ്ങിനിറങ്ങിയ റിയാൻ പരാഗ് ഇതുവരെ 727 റൺസാണ് നേടിയത്. 19.13 ആണ് ശരാശരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.