‘പ്രശംസിക്കുക മാത്രമാണ് ചെയ്തത്’; അധിക്ഷേപ പരാമർശത്തിൽ ബുംറയോട് മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് വനിത താരം
text_fieldsബ്രിസ്ബെയ്ൻ: അധിക്ഷേപ പരാമർശത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയോട് മാപ്പ് പറഞ്ഞ് മുൻ ഇംഗ്ലണ്ട് വനിത താരം ഇസ ഗുഹ.
ഇന്ത്യ-ആസ്ട്രേലിയ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാംദിനത്തിൽ ബുംറയുടെ ബൗളിങ്ങിനെ പ്രശംസിക്കുന്നതിനിടെയാണ് ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന ഇസ വിവാദ പരാമർശം നടത്തിയത്. സമൂഹമാധ്യമങ്ങളിലടക്കം വ്യപക വിമർശനം ഉയരുകയും മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്തുവരികയും ചെയ്തതോടെയാണ് താരം മാപ്പു പറഞ്ഞത്.
രണ്ടാംദിനം അഞ്ചു ഓസീസ് താരങ്ങളെ മടക്കി ഇന്ത്യൻ ബൗളിങ്ങിനെ ഓറ്റക്ക് നയിക്കുകയായിരുന്നു ബുംറ. താരത്തിന് പിന്തുണ നൽകാൻ സഹ ബൗളർമാർക്കൊന്നും കഴിഞ്ഞില്ല. ക്രീസിൽ നിലയുറപ്പിച്ച് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ട്രാവിഡ് ഹെഡ്ഡിനെയും സ്റ്റീവ് സ്മിത്തിനെയും മടക്കിയതും ബുംറയായിരുന്നു. ഒന്നാം ഇന്നിങ്സിൽ മൊത്തം 28 ഓവറിൽ ഒമ്പത് മെയ്ഡനടക്കം 76 റൺസ് വഴങ്ങി ആറു വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്.
ബുംറയുടെ പ്രകടനത്തെ വാഴ്ത്തുന്നതിനിടെ ‘മോസ്റ്റ് വാല്യുബൾ പ്രൈമേറ്റ്’ (പ്രൈമേറ്റ് ആൺകുരങ്ങ് വർഗമാണ്) എന്നാണ് ഇസ താരത്തെ വിശേഷിപ്പിച്ചത്. ഇതാണ് വിവാദത്തിന് കാരണമായത്. കൂടാതെ, ടെസ്റ്റിൽ ഇന്ത്യക്കു വേണ്ടി എല്ലാം ചെയ്യാൻ പോകുന്നത് ബുംറയാണെന്നും അതിനുള്ള ഫിറ്റ്നസ് അദ്ദേഹത്തിനുണ്ടാകുമോയെന്നും താരത്തിന് സഹതാരങ്ങളുടെ പിന്തുണ ആവശ്യമാണെന്നും ഇസ കൂട്ടിച്ചേർക്കുന്നുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഹർഭജൻ സിങ്ങും ആൻഡ്രൂ സൈമൺസും തമ്മിലുള്ള മങ്കി ഗേറ്റ് വിവാദത്തോടാണ് അരാധകർ ഇസയുടെ വാക്കുകളെ വിശേഷിപ്പിച്ചത്.
2008 സിഡ്നി ടെസ്റ്റിനിടെയായിരുന്നു മങ്കി ഗേറ്റ് വിവാദം. മൂന്നാംദിനത്തിന്‍റെ തുടക്കത്തിൽ ഫോക്സ് ക്രിക്കറ്റ് ചാനലിലൂടെയാണ് ഇസ ഗുഹ മാപ്പ് പറഞ്ഞത്. ‘ഇന്നലെ കമന്‍ററിക്കിടെ ഞാൻ പരാമർശിച്ച ഒരു വാക്ക് പല രീതിയിലും വ്യാഖ്യാനിക്കപ്പെട്ടു. പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു. എല്ലാവരോടും ഏറെ ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും ഇടപെടാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്’ -ഇസ വ്യക്തമാക്കി.
പറഞ്ഞത് പൂർണമായി കേട്ടിരുന്നെങ്കിൽ, ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളെക്കുറിച്ചുള്ള ഏറ്റവും ഉയർന്ന പ്രശംസ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് മനസ്സിലാകും. താൻ വളരെയധികം ആരാധിക്കുന്ന ഒരാളാണ് ബുംറ. സമത്വത്തിന് വേണ്ടി വാദിക്കുന്ന ആളാണെന്നും കൂട്ടിച്ചേർത്തു.
മാപ്പു പറഞ്ഞതിനു പിന്നാലെ ഇസയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്നു രവി ശാസ്ത്രി രംഗത്തെത്തി. ധീര വനിതയെന്നാണ് അവരെ ശാസ്ത്രി വിശേഷിപ്പിച്ചത്. അതേസമയം, ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് വലിയ തകർച്ച നേരിടുകയാണ്. 14.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 48 റൺസ് എന്ന നിലയിലാണ് ടീം. ഓപ്പണർ യശസ്വി ജയ്സ്വാൾ (രണ്ടു പന്തിൽ നാല്), ശുഭ്മൻ ഗിൽ (മൂന്നു പന്തിൽ ഒന്ന്), വിരാട് കോലി (16 പന്തിൽ മൂന്ന്), ഋഷഭ് പന്ത് (12 പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ.
കെ.എൽ. രാഹുൽ (52 പന്തിൽ നാലു ഫോറുകളോടെ 30), ക്യാപ്റ്റൻ രോഹിത് ശർമ (0) എന്നിവരാണ് ക്രീസിൽ. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് രണ്ടും പാറ്റ് കമിൻസ്, ജോഷ് ഹെയ്സൽവുഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ആറു വിക്കറ്റ് കയ്യിലിരിക്കെ ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 397 റൺസ് പിന്നിലാണ് ഇന്ത്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.