കത്തിപ്പടർന്ന് ഇഷാൻ; രാജസ്ഥാന് മുന്നിൽ റൺമല തീർത്ത് സൺറൈസേഴ്സ്, 287 റൺസ് വിജയലക്ഷ്യം
text_fieldsഹൈദരാബാദ്: ഉപ്പലിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ റൺമഴ പെയ്യിച്ച് സൺ റൈസേഴ്സ് ഹൈദരാബാദ്. 47 പന്തിൽ 106 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷന്റെ ഇടിവെട്ട് ഇന്നിങ്സിനൊടുവിൽ രാജസ്ഥാൻ റോയൽസിന് വിജയലക്ഷ്യമായി കിട്ടിയത് 287 റൺസ്.
നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് 286 റൺസെടുത്തത്. ഐ.പി.എൽ ചരിത്രത്തിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. കഴിഞ്ഞ വർഷം ആർ.സി.ബിക്കെതിരെ സൺറൈസേഴ്സ് തന്നെ കുറിച്ച 287 റൺസാണ് ഉയർന്ന ടോട്ടൽ.
സഞ്ജുസാംസൺ ഇംപാക്ട് പ്ലയറായ മത്സരത്തിൽ രാജസ്ഥാൻ ടീമിനെ നയിച്ച റിയാൻ പരാഗ് ടോസ് നേടി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും തകർപ്പൻ തുടക്കമാണ് ഹൈദരാബാദിന് നൽകിയത്.
11 പന്തിൽ 24 റൺസെടുത്ത് അഭിഷേക് മടങ്ങിയെങ്കിലും ഇഷാൻ കിഷനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് കത്തിക്കയറുകയായിരുന്നു. 31 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറുമുൾപ്പെടെ 67 റൺസെടുത്ത ഹെഡ് ദേശ്പാണ്ഡെയുടെ പന്തിൽ പുറത്താവുമ്പോൾ ടീം സ്കോർ 9.3 ഓവറിൽ 130 റൺസിലെത്തിയിരുന്നു. തുടർന്നങ്ങോട്ട് ഇഷാന്റെ വിളയാട്ടമായിരുന്നു. 45 പന്തിൽ സെഞ്ച്വറി തികച്ച ഇഷാൻ ആറ് സിക്സും 11 ഫോറുമാണ് പായിച്ചത്.
15 പന്തിൽ 30 റൺസെടുത്ത് നിതീഷ് കുമാർ റെഡിയും 14 പന്തിൽ 34 റൺസുമായി ഹെൻ റിച്ച് ക്ലാസനും ആഞ്ഞടിച്ചതോടെ സ്കോർ ഒരുഘട്ടത്തിൽ മുന്നൂറിലേക്കെന്ന് തോന്നിച്ചിരുന്നു. ഏഴു റൺസെടുത്ത് അനികെത് വർമയും റൺസൊന്നും എടുക്കാതെ അഭിവ് മനോഹറും അവസാന ഓവറുകളിൽ മടങ്ങി. മൂന്ന് വിക്കറ്റെടുത്ത തുഷാർ ദേശ്പാണ്ഡെയും രണ്ടുവിക്കറ്റെടുത്ത മഹീഷ് തീക്ഷ്ണയുമാണ് റണ്ണൊഴുക്കിന് അൽപമെങ്കിലും തടയിട്ടത്. നാലോവർ എറിഞ്ഞ ജോഫ്ര ആർച്ചർ 76 റൺസാണ് വാങ്ങിക്കൂട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.