'ഇഷാൻ നൈറ്റ്'; ഏഴയകിൽ ഇന്ത്യ, ഇംഗ്ലണ്ടിനെ തകർത്തു
text_fieldsദുബൈ: ട്വൻറി20 ലോകകപ്പിൽ കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ടീം ഇന്ത്യക്ക് സന്നാഹ മത്സരത്തിൽ വിജയത്തോടെ ഉജ്ജ്വല തുടക്കം. കരുത്തരായ ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ഇന്ത്യ മൂന്നുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ഐ.പി.എല്ലിലെ മോശം ഫോമിന്റെ പേരിൽ പഴിേകട്ട ഇഷാൻ കിഷനും (46 പന്തിൽ 70), ഐ.പി.എല്ലിലെ ഫോം തുടർന്ന കെ.എൽ രാഹുലും (24 പന്തിൽ 51) ആണ് ഇന്ത്യൻ വിജയം എളുപ്പമാക്കിയത്. രോഹിത് ശർമയുടെ അഭാവത്തിൽ രാഹുലിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ ആദ്യവിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്തു. രാഹുൽ പുറത്തായ ശേഷമെത്തിയ വിരാട് കോഹ്ലി (11), സൂര്യകുമാർ യാദവ് (8) എന്നിവർ നിരാശപ്പെടുത്തി. 14 പന്തിൽ 29 റൺസുമായി റിഷഭ് പന്താണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 10 പന്തിൽ 12 പന്തുമായി ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസടിച്ചു കൂട്ടിയത്.ഇന്ത്യൻ ബൗളർമാരിൽ മുഹമ്മദ് ഷമി മൂന്നു വിക്കറ്റുമായി തിളങ്ങിയെങ്കിലും 40 റൺസ് വഴങ്ങി. രാഹുൽ ചഹാർ 43 റൺസിനും ജസ്പ്രീത് ബുംറ 26 റൺസിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അശ്വിൻ വിക്കറ്റെടുത്തില്ലെങ്കിലും 23 റൺസേ വഴങ്ങിയുള്ളൂ.എന്നാൽ, ഭുവനേശ്വർ കുമാറിെൻറ പന്തുകളിൽ റണ്ണൊഴുകി. നാല് ഓവറിൽ 54 റൺസാണ് ഭുവി വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.
ജോണി ബെയർസ്റ്റോയും (36 പന്തിൽ 49) മുഈൻ അലിയും (20 പന്തിൽ പുറത്താവാതെ 43) ലിയാം ലിവിങ്സ്റ്റോണും (20 പന്തിൽ 30) ആണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്. ജോസ് ബട്ലർ (18), ഡേവിഡ് മലാൻ (18), ജാസൺ റോയ് (17) എന്നിവരും തരക്കേടില്ലാതെ ബാറ്റുചെയ്തു.10 ഓവറിൽ 80 റൺസ് മാത്രം സ്കോർ ചെയ്തിരുന്ന ഇംഗ്ലണ്ടിന് അടുത്ത പത്തോവറിൽ നൂറിലധികം റൺസടിക്കാനായതാണ് കരുത്തായത്. ബെയർസ്റ്റോ, ലിവിങ്സ്റ്റോൺ, മുഈൻ എന്നിവരുടെ വമ്പനടികളിൽ സ്കോറുയർന്നു. ഭുവിയുടെ അവസാന ഓവറിൽ മുഈൻ 21 റൺസടിച്ചതോടെ സ്കോർ 188ലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.