സഞ്ജു സാംസൺ ദുലീപ് ട്രോഫി കളിക്കും? ടൂർണമെന്‍റിൽനിന്ന് ഇഷാൻ കിഷൻ പിന്മാറി
text_fieldsഅനന്ത്പൂർ: അഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ ദുലീപ് ട്രോഫി ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ 'ഇന്ത്യ ഡി' താരവും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ ടൂർണമെന്റിൽനിന്ന് പിൻമാറി. താരത്തിന്‍റെ പെട്ടെന്നുള്ള പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.
പരിക്കുകാരണമാണ് ഇഷാൻ പിന്മാറുന്നതെന്ന് ഇ.എസ്.പി.എൻ ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. ടൂർണമെന്‍റിലെ ആദ്യ മത്സരങ്ങൾ താരത്തിന് നഷ്ടമാകും. വിഷയത്തിൽ ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രേയസ്സ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ ഡി ടീം വ്യാഴാഴ്ച അനന്ത്പൂരിൽ ഇന്ത്യ സിയുമായി ഏറ്റുമുട്ടാനിരിക്കെയാണ് ഇഷാൻ കിഷന്‍റെ അപ്രതീക്ഷിത പിന്മാറ്റം. ഋതുരാജ് ഗെയ്ക് വാദാണ് സി ടീമിനെ നയിക്കുന്നത്. കിഷനു പകരക്കാരനായി മലയാളി താരം സഞ്ജു സാംസൺ ടൂർണമെന്‍റ് കളിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ടൂർണമെന്‍റ് കളിക്കുന്ന നാലു ടീമിലും സഞ്ജു ഉൾപ്പെട്ടിരുന്നില്ല. സഞ്ജുവിന്റെ ആവശ്യപ്രകാരമാണ് താരത്തെ ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയത്. ജാർഖണ്ഡിനായി ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റിലാണ് ഇഷാൻ ഒടുവിൽ കളിച്ചത്. മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തില്‍ താരം സെഞ്ച്വറി (114 റൺസ്) നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 41 റൺസും നേടി. ബി.സി.സി.ഐ നിർദേശം അവഗണിച്ച്, ആഭ്യന്തര ക്രിക്കറ്റ് കളിക്കാതിരുന്ന ഇഷാനെ വാര്‍ഷിക കരാറിൽനിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യൻ ടീമിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഇഷാനെ ദുലീപ് ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.